കൊച്ചി: ലോകമെമ്പാടും ആരാധകരുള്ള ഗെയിം ഷോയായ ബിഗ് ബോസിന്റെ മലയാളം പതിപ്പ് ഫെബ്രുവരി 14 മുതല്‍ തുടങ്ങും. മോഹന്‍ലാല്‍ തന്നെയാണ് ഷോ ആരംഭിക്കുന്ന കാര്യം പ്രേക്ഷകരെ അറിയിച്ചത്.
നിരവധി പേരുകളാണ് പുതിയ സീസണിലെ മത്സരാര്‍ത്ഥികളുടെതായി പറഞ്ഞു കേള്‍ക്കുന്നത്. ബിഗ് ബോസിന്റെ സീസണുകള്‍ കേരളത്തില്‍ ഏറെ ചര്‍ച്ചയായിരുന്നു. കൊവിഡിനെ തുടര്‍ന്ന് ബിഗ് ബോസ് രണ്ടാം സീസണ്‍ ഇടയ്ക്ക് വെച്ച് നിര്‍ത്തുകയായിരുന്നു.
ആദ്യ സീസണില്‍ സാബുമോന്‍ ആയിരുന്നു ബിഗ് ബോസ് വിന്നര്‍. കഴിഞ്ഞ ദിവസം എഷ്യാനെറ്റില്‍ പുതുതായി ആരംഭിച്ച സ്റ്റാര്‍ സിംഗര്‍ സീസണ്‍ 8 വേദിയില്‍ നടന്‍ ടൊവിനോ തോമസ് ബിഗ് ബോസ് സീസണ്‍ 3 ലോഗോ പുറത്തിറക്കിയിരുന്നു.
നിലവില്‍ ഹിന്ദി, തെലുങ്ക് , കന്നട, തമിഴ് എന്നീ ഭാഷകളിലും ബിഗ് ബോസ് അവതരിപ്പിക്കുന്നുണ്ട്. യൂ.എസ്സില്‍ ഗംഭീര വിജയമായിരുന്ന ബിഗ് ബ്രദര്‍ എന്ന റിയാലിറ്റി ഷോയുടെ ഇന്ത്യന്‍ പതിപ്പാണ് ബിഗ് ബോസ്.
ആദ്യം ഹിന്ദിയില്‍ ആരംഭിച്ച ഈ റിയാലിറ്റി ഷോ അവസാനം അവതരിപ്പിച്ചത് സല്‍മാന്‍ ഖാന്‍ ആണ്. തെലുങ്കില്‍ ജൂനിയര്‍ എന്‍.ടി.ആറും, തമിഴില്‍ കമല്‍ഹാസനും പരിപാടി അവതരിപ്പിച്ചു.
വിവിധ മേഖലകളിലുള്ള പ്രശസ്തരായ പന്ത്രണ്ടോളം വ്യക്തികളെ ഒരു വീട്ടില്‍ 3 മാസത്തോളം താമസിപ്പിക്കുന്നു. ഈ വീടിനെയാണ് ബിഗ് ബോസിന്റെ വീട് എന്ന് പറയുന്നത്. ഈ വീട്ടില്‍ എല്ലായിടത്തും ക്യാമറകള്‍ ഘടിപ്പിച്ചിട്ടുണ്ടാകും. മത്സരാര്‍ത്ഥികളുടെ ഓരോരോ ചലനങ്ങളും ഇതില്‍ പകര്‍ത്തിയതിനു ശേഷം ഇത് ടി വിയില്‍ പ്രദര്‍ശിപ്പിക്കുന്നു.
ബിഗ് ബോസ് എന്നത് ശബ്ദം മാത്രമുള്ള ഒരു സാങ്കല്പിക കഥാപാത്രമാണ്. ബിഗ് ബോസ് ആവശ്യപ്പെടുന്ന രീതിയിലും, ബിഗ് ബോസിന്റെ നിയമപരിധിക്കുള്ളിലുമാണ് മത്സരാര്‍ത്ഥികള്‍ താമസിക്കേണത്. മത്സരാര്‍ത്ഥിക്ക് വേണ്ടുന്ന ഭക്ഷണം നിര്‍മ്മിക്കുന്നതിനുള്ള സാധനങ്ങളും മറ്റും ബിഗ് ബോസ് നല്‍കുന്നു.
മത്സരാര്‍ത്ഥികള്‍ ഓരോരുത്തരും അവരവര്‍ക്ക് വേണ്ടുന്ന ഭക്ഷണം സ്വയം പാകം ചെയ്ത് കഴിക്കുകയും, വസ്ത്രങ്ങള്‍ സ്വയം കഴുകുകയും വേണം. ബിഗ് ബോസ് ആഴ്ചതോറും വ്യത്യസ്തങ്ങളായ നിരവധി ജോലികള്‍ മത്സരാര്‍ത്ഥികള്‍ക്ക് നല്‍കുകയും ഈ ജോലികള്‍ വൃത്തിയായും, നിശ്ചിത സമയപരിധിക്കുള്ളിലും മത്സരാര്‍ത്ഥികള്‍ ചെയ്ത് തീര്‍ക്കണം.
ബിഗ് ബോസിന്റെ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള തക്കതായ ശിക്ഷയും ബിഗ് ബോസ് വിധിക്കുന്നതായിരുക്കും. ഓരോ ആഴ്ചയുടെയും അവസാനം ഒരു മത്സരാര്‍ത്ഥിയെ വോട്ടെടുപ്പിലൂടെ പുറത്താക്കുന്നു.
ഇതിനു വേണ്ടി മത്സരാര്‍ത്ഥികള്‍ തന്നെ പുറത്താക്കേണ്ട വ്യക്തിയെ നാമനിര്‍ദ്ദേശം ചെയ്യുകയും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവര്‍ക്ക് വേണ്ടി പ്രേക്ഷകര്‍ മൊബൈല്‍ സന്ദേശം വഴി വോട്ട് ചെയ്യുകയും വേണം. കൂടുതല്‍ വോട്ട് ലഭിച്ച മത്സരാര്‍ത്ഥിയെ വീട്ടില്‍ (മത്സരത്തില്‍) നിലനിര്‍ത്തുകയും, കുറഞ്ഞ വോട്ട് ലഭിച്ച മത്സരാര്‍ത്ഥിയെ പുറത്താക്കുകയും ചെയ്യുന്നു. ഇങ്ങനെ അവസാനം വരെ പുറത്താവാതെ നില്‍ക്കുന്ന മത്സരാര്‍ത്ഥിയാണ് വിജയിയാവുന്നത്. വിജയിച്ച വ്യക്തിക്ക് വലിയ തുക സമ്മാനമയി നല്‍കുകയും ചെയ്യുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക