ഇതിഹാസം അർജന്റീനയിലേക്ക് മടങ്ങിയെത്തുന്നു; വമ്പൻ അപ്‌ഡേറ്റിൽ കോരിത്തരിച്ച് ഫുട്ബോൾ ലോകം
Football
ഇതിഹാസം അർജന്റീനയിലേക്ക് മടങ്ങിയെത്തുന്നു; വമ്പൻ അപ്‌ഡേറ്റിൽ കോരിത്തരിച്ച് ഫുട്ബോൾ ലോകം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 25th September 2024, 10:14 am

അടുത്തിടെ അവസാനിച്ച കോപ്പ അമേരിക്കയുടെ ഫൈനലിൽ പരിക്ക് പറ്റിയതിന് പിന്നാലെ സൂപ്പര്‍താരം ലയണല്‍ മെസിക്ക് സെപ്റ്റംബറില്‍ നടന്ന അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിച്ചിട്ടില്ല. ഇപ്പോഴിതാ മെസി എന്നാണ് അര്‍ജന്റീന ടീമിനൊപ്പം കളിക്കുക എന്നതിനെക്കുറിച്ച് ഒരു നിര്‍ണായകമായ അപ്‌ഡേറ്റ് പുറത്ത് വന്നിരിക്കുകയാണ്. ടി.വൈ.സി സ്‌പോര്‍ട്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം ഒക്ടോബറില്‍ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള അര്‍ജന്റീന ടീമില്‍ മെസിയെ ഉള്‍പ്പെടുത്താന്‍ അര്‍ജന്റീന ഒരുങ്ങുന്നുവെന്നാണ് പറയുന്നത്.

ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഒക്ടോബര്‍ 10ന് വെനസ്വലക്കെതിരെയും ഒക്ടോബര്‍ 15ന് ബൊളീവിയക്കെതിരെയുമാണ് അര്‍ജന്റീന കളിക്കുക. ഈ മത്സരങ്ങളില്‍ മെസി അര്‍ജന്റീന ടീമിന്റെ ഭാഗമാകുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

കോപ്പ അമേരിക്ക ഫൈനലില്‍ കൊളംബിയക്കെതിരെയുള്ള മത്സരത്തിലായിരുന്നു മെസിക്ക് പരിക്കു പറ്റിയിരുന്നത്. മത്സരത്തിന്റെ ആദ്യപകുതിയില്‍ പരിക്കേറ്റ മെസി പരിക്കിനെ വകവയ്ക്കാതെ വീണ്ടും കളിക്കുകയായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ പരിക്ക് കൂടുതല്‍ വഷളായതോടെ മെസി മത്സരം പൂര്‍ത്തിയാക്കാനാവാതെ കളം വിടുകയായിരുന്നു.

പരിക്കില്‍ നിന്നും തിരിച്ചെത്തിയ മെസി ഇന്റര്‍ മയാമിക്കായി മിന്നും പ്രകടനമായിരുന്നു നടത്തിയിരുന്നത്. ഫിലാഡല്‍ഫിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഇന്റര്‍ മയാമി പരാജയപ്പെടുത്തിയ മത്സരത്തില്‍ രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടിയാണ് അര്‍ജന്റൈന്‍ സൂപ്പര്‍താരം തിളങ്ങിയത്.

ഈ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ ഒരു റെക്കോഡ് നേട്ടവും മയാമി നായകന്‍ സ്വന്തമാക്കി. എം.എല്‍.എസില്‍ ഏറ്റവും വേഗത്തില്‍ 15 വീതം ഗോളുകളും അസിസ്റ്റുകളും നേടുന്ന താരമായി മാറാനാണ് മെസിക്ക് സാധിച്ചത്. 19 മത്സരങ്ങളില്‍ നിന്നുമാണ് മെസി ഈ നേട്ടം സ്വന്തം പേരിലാക്കി മാറ്റിയത്.

അതേസമയം ലോകകപ്പ് യോഗ്യത മത്സരത്തില്‍ ചിലിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അർജന്റീനയുടെ പരാജയപ്പെടുത്തിയിരുന്നു. അര്‍ജന്റീനക്കായി അലക്‌സിസ് മക്ക് അലിസ്റ്റര്‍, ജൂലിയന്‍ അല്‍വാരസ്, പൗലോ ഡിബാല എന്നിവരായിരുന്നു ഗോളുകള്‍ നേടിയത്.

എന്നാല്‍ കൊളംബിയക്കെതിരെയുള്ള രണ്ടാം മത്സരത്തില്‍ അര്‍ജന്റീന പരാജയപ്പെടുകയായിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കൊളംബിയ അര്‍ജന്റീനയെ പരാജയപ്പെടുത്തിയത്.

നിലവില്‍ ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ പട്ടികയില്‍ എട്ട് മത്സരങ്ങളില്‍ നിന്നും ആറ് വിജയവും രണ്ട് തോല്‍വിയും അടക്കം 18 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് അര്‍ജന്റീന.

 

Content Highlight: Big Update on Lionel Messi When play Argentina