|

ജീവനോടെ വെച്ചേക്കില്ല, ബൈക്കില്‍ പോകുമ്പോള്‍ ലോറിയുടെ അടിയില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി: ദില്‍ഷ പ്രസന്നന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ താന്‍ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചും മാനസിക സംഘര്‍ഷങ്ങളെക്കുറിച്ചും പറയുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4 വിജയി ദില്‍ഷ പ്രസന്നന്‍.

ഫോണില്‍ വിളിച്ച് പലരും തന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ജീവനോടെ വെച്ചേക്കില്ലെന്നും വരെ പറഞ്ഞിട്ടുള്ള കോളുകള്‍ വന്നിരുന്നുവെന്നും ദില്‍ഷ പറഞ്ഞു.

തന്റെ അവസ്ഥ കണ്ട് വീട്ടിലുള്ളവരും ഭയങ്കര വിഷമത്തിലായിരുന്നുവെന്നും കുറേ കാലം ഫോണ്‍ പോലും നോക്കാതെ വീട്ടില്‍ ഇരിക്കുകയായിരുന്നുവെന്നും ദില്‍ഷ പറഞ്ഞു. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ദില്‍ഷ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ബിഗ് ബോസില്‍ നൂറ് ദിവസം നിന്നതിനേക്കാള്‍ ഞാന്‍ അനുഭവിച്ചത് അവിടെ നിന്ന് പുറത്തിറങ്ങിയപ്പോഴാണ്. ഒരിക്കലും ഇത്തരത്തില്‍ അനുഭവിക്കേണ്ടി വരുമെന്ന് ഞാന്‍ വിചാരിച്ചിട്ടില്ല. ഇങ്ങനെയൊക്കെ കേള്‍ക്കേണ്ടി വരുമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ പോലും കരുതിയിട്ടില്ല.

അതിന് മാത്രം തെറ്റുകള്‍ ഞാന്‍ ചെയ്തിട്ടുണ്ടെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ല. കര്‍മയില്‍ വിശ്വസിക്കുന്നയാളാണ് ഞാന്‍. എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് അനുഭവിക്കാന്‍ ബാധ്യസ്ഥയാണ്.

ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയതിന് ശേഷം ഞാന്‍ മാത്രമല്ല എന്റെ ഫാമിലിയൊക്കെ കുറേ പഴി കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. പുറത്തിറങ്ങിയപ്പോള്‍ കേള്‍ക്കുന്നതും കാണുന്നതും ഞാന്‍ വിചാരിക്കാത്ത കാര്യങ്ങളാണ്. കുറേ ദിവസം ഞാന്‍ ഫോണ്‍ പോലും കൈ കൊണ്ട് തൊട്ടിട്ടില്ല. ആരോടും മിണ്ടാതെ ഞാന്‍ ഒരു മൂലക്ക് ഇരിക്കലായിരുന്നു.

എന്റെ വീട്ടുകാര്‍ക്ക് എന്നെ കാണുമ്പോള്‍ ഭയങ്കര വിഷമമായിരുന്നു. വീട്ടില്‍ എപ്പോഴും കരച്ചിലും ബഹളവുമായിരുന്നു. ചിലര്‍ വിളിച്ചിട്ട് പറയും ഞാന്‍ ബൈക്ക് ഓടിച്ച് പോകുന്നതല്ലെ, ലോറിയുടെ അടിയില്‍ പോകാതെ നോക്കിക്കോ എന്നൊക്കെയാണ്. നിന്നെ ജീവനോടെ വെച്ചേക്കില്ലെന്നൊക്കെയാണ് അവര്‍ എന്നെ വിളിച്ച് പറയുന്നത്.

എന്റെ നമ്പറൊക്കെ ഇവര്‍ക്ക് എങ്ങനെ കിട്ടിയെന്ന് എനിക്ക് അറിയില്ല. ഇത്തരത്തില്‍ നിരവധി കോളുകള്‍ വരുന്നു. എന്റെ കൂടെ ഫോട്ടോയെടുക്കുന്നവരെയൊക്കെ ഭീഷണിപ്പെടുത്തുന്നു. ഒരു ഭീകരമായ അവസ്ഥയായിരുന്നു,” ദില്‍ഷ പറഞ്ഞു.

content highlight: bigboss winner dilsha prasannan about bigboss