നൂറ് ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ ബിഗ് ബോസ് കിരീടം ചൂടി സാബു മോന്‍. ഫിനാലെയിലെത്തിയ അഞ്ചു പേരില്‍ നിന്നുമാണ് സാബുവിനെ വിജയിയായി പ്രഖ്യാപിച്ചത്. പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഫലപ്രഖ്യാപനം. സാബുവിന് പുറമെ, പേളി, ശ്രീനിഷ്, അരിസ്റ്റോ സുരേഷ്, ഷിയാസ് കരീം എന്നിവരായിരുന്നു ഫിനാലെയിലെത്തിയത്.
ഷോയുടെ തുടക്കത്തില്‍ നെഗറ്റീവ് ഇമേജുണ്ടായിരുന്ന വ്യക്തിയായിരുന്നു സാബു. സാബുവിനെ പരിപാടിയില്‍ പങ്കെടുപ്പിച്ചതിനെതിരെ തന്നെ പ്രതിഷേധങ്ങളുയര്‍ന്നിരുന്നു.
എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു. പതിയെ പതിയെ സാബു കുടുംബാംഗങ്ങളുടേയും പ്രേക്ഷകരുടേയും പ്രശംസ നേടുകയായിരുന്നു.
ബിഗ് ബോസ് കിരീടം നേടിയതോടെ സാബുവിന് അഭിനന്ദന പ്രവാഹമാണ് സോഷ്യല്‍ മീഡിയയില്‍ വന്നുകൊണ്ടിരിക്കുന്നത്.
നാളുകളായി പ്രേക്ഷകര്‍ കാത്തിരുന്ന ബിഗ് ബോസ് ഫിനാലെ ഏഴ് മണിയോടെയാണ് ആരംഭിച്ചത്. വിവിധ മേഖലകളിലുള്ള പ്രശസ്തരായ വ്യക്തികളെ ഒരു വീട്ടില്‍ 100 ദിവസം താമസിപ്പിച്ചായിരുന്നു മത്സരം. 60 ക്യാമറകള്‍ വീട്ടില്‍ ഘടിപ്പിച്ചിരുന്നു. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക് , കന്നട, തമിഴ് എന്നീ ഭാഷകളില്‍ ബിഗ് ബോസ് അവതരിപ്പിക്കുന്നുണ്ട്. യൂ.എസ്സില്‍ ഗംഭീര വിജയമായിരുന്ന ബിഗ് ബ്രദര്‍ എന്ന റിയാലിറ്റി ഷോയുടെ ഇന്ത്യന്‍ പതിപ്പാണ് ബിഗ് ബോസ്.
ആദ്യം ഹിന്ദിയില്‍ ആരംഭിച്ച ഈ റിയാലിറ്റി ഷോ അവസാനം അവതരിപ്പിച്ചത് സല്‍മാന്‍ ഖാന്‍ ആണ്. തെലുങ്കില്‍ ജൂനിയര്‍ എന്‍.ടി.ആറും, തമിഴില്‍ കമല്‍ഹാസനുമാണ് പരിപാടി അവതരിപ്പിക്കുന്നത്.