ദീപാവലി ആഘോഷമാക്കി ബിഗിലും രായപ്പനും സിംഗപെണ്ണുങ്ങളും
Film Review
ദീപാവലി ആഘോഷമാക്കി ബിഗിലും രായപ്പനും സിംഗപെണ്ണുങ്ങളും
അശ്വിന്‍ രാജ്
Friday, 25th October 2019, 4:54 pm
രായപ്പന്‍ എന്ന കഥാപാത്രത്തിന്റെ കടന്നുവരവോടെ ചിത്രം ട്രാക്ക് മാറ്റുന്നുണ്ട്. കൈവിട്ടുപോകാന്‍ സാധ്യത ഉണ്ടായിരുന്ന കഥാപാത്രത്തെ വൃത്തിയായി ചെയ്യാന്‍ വിജയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

Bigil movie review vijay:  വിജയ് ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന സിനിമയാണ് ബിഗില്‍. സിനിമയുടെ ഓരോ അപ്‌ഡേഷനും സോഷ്യല്‍ മീഡിയയില്‍ നിമിഷനേരം കൊണ്ടായിരുന്നു വൈറലായിരുന്നത്. വിജയ്-അറ്റ്‌ലീ കോമ്പോയില്‍ ഒരുങ്ങിയ മൂന്നാമത്തെ ചിത്രമായ ബിഗില്‍ മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്‌പോര്‍ട്‌സ് പ്രമേയത്തിലാണ് അറ്റ്‌ലീ ഒരുക്കിയിരിക്കുന്നത്.

നൂറ് ശതമാനം ഒരു സ്‌പോര്‍ട്‌സ് മൂവി എന്ന് ബിഗിലിനെ വിശേഷിപ്പിക്കാന്‍ കഴിയില്ല. വിജയ് ആരാധകരെ മുമ്പില്‍ കണ്ടുകൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ബിഗില്‍ മറ്റ് വിജയ് സിനിമകള്‍ പോലെ കോമഡി, ആക്ഷന്‍, സെന്റിമെന്‍സ്, എല്ലാം ചേര്‍ന്നിട്ടുള്ള ഒരു പാക്കേജ് ആയിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വിജയ് ഇരട്ടവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ബിഗില്‍ എന്ന മൈക്കിള്‍, അച്ഛന്‍ രായപ്പന്‍ എന്നിവരുടെ കഥയാണ് പറയുന്നത്. നയന്‍താരയാണ് ചിത്രത്തിലെ നായിക. ജാക്കിഷെറോഫ്, കതിര്‍, യോഗി ബാബു, വിവേക്, ഡാനിയേല്‍ ബാലാജി, റെബേക്ക, വര്‍ഷ, ഇന്ദുജ, ഐ.എം വിജയന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ എത്തുന്നുണ്ട്.

വര്‍ഷങ്ങള്‍ പഴക്കമുള്ള കോളേജ് പൊളിക്കാന്‍ ശ്രമിക്കുന്ന അധികൃതര്‍ക്കെതിരെ സമരം നടത്തുന്ന വിദ്യാര്‍ത്ഥികളുടെ സമരം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നവരില്‍ നിന്ന് നായകന്‍ വിദ്യാര്‍ത്ഥികളെ രക്ഷിക്കുന്നിടത്ത് നിന്നാണ് സിനിമ ആരംഭിക്കുന്നത്.

മൂന്ന് മണിക്കൂര്‍ ഉള്ള സിനിമയുടെ ആദ്യ പകുതിയില്‍ വിജയ് സിനിമകളുടെ ഫോര്‍മുല ഉപയോഗിച്ചുള്ള കോമഡി, റൊമാന്‍സ്, ആക്ഷനുകള്‍ കടന്നുവരുന്നുണ്ട്. ആദ്യ അര മണിക്കൂര്‍ ചിലയിടങ്ങളില്‍ എങ്കിലും ചിത്രം വിരസമാവുന്നുണ്ട്. നയന്‍താര-വിജയ് കോംമ്പോ ആദ്യ പകുതിയില്‍ കൃത്യമായി ഉപയോഗിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടില്ല.

തുടര്‍ന്ന് രായപ്പന്‍ എന്ന കഥാപാത്രത്തിന്റെ കടന്നുവരവോടെ ചിത്രം ട്രാക്ക് മാറ്റുന്നുണ്ട്. കൈവിട്ടുപോകാന്‍ സാധ്യത ഉണ്ടായിരുന്ന കഥാപാത്രത്തെ വൃത്തിയായി ചെയ്യാന്‍ വിജയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഡയലോഗ് ഡെലിവറിയില്‍ അടക്കം അതിശയോക്തി ഇല്ലാതെ മാറ്റം കൊണ്ടുവരാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

ഒരു ഘട്ടത്തില്‍ തമിഴ്‌നാട് വനിത ഫുട്‌ബോള്‍ ടീമിന്റെ കോച്ചായി ബിഗില്‍ എന്ന മൈക്കിളിന് ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുന്നിടത്ത് ചിത്രത്തിന്റെ മൂഡ് മാറുകയും ഒരു സ്‌പോര്‍ട്‌സ് സിനിമയുടെ ട്രാക്കിലേക്ക് സിനിമ കടക്കുകയും ചെയ്യും.

രണ്ടാം പകുതിയില്‍ ആണ് ചിത്രം കുടുതല്‍ ആവേശമാകുന്നത്. ചിത്രത്തില്‍ അഞ്ചോളം ഫുട്‌ബോള്‍ കളികള്‍ വരുന്നുണ്ട്. ട്രെയ്‌ലര്‍ ഇറങ്ങിയപ്പോള്‍ ലഭിച്ച ഏറ്റവും വലിയ വിമര്‍ശനം ചിത്രത്തില്‍ വി.എഫ്.എക്‌സ് വര്‍ക്കുകള്‍ക്കായിരുന്നു. ചിലയിടങ്ങളില്‍ നന്നായി ചിത്രത്തില്‍ വി.എഫ്.എക്‌സ് വര്‍ക്കുകള്‍ കല്ലുകടിയാവുന്നുണ്ട്. അതേസമയം ചിത്രത്തിലെ നിര്‍ണായകമായ 1* 11 ഫുട്‌ബോള്‍ മാച്ച് യഥാര്‍ത്ഥ ഗ്രൗണ്ടില്‍ ചിത്രീകരിച്ചത് കൊണ്ട് തന്നെ മറ്റ് കളികളേക്കാള്‍ നന്നായി റിയാലിറ്റി തോന്നുണ്ട്.

അതേസമയം ചിത്രത്തില്‍ ജി.കെ വിഷ്ണുവിന്റെ ക്യാമറയും റൂബന്റെ എഡിറ്റിംഗും മികച്ചതായിരുന്നു. ചിത്രത്തില്‍ ഗാനരംഗങ്ങളുടെ ചിത്രീകരണവും ഉപയോഗിച്ച കളര്‍ പാറ്റേണും ചിത്രത്തിന് മികച്ച ഫീല്‍ തരുന്നുണ്ട്.

ചിത്രത്തിലെ നിര്‍ണായക കഥാപാത്രങ്ങളായ ഫുട്‌ബോള്‍ താരങ്ങളായി എത്തിയ പെണ്‍കുട്ടികളെല്ലാം തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചു. മലയാളത്തില്‍ നിന്നുള്ള റെബ മോണിക്ക ജോണ്‍ അടക്കമുള്ള താരങ്ങള്‍ക്ക് കൃത്യമായ സ്‌ക്രീന്‍ സ്‌പെയ്‌സ് ഉണ്ടായിരുന്നു. വിജയുടെ മറ്റ് സിനിമകളില്‍ നിന്ന് വ്യത്യസ്തമായി ഒരു കംപ്ലീറ്റ് വണ്‍മാന്‍ ഷോ അല്ല ചിത്രം. ആസിഡ് അറ്റാക് ഇരയായി എത്തുന്ന റെബ മികച്ച പ്രകടനമാണ് ചിത്രത്തില്‍ നടത്തിയത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സംവിധായകന്‍ സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്ന ചിത്രമായിട്ടാണ് ബിഗില്‍ ഒരുക്കിയിരിക്കുന്നത്. സിംഗപെണ്ണെ എന്ന ഗാനത്തിന് പുറമെ കഥാപാത്രങ്ങളുടെ ഫ്‌ളാഷ് ബാക്ക് സ്റ്റോറികളും മറ്റും ചിത്രത്തിന് വേണ്ടി സംവിധായകന്‍ ഒരുക്കിയിട്ടുണ്ട്.

നായികയായ നയന്‍താരക്ക് കാര്യമായി ചിത്രത്തില്‍ ഒന്നും ചെയ്യാനില്ലായിരുന്നുവെന്നതാണ് സത്യം. ജാക്കി ഷെറോഫിന്റെ കഥാപാത്രത്തിനും സിനിമയിലെ നായകന് ഒത്തവില്ലനാവാന്‍ കഴിഞ്ഞിട്ടില്ല.

വിജയുടെ മറ്റ് സിനിമകളിലെ പോലെ തന്നെ ആക്ഷന് ഈ ചിത്രത്തിലും നല്ല പ്രധാന്യം ഉണ്ട്. പക്ഷേ തെറിയിലെയും മെര്‍സലിലെയും ഫൈറ്റുകളെ പോലെ ഒരു വൗ മൊമന്ററ് തോന്നുന്ന ഫൈറ്റ് ഉണ്ടെന്ന് പറയാന്‍ കഴിയില്ല.

എ.ആര്‍ റഹ്മാന്റെ സിംഗപെണ്ണെ, വെറിത്തനം ഗാനങ്ങള്‍ തിയേറ്ററില്‍ ഓളം ഉണ്ടാക്കിയെങ്കിലും ബി.ജി.എം നിരാശപ്പെടുത്തുന്നതായിരുന്നു. ഏറെ പുതുമകളൊന്നും സിനിമയ്ക്ക് അവകാശപ്പെടാനില്ല. പലയിടത്തും ചിത്രത്തിന്റെ കഥ മുന്‍കൂട്ടി കാണാന്‍ കഴിയുന്നതുമാണ്. എങ്കിലും ഒരു ഫെസ്റ്റിവല്‍ കാലത്ത് ആഘോഷപൂര്‍വ്വം കാണാന്‍ കഴിയുന്ന ചിത്രം തന്നെയാണ് ബിഗില്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

DoolNews Video

bigil movie review vijay nayanthara

അശ്വിന്‍ രാജ്
ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.