2022ല്‍ മൂക്കുകുത്തിയ വമ്പന്മാര്‍ | D Movies
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമ വലിയ മാറ്റത്തിലൂടെ കടന്നുപോയ വര്‍ഷമാണ് 2022. കൊവിഡിന് ശേഷം പതുക്കെ ഉണര്‍ന്ന് തുടങ്ങിയ തിയേറ്ററുകളില്‍ തെന്നിന്ത്യന്‍ സിനിമകള്‍ വെന്നിക്കൊടി പാറിക്കുന്നതിനും ബോളിവുഡ് സിനിമകള്‍ ചക്രശ്വാസം വലിക്കുന്നതിനും പ്രേക്ഷകര്‍ സാക്ഷികളായി. ഈ വര്‍ഷം വലിയ പ്രതീക്ഷയിലെത്തി പ്രേക്ഷകരെ നിരാശരാക്കിയ വമ്പന്‍ ഇന്ത്യന്‍ സിനിമകള്‍ ഒന്ന് പരിശോധിക്കാം.

ബോളിവുഡില്‍ നിന്നും ഇന്ത്യയാകെ ശ്രദ്ധ നേടിയ ഒരു പരാജയം സംഭവിച്ചത് മെയിലാണ്. മെയ് 20തിനാണ് കങ്കണ റണാവത്തിന്റെ ധാക്കഡ് റിലീസ് ചെയ്തത്. മനുഷ്യ കടത്ത് നടത്തുന്ന ഇന്റര്‍നാഷ്ണല്‍ റാക്കറ്റിനെ പിടിക്കാന്‍ നോക്കുന്ന ഏജന്റ് അഗ്നി ആയാണ് കങ്കണ ചിത്രത്തിലെത്തിയത്. 85 കോടി ബജറ്റില്‍ നിര്‍മിച്ച് രണ്ടര കോടി മാത്രം കളക്ട് ചെയ്ത് ഇന്ത്യന്‍ ബോക്‌സ് ഓഫീസിലെ ഏറ്റവും വലിയ ഫ്‌ളോപ്പുകളിലൊന്നായി ധാക്കഡ് മാറി.

അടുത്ത ഊഴം അക്ഷയ് കുമാറിനായിരുന്നു. ഈ വര്‍ഷം ജൂണ്‍ മൂന്നിനായിരുന്നു സാമ്രാട്ട് പൃഥ്വിരാജ് റിലീസ് ചെയ്തത്. രജപുത് വംശത്തിലെ രാജാവായിരുന്നു പൃഥ്വിരാജ് ചൗഹാനും മുഹമ്മദ് ഗോറിയും തമ്മിലുള്ള പോരാട്ടം കാണിച്ച ചിത്രം ചരിത്രത്തെ വളച്ചൊടിച്ചതിന്റെ പേരില്‍ അന്ന് തന്നെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. ലോക സുന്ദരി പട്ടം നേടിയ മാനുഷി ഛില്ലറായിരുന്നു ചിത്രത്തില്‍ നായികയായത്. ചന്ദ്രപ്രകാശ് ദ്വിവേദി സംവിധാനം ചെയ്ത ചിത്രം 68 കോടി മാത്രമാണ് കളക്ട് ചെയ്തത്. 175 കോടിയായിരുന്നു ചിത്രത്തിന്റെ ബജറ്റ്.

തുടര്‍ പരാജയങ്ങളില്‍ ഉഴറിയ ബോളിവുഡിന് വലിയ പ്രതീക്ഷ ഉണ്ടായിരുന്നത് ആമിര്‍ ഖാന്റെ ലാല്‍ സിങ് ചദ്ദയിലായിരുന്നു. ഇതിന് മുമ്പ് തന്നെ തന്റെ സിനിമകളുടെ കളക്ഷന്‍ കൊണ്ട് വിദേശ രാജ്യങ്ങളില്‍ പോലും റെക്കോഡുകള്‍ സൃഷ്ടിച്ച അദ്ദേഹത്തിന്റെ ചിത്രം ബോളിവുഡിന് രക്ഷയാകുമെന്ന് തന്നെ പ്രേക്ഷകര്‍ വിശ്വസിച്ചു. എന്നാല്‍ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ചിത്രം വലിയ പരാജയമായിരുന്നു. 186 കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രം ഇന്ത്യയില്‍ നിന്നും വെറും 58 കോടി മാത്രമാണ് കളക്ട് ചെയ്തത്. സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നും വലിയ രീതിയില്‍ ചിത്രത്തിനെതിരെ വിദ്വേഷ പ്രചരണങ്ങളും ബോയ് കോട്ട് ക്യാമ്പെയ്‌നുകളും നടന്നിരുന്നു. ഇന്ത്യയില്‍ പരാജയപ്പെട്ടെങ്കിലും വിദേശ രാജ്യങ്ങളില്‍ ലാല്‍ സിങ് ചദ്ദക്ക് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ഒ.ടി.ടി റിലീസിന് ശേഷവും ചിത്രത്തിന് അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു.

തെന്നിന്ത്യയില്‍ പ്രേക്ഷകരെ നിരാശപ്പെടുത്തിയ ചിത്രങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് വിജയ്‌യുടെ ബീസ്റ്റാണ്. ചിത്രത്തെ ഒരു ബോക്‌സ് ഓഫീസ് പരാജയം എന്ന് പറയാനാവില്ലെങ്കിലും പ്രേക്ഷകപ്രതീക്ഷകളെ തൃപ്തിപ്പെടുത്താത്തതിനാലാണ് ഇതും ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. 150 കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും 250 കോടിയോളം നേടിയിരുന്നു. വമ്പന്‍ ഹിറ്റായ മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ റിലീസിന് ശേഷം രണ്ട് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് തിയേറ്ററുകളിലേക്കുള്ള വിജയ്‌യുടെ തിരിച്ച് വരവ് കൂടിയായിരുന്നു ബീസ്റ്റ്. കൊലമാവ് കോകില, ഡോക്ടര്‍ എന്നിങ്ങനെ സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങളും ഹിറ്റാക്കിയ നെല്‍സണ്‍ എന്ന സംവിധായകനിലും പ്രതീക്ഷകളേറെയായിരുന്നു. എന്നാല്‍ റിലീസ് ദിനത്തില്‍ തന്നെ വ്യാപകവിമര്‍ശനമുയര്‍ന്ന ചിത്രത്തിന് ക്ലൈമാക്‌സിലെ ജെറ്റ് പറത്തുന്ന രംഗങ്ങള്‍ക്കുള്‍പ്പെടെ വലിയ പരിഹാസങ്ങളും കേള്‍ക്കേണ്ടി വന്നു.

പ്രേക്ഷകരെ നിരാശപ്പെടുത്തി എന്നതിന് പുറമേ ബോക്‌സ് ഓഫീസിവും വലിയ ദുരന്തമായി മാറിയ ചിത്രമാണ് പ്രഭാസിന്റെ രാധേ ശ്യാം. ലോകപ്രശസ്ത കൈനോട്ടക്കാരനായി പ്രഭാസ് എത്തിയ ചിത്രത്തില്‍ പൂജ ഹെഗ്‌ഡേ ആണ് നായികയായത്. 350 കോടിയോളം മുതല്‍ മുടക്കിയ ചിത്രം 150 കോടിക്കും 200 കോടിക്കുമിടയിലാണ് കളക്ട് ചെയ്തത്.

വിജയ് ദേവരകൊണ്ടയുടെ ലൈഗറും 2022ലെ ബോക്‌സ് ഓഫീസ് ദുരന്തങ്ങളില്‍ മുന്‍ നിരയില്‍ സ്ഥാനം പിടിക്കുന്ന ചിത്രമാണ്. സിംഹമാണെന്നും കടുവയാണെന്നും സ്വയം വിശ്വസിക്കുന്ന മാതാപിതാക്കള്‍ക്ക് ജനിച്ച ലൈഗര്‍ എന്ന മാര്‍ഷ്യല്‍ ആര്‍ട്ട്സ് ചാമ്പ്യന്റെ കഥയാണ് ചിത്രം പറഞ്ഞത്. ബോളിവുഡ് താരം അനന്യ പാണ്ഡേയാണ് ചിത്രത്തില്‍ നായികയായത്. ലോകപ്രശ്‌സ്ത ബോക്‌സര്‍ മൈക്ക് ടൈസണും ചിത്രത്തില്‍ പരിഹാസപാത്രമായി. 100 കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രം 58 കോടിയാണ് ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്.

ബോക്‌സ് ഓഫീസ് ദുരന്തങ്ങളുടെ പട്ടികയില്‍ രണ്ട് ചിത്രം പൊട്ടിച്ച ചിരഞ്ജീവിയും ഇടംപിടിച്ചിട്ടുണ്ട്. ആചാര്യയാണ് ഇതില്‍ ആദ്യത്തെ ചിത്രം. ആര്‍.ആര്‍.ആര്‍ എന്ന വമ്പന്‍ ഹിറ്റിന് ശേഷം രാം ചരണിന് ആചാര്യ എന്ന വമ്പന്‍ ഫ്‌ളോപ്പ് നല്‍കാന്‍ ചിരിഞ്ജീവിക്കായി. പൂജ ഹെഗ്‌ഡേ ആണ് ചിത്രത്തില്‍ നായിക ആയത്. 100 കോടിയിലധികം മുതല്‍ മുടക്കിയ ചിത്രത്തിന് 100 കോടി പോലും തികച്ച് കളക്ട് ചെയ്യാനായില്ല.

ലൂസിഫറിന്റെ റീമേക്കായ ഗോഡ്ഫാദറാണ് അടുത്ത ചിത്രം. സല്‍മാന്‍ ഖാന്റെ അതിഥിവേഷമുള്‍പ്പെടെ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ചിത്രത്തെ തെലുങ്ക് പ്രേക്ഷകര്‍ തന്നെ കയ്യൊഴിയുന്ന കാഴ്ചയാണ് കണ്ടത്. 100 കോടി ബജറ്റുള്ള ചിത്രത്തിന് 57 കോടിയാണ് നേടാനായത്.

Content Highlight: biggest flops of indian cinema in 2022 video