|

ഗുര്‍ബാസ് അടിയോടടി; അഫ്ഗാനിസ്ഥാന് വമ്പന്‍ ജയം

സ്പോര്‍ട്സ് ഡെസ്‌ക്

യു.എ.ഇക്ക് എതിരായ മൂന്ന് ടി ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാന് 73 റണ്‍സിന്റെ മിന്നും വിജയം. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ യു.എ.ഇ അഫ്ഗാനിസ്ഥാനെ ബാറ്റിങ്ങിന് അയച്ചപ്പോള്‍ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് ആണ് ടീമിന് നേടാന്‍ സാധിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ യു.എ.ഇ നിശ്ചിത ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ് മാത്രമാണ് നേടിയത്.

അഫ്ഗാനിസ്ഥാനെ വിജയത്തിലെത്തിച്ചത് ഓപ്പണര്‍ റഹ്‌മാനുള്ള ഗുര്‍ബാസിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയിലാണ്. 52 പന്തില്‍ ഏഴ് സിക്‌സറുകളും ഏഴ് ബൗണ്ടറുകളും നേടിയാണ് ഗുര്‍ബാസ് 100 റണ്‍സ് തികച്ചത്. 192.31 എന്ന സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരത്തിന്റെ മിന്നും പ്രകടനം. കൂടാതെ അഫ്ഗാന്‍ ക്യാപ്റ്റന്‍ ഇബ്രാഹിം സദ്രാന്‍ 43 പന്തില്‍ നിന്നും രണ്ട് സിക്‌സറുകളും നാല് ബൗണ്ടറിയും അടക്കം 59 റണ്‍സ് നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തി.

അസ്മത്തുള്ള ഒമര്‍സി എട്ടു പന്തില്‍ നിന്ന് 19 റണ്‍സ് നേടി മികച്ച സംഭാവനയാണ് ടീമിന് അവസാനഘട്ടത്തില്‍ നല്‍കിയത്. 237.50 എന്ന സ്‌ട്രൈക്ക് റേറ്റില്‍ ഒരു സിക്‌സറും രണ്ട് ബൗണ്ടറിയുമാണ് താരം നേടിയത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ യു.എ.ഇക്ക് തുടക്കം തന്നെ പിഴക്കുകയായിരുന്നു. ക്യാപ്റ്റനും ഓപ്പണറുമായ മുഹമ്മദ് വസീം നാല് റണ്‍സിന് മടങ്ങിയപ്പോള്‍ ഖാലിദ് ഷാ പൂജ്യം റണ്‍സിനും കൂടാരത്തില്‍ എത്തി. ടീമിനുവേണ്ടി താളം കണ്ടെത്താന്‍ ആയത് വൃത്യ അരവിന്ദിനാണ്. 64 പന്തില്‍ നിന്ന് ഒരു സിക്‌സറും 7 ബൗണ്ടറിയും അടക്കം 70 റണ്‍സ് ആണ് പുറത്താകാതെ താരം നേടിയത്. തുടര്‍ന്ന് ബാസില്‍ ഹമീദ് 18 റണ്‍സ് താനിഷ് സൂരി 20 റണ്‍സും നേടിയിട്ടും അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ സ്‌കോറിന് അടുത്തെത്താന്‍ ടീമിന് കഴിഞ്ഞില്ല.

പരമ്പരയിലെ രണ്ടാം മത്സരം ഡിസംബര്‍ 31ന് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വച്ച് നടക്കും.

Content Highlight: Big win for Afghanistan