| Saturday, 4th May 2019, 9:28 pm

ഫോനി: 24 മണിക്കൂറ് കൊണ്ട് 24 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു; ചരിത്രത്തിലാദ്യമെന്ന് ഒഡീഷ മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭൂവനേശ്വര്‍: ഫോനി ചുഴലിക്കൊടുങ്കാറ്റ് വീശിയടിക്കുന്നതിന് മുമ്പ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകള്‍ അനുസരിച്ച് സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളില്‍ 1.2 മില്ല്യണ്‍ 12 ലക്ഷം) ആളുകളെ മാറ്റിപ്പാര്‍പ്പിച്ചെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന് പട്‌നായിക്ക്. ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യ ഒഴിപ്പിക്കലാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ 4.5 കോടി ജനങ്ങളെയും പട്‌നായിക്ക് അഭിനന്ദിച്ചു. അപൂര്‍വ്വമായുണ്ടായ വേനല്‍ക്കാല കൊടുങ്കാറ്റായ ഫോനി 43 വര്‍ഷത്തിനിടെ ആദ്യമായാണ് സംസ്ഥാനത്തെ ബാധിച്ചതെന്ന് പട്‌നായിക്ക് പറഞ്ഞു. അപൂര്‍വ്വമായതിനാല്‍ കൊടുങ്കാറ്റിന്റെ പോക്ക് പ്രവചിക്കുന്നത് ബുദ്ധിമുട്ടായിരുന്നു. പക്ഷെ എല്ലാ സാധ്യതകളും മുന്നില്‍ക്കണ്ട് ഞങ്ങള്‍ ഒരുങ്ങി നിന്നുവെന്നും അദ്ദേഹം പറഞ്ഞു.

മണിക്കൂറില്‍ 200 കിലോമീറ്ററിലധികം വേഗതയില്‍ പുരിയിലാണ് ആദ്യം കൊടുങ്കാറ്റ് വീശിയത്. കനത്ത നഷ്ടമാണ് ഒഡീഷയില്‍ കൊടുങ്കാറ്റ് വിതച്ചത്. 12 പേര്‍ മരണപ്പെട്ടുവെന്നാണ് കണക്കുകള്‍.

ഫോനി ചുഴലിക്കൊടുങ്കാറ്റിനെ പ്രതിരോധിക്കുന്നതിനായി ഒഡീഷ വന്‍ സന്നാഹമാണ് ഒരുക്കിയതെന്ന് വിദേശമാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ട്രെയിന്‍, വിമാന ഗതാഗതങ്ങളെല്ലാം നിര്‍ത്തി വെച്ചിരുന്നു. ദുരന്തസമയത്ത് 26 ലക്ഷം ടെക്സ്റ്റ് സന്ദേശങ്ങളാണ് സംസ്ഥാനം സുരക്ഷയ്ക്കായി പരസ്പരം കൈമാറിയതെന്നും 43,000 വളണ്ടിയര്‍മാരും 1,000 അടിയന്തര രക്ഷപ്രവര്‍ത്തകരും ഫോനിയെ നേരിടാന്‍ അണി നിരന്നതായും ന്യൂയോര്‍ക്ക് ടൈംസിന് വേണ്ടി ഹരികുമാര്‍, ജെഫ്രി ജെന്റില്‍മാന്‍, സമീര്‍ യാസിര്‍ എന്നിവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊടുങ്കാറ്റിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ഐ.ഐ.ടി കാണ്‍പൂരിന്റെ സഹായത്തോടെ പ്രത്യേകം ഷെല്‍ട്ടറുകള്‍ തയ്യാറാക്കിയിരുന്നതായും റിപ്പോര്‍ട്ട് പറയുന്നു.

We use cookies to give you the best possible experience. Learn more