| Tuesday, 18th February 2020, 3:28 pm

ജീന്‍സ് ഇട്ടാല്‍ ജീനിനെ ബാധിക്കുമെന്നൊക്കെ ആര് പറഞ്ഞാലും അത് മന്ദബുദ്ധിത്തരമാണ് ; രജിത് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സാബുമോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: സോഷ്യല്‍ മീഡിയയിലെ ഏറ്റവും വലിയ ചര്‍ച്ചകളില്‍ ഒന്നാണ് ബിഗ് ബോസ്. പുതിയ സീസണില്‍ മത്സരിക്കുന്നവരില്‍ വിവാദ നായകനായ ഡോ.രജിത് കുമാറിന്റെ പേരില്‍ നിരവധി ഫാന്‍സ് ഗ്രൂപ്പുകളും സോഷ്യല്‍ മീഡിയയില്‍ തുടങ്ങിയിട്ടുണ്ട്.

അശാസ്ത്രീയമായ നിരവധി വാദങ്ങള്‍ മുന്നോട്ട് വെയ്ക്കുകയും വിവാദങ്ങള്‍ ഉണ്ടാക്കുകയും ചെയ്ത രജിത് കുമാറിനെതിരെ വിമര്‍ശനവുമായി കഴിഞ്ഞ സീസണിലെ വിജയിയായ സാബു മോന്‍ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.

ഫേസ്ബുക്ക് വീഡിയോയിലൂടെയായിരുന്നു സാബുവിന്റെ വിമര്‍ശനം. എനിക്ക് ബയോളജിയില്‍ പി.എച്ച്.ഡി ഇല്ല. ജീന്‍സ് ഇട്ടാല്‍ ജീനിനെ ബാധിക്കുമോ തുടങ്ങിയ ചോദ്യങ്ങളൊക്കെ കുറേപ്പേര്‍ എനിക്ക് അയയ്ക്കുന്നുണ്ട്. അങ്ങനെയൊക്കെ ആര് പറഞ്ഞാലും അത് മന്ദബുദ്ധിത്തരമാണെന്നാണ് എന്റെ അഭിപ്രായം. ജീന്‍സിലും ജിനിലും മലയാളത്തില്‍ പറയുമ്പോള്‍ ‘ജി’ മാത്രമേ പൊതുവായുള്ളൂ. അല്ലാതെ ഒരു പരസ്പര ബന്ധവുമില്ല’ എന്നായിരുന്നു സാബുവിന്റെ അഭിപ്രായം.

“സ്റ്റെപ്പിൽ നിന്നും ഒരു പെൺകൊച്ച്‌ ചാടിയാൽ യൂട്രസ് ചാടി വരുമോ. നിങ്ങൾ ഒരു ഡോക്ടർ അല്ലേ. ഒരാളുടെ നടുവ് ഇടിച്ചാൽ അത് താഴേക്ക് വരുന്നതാണോ.ഈ യൂട്രസ് എന്നുപറയുന്നത് എവിടെ ഇരിക്കുന്ന സാധനമാണ്. ഇത് ഇങ്ങനെ ചാടുമ്പോഴേക്കും ഊരി വരുമോ ഒരുപാട് പ്രൊട്ടക്ഷൻ ഉള്ളതൊക്കെയല്ലേ ഇത്.” എന്നും സാബുമോൻ ചോദിച്ചു.

നിങ്ങളുടെ ആരാധനാമൂര്‍ത്തി പറയുന്ന കാര്യങ്ങള്‍ക്കകത്തുള്ള ശാസ്ത്രീയതയെക്കുറിച്ച് വളരെ വ്യക്തമായി ആലോചിച്ചിട്ട് മാത്രമേ വിശ്വസിക്കാവൂ. ഒരു ജനാധിപത്യ രാജ്യത്തില്‍ നിങ്ങള്‍ക്ക് ആരെ വേണമെങ്കിലും ആരാധിക്കാനുള്ള അവകാശമുണ്ട്. വ്യക്തിയെ ആരാധിച്ചോളൂ, പക്ഷേ പറയുന്ന കാര്യങ്ങളെ ശാസ്ത്രീയമായി അപഗ്രഥിച്ചതിന് ശേഷമേ കണക്കിലെടുക്കാവൂ. എഴുന്നേറ്റ് നിന്ന് ചോദിക്കാനുള്ള ധൈര്യം ഉണ്ടാവണം. ആ ധൈര്യത്തില്‍ നിന്നാണ് മലയാളി ഉണ്ടായിവന്നത്. അതാണ് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തെ വേര്‍തിരിച്ച് നിര്‍ത്തുന്നതെന്നും സാബുമോന്‍ പറഞ്ഞു.

അമ്മമാര്‍ പുരുഷന്മാരെപ്പോലെ വസ്ത്രം ധരിച്ചാല്‍ കുട്ടികള്‍ ട്രാന്‍സ്‌ജെന്‍ഡറാകും. ഓട്ടിസം, സെറിബ്രല്‍ പാള്‍സി തുടങ്ങിയ അസുഖം ബാധിച്ച കുട്ടികളുണ്ടാകുന്നത് നിഷേധികളായ അച്ഛനമ്മമാര്‍ക്കാണ് തുടങ്ങി ലൈംഗിക ന്യൂനപക്ഷങ്ങളെ അപമാനിക്കുന്ന, ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കളെ സങ്കടത്തിലാഴ്ത്തുന്ന പ്രസ്താവനകളായിരുന്നു രജിത് കുമാര്‍ നേരത്തെ നടത്തിയിരുന്നത്.

ഈ പ്രസ്താവനകളില്‍ പലതും ബിഗ് ബോസ് ഹൗസിലും രജിത് തുടര്‍ന്നിരുന്നു. ഇതിനെതിരെയാണ് രൂക്ഷ വിമര്‍ശനവുമായി സാബുമോന്‍ രംഗത്ത് എത്തിയത്.

മോഹന്‍ലാല്‍ തന്നെയാണ് രണ്ടാം സീസണിന്റെയും അവതാരകന്‍. കഴിഞ്ഞ സീസണില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ചെന്നൈയിലാണ് സ്റ്റുഡിയോ ഒരുക്കിയിരിക്കുന്നത്.

ചെന്നൈ ഇ.വി.പി ഫിലിം സിറ്റിയിലാണ് ബിഗ് ബോസ് ഹൗസ് നിര്‍മ്മിച്ചിരിക്കുന്നത്. കേരളത്തിന്റെ പാരമ്പര്യ തനിമയിലാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. നിലവില്‍ ഹിന്ദി, തെലുങ്ക് , കന്നട, തമിഴ് എന്നീ ഭാഷകളില്‍ ബിഗ് ബോസ് അവതരിപ്പിക്കുന്നുണ്ട്. യൂ.എസ്സില്‍ ഗംഭീര വിജയമായിരുന്ന ബിഗ് ബ്രദര്‍ എന്ന റിയാലിറ്റി ഷോയുടെ ഇന്ത്യന്‍ പതിപ്പാണ് ബിഗ് ബോസ്.

ആദ്യം ഹിന്ദിയില്‍ ആരംഭിച്ച ഈ റിയാലിറ്റി ഷോ അവസാനം അവതരിപ്പിച്ചത് സല്‍മാന്‍ ഖാന്‍ ആണ്. തെലുങ്കില്‍ ജൂനിയര്‍ എന്‍.ടി.ആറും, തമിഴില്‍ കമല്‍ഹാസനും പരിപാടി അവതരിപ്പിച്ചു.

വിവിധ മേഖലകളിലുള്ള പ്രശസ്തരായ പന്ത്രണ്ടോളം വ്യക്തികളെ ഒരു വീട്ടില്‍ 3 മാസത്തോളം താമസിപ്പിക്കുന്നു. ഈ വീടിനെയാണ് ബിഗ് ബോസിന്റെ വീട് എന്ന് പറയുന്നത്. ഈ വീട്ടില്‍ എല്ലായിടത്തും ക്യാമറകള്‍ ഘടിപ്പിച്ചിട്ടുണ്ടാകും. മത്സരാര്‍ത്ഥികളുടെ ഓരോരോ ചലനങ്ങളും ഇതില്‍ പകര്‍ത്തിയതിനു ശേഷം ഇത് ടി വിയില്‍ പ്രദര്‍ശിപ്പിക്കുന്നു.

ബിഗ് ബോസ് എന്നത് ശബ്ദം മാത്രമുള്ള ഒരു സാങ്കല്പിക കഥാപാത്രമാണ്. ബിഗ് ബോസ് ആവശ്യപ്പെടുന്ന രീതിയിലും, ബിഗ് ബോസിന്റെ നിയമപരിധിക്കുള്ളിലുമാണ് മത്സരാര്‍ത്ഥികള്‍ താമസിക്കേണ്ടത്. മത്സരാര്‍ത്ഥിക്ക് വേണ്ടുന്ന ഭക്ഷണം നിര്‍മ്മിക്കുന്നതിനുള്ള സാധനങ്ങളും മറ്റും ബിഗ് ബോസ് നല്‍കുന്നു. മത്സരാര്‍ത്ഥികള്‍ ഓരോരുത്തരും അവരവര്‍ക്ക് വേണ്ടുന്ന ഭക്ഷണം സ്വയം പാകം ചെയ്ത് കഴിക്കുകയും, വസ്ത്രങ്ങള്‍ സ്വയം കഴുകുകയും വേണം. ബിഗ് ബോസ് ആഴ്ചതോറും വ്യതസ്തങ്ങളായ നിരവധി ജോലികള്‍ മത്സരാര്‍ത്ഥികള്‍ക്ക് നല്‍കുകയും ഈ ജോലികള്‍ വൃത്തിയായും, നിശ്ചിത സമയപരിധിക്കുള്ളിലും മത്സരാര്‍ത്ഥികള്‍ ചെയ്ത് തീര്‍ക്കണം.

ഇതിനു വേണ്ടി മത്സരാര്‍ത്ഥികള്‍ തന്നെ പുറത്താക്കേണ്ട വ്യക്തിയെ നാമനിര്‍ദ്ദേശം ചെയ്യുകയും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവര്‍ക്ക് വേണ്ടി പ്രേക്ഷകര്‍ മൊബൈല്‍ സന്ദേശം വഴി വോട്ട് ചെയ്യുകയും വേണം. കൂടുതല്‍ വോട്ട് ലഭിച്ച മത്സരാര്‍ത്ഥിയെ വീട്ടില്‍ (മത്സരത്തില്‍) നിലനിര്‍ത്തുകയും, കുറഞ്ഞ വോട്ട് ലഭിച്ച മത്സരാര്‍ത്ഥിയെ പുറത്താക്കുകയും ചെയ്യുന്നു. ഇങ്ങനെ അവസാനം വരെ പുറത്താവാതെ നില്‍ക്കുന്ന മത്സരാര്‍ത്ഥിയാണ് വിജയിയാവുന്നത്. വിജയിച്ച വ്യക്തിക്ക് വലിയ തുക സമ്മാനമയി നല്‍കുകയും ചെയ്യുന്നു. ബിഗ് ബോസ് മലയാളത്തിലെത്തുമ്പോള്‍ ആരൊക്കെയായിരിക്കും മത്സരാര്‍ത്ഥികളാവുക എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍.

DoolNews Video

We use cookies to give you the best possible experience. Learn more