ഇന്ത്യയിലെ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ അനീതി തൊഴിലില്ലായ്മ: രാഹുൽ ഗാന്ധി
national news
ഇന്ത്യയിലെ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ അനീതി തൊഴിലില്ലായ്മ: രാഹുൽ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th January 2024, 8:46 pm

ദിസ്പൂർ: ഇന്ത്യയിൽ ഏത് പ്രദേശത്ത് പോയാലും എത്ര തൊഴിൽരഹിതർ ഉണ്ടെന്ന് ചോദിച്ചാൽ ആയിരക്കണക്കിന് ആളുകൾ കൈപൊക്കുമെന്ന് രാഹുൽ ഗാന്ധി.

വളരെ ഗുരുതരമായ ഈ വിഷയം പ്രധാനമന്ത്രി പ്രൊപഗണ്ടയുടെ മൂടുപടം കൊണ്ട് മറച്ചുപിടിക്കുകയാണെന്നും അസമിൽ ഭാരത് ജോഡോ ന്യായ് യാത്രയിൽ രാഹുൽ ഗാന്ധി പറഞ്ഞു.

‘ഇന്ത്യയിലെ ഏത് കോണിൽ പോയി ചോദിച്ചാലും നിങ്ങൾക്ക് തൊഴിലില്ലായ്മ കാണാം. രണ്ടോ മൂന്നോ ആളുകൾക്ക് വേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ എയർപോർട്ടുകളും തുറമുഖങ്ങളും കൃഷിയും അടിസ്ഥാന സൗകര്യങ്ങളുമെല്ലാം ഇന്ന് അദാനിയുടെ കൈയിലാണ്.

ഇവിടെ അസമിലെ മുഖ്യമന്ത്രിയും എല്ലാം തന്റെ കൈയിലാക്കിയിരിക്കുന്നു,’ രാഹുൽ ഗാന്ധി പറഞ്ഞു.

തങ്ങൾ അധികാരത്തിൽ വന്നാൽ ആദ്യം തന്നെ ഒഴിഞ്ഞു കിടക്കുന്ന സർക്കാർ തസ്തികകളിൽ നിയമനം നടത്തുമെന്നും ചെറുകിട വ്യവസായങ്ങളെ ശക്തിപ്പെടുത്തുന്ന നയങ്ങളിലൂടെ രാജ്യത്ത് തൊഴിലുകൾ സൃഷ്ടിക്കുന്നതിന് മുൻതൂക്കം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ പ്രത്യശാസ്ത്രങ്ങൾ തമ്മിലുള്ള യുദ്ധം നടക്കുകയാണെന്നും ആർ.എസ്.എസും ബി.ജെ.പിയും എല്ലാ വ്യത്യസ്തമായ സംസ്കാരങ്ങളെയും ആക്രമിക്കുകയാണെന്നും കഴിഞ്ഞ ദിവസം നാഗാലാൻഡിൽ വെച്ച് അദ്ദേഹം പറഞ്ഞിരുന്നു.

Content highlight: Biggest injustice faced by Indian Youth today is Unemployment: Rahul Gandhi