ഐ.എസിനെതിരെ 'ബോംബുകളുടെ മാതാവിനെ' പ്രയോഗിച്ച് അമേരിക്ക
World
ഐ.എസിനെതിരെ 'ബോംബുകളുടെ മാതാവിനെ' പ്രയോഗിച്ച് അമേരിക്ക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th April 2017, 7:18 am

ന്യൂയോര്‍ക്ക്: അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയിലെ ഇസ്‌ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങളില്‍ വന്‍ ബോംബാക്രമണവുമായി യു.എസ്. “ബോംബുകളുടെ മാതാവ്” എന്നറിയപ്പെടുന്ന ഏറ്റവും വലിയ ആണവേതര ബോംബായ ജിബിയു43 ആണ് ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. അഫ്ഗാനിലെ നന്‍ഗാര്‍ഹര്‍ പ്രവിശ്യയിലാണ് ബോംബിട്ടത്. ഐഎസ് ഭീകരര്‍ ഉപയോഗിക്കുന്ന ടണലുകളും ഗുഹകളും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. അതേസമയം, എത്രത്തോളം നാശനഷ്ടമുണ്ടായിട്ടുണ്ടെന്ന് അറിവായിട്ടില്ല.

ആക്രമണത്തിനായി ഇതാദ്യമായാണ് യുഎസ് ഈ ബോംബുപയോഗിക്കുന്നത്. എം.സി130 വിമാനത്തില്‍നിന്നാണ് ബോംബ് നിക്ഷേപിച്ചതെന്നും പെന്റഗണ്‍ വക്താവ് ആദം സ്റ്റംമ്പ് പറഞ്ഞു. പ്രദേശിക സമയം 7.32നായിരുന്നു വ്യോമാക്രമണം നടത്തിയത്. അഫ്ഗാനിസ്ഥാനില്‍ നിന്ന് ഐഎസിനെ തുടച്ചുനീക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ആക്രമണമെന്നും ആദം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

9797 കിലോ തൂക്കമുള്ള ബോംബാണ് ജിബിയു43. പതിനൊന്നു ടണ്‍ സ്ഫോടകവസ്തുക്കളാണ് ബോംബിലുള്ളത്. ഇറാഖ് യുദ്ധം തുടങ്ങുന്നതിനുമുന്‍പ് 2003 മാര്‍ച്ചിലാണ് ഇതുപരീക്ഷിക്കുന്നത്.