2025 ഐ.പി.എല്‍ സീസണിന് മുന്നോടിയായുള്ള മെഗാ ലേലത്തെ കുറിച്ചുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ ഇപ്പോള്‍ സജീവമാണ്. ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് ഓരോ അപ്‌ഡേറ്റുകളും അറിയുന്നത്. അത്തരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പുതിയ അപ്‌ഡേഷനുകള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.
2025 ഐ.പി.എല്ലിന് രാജസ്ഥാന്റെ കരുത്തനായ പോരാളിയും ക്യാപ്റ്റനുമായ സഞ്ജു സാംസണ്‍ ടീമില്‍ ഉണ്ടാവാന്‍ സാധ്യതയില്ലെന്ന് വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. രാജസ്ഥാന്‍ റോയല്‍സിന്റെ ഒഫീഷ്യല്‍ പേജില്‍ ‘മേജര്‍ മിസിങ്’ എന്ന ടാഗ് ലൈനില്‍ സഞ്ജു സാംസണ്‍ ടീമുമായുള്ള ഓര്‍മകള്‍ ഉള്‍പ്പെടുന്ന ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഇതോടെ സഞ്ജു ടീം വിടുമോ എന്ന ആശങ്കയിലായിരുന്നു ആരാധകര്‍.
എന്നാല്‍ രാഹുല്‍ ദ്രാവിഡ് മുഖ്യ പരിശീലകനായി വന്നതോടെ പല മാറ്റങ്ങളും ടീമില്‍ സംഭവിച്ചിരിക്കുകയാണ്. ഇതോടെ രാജസ്ഥാന്‍ റോയല്‍സിന്റെ ഒരു സോഴ്‌സ് പറയുന്നത് അനുസരിച്ച് 2025 ഐ.പി.എല്ലില്‍ സഞ്ജു രാജസ്ഥാന്‍ നായകനായി തുടരുമെന്നാണ് അറിയാന്‍ സാധിക്കുന്നത്.
2012ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ട്രെയല്‍സില്‍ സഞ്ജുവിനെ തെരഞ്ഞെടുത്തെങ്കിലും ഒരു മത്സരം പോലും താരത്തിന് കളിക്കാന്‍ സാധിച്ചില്ലായിരുന്നു. പിന്നീട് 2013ല്‍ രാജസ്ഥാന്റെ പരിശീലകനായി രാഹുല്‍ ദ്രാവിഡ് വന്നതിന് ശേഷമുള്ള ട്രെയല്‍സിലായിരുന്നു സഞ്ജു രാജസ്ഥാന്‍ ടീമില്‍ എത്തുന്നത്. സഞ്ജുവും ദ്രാവിഡും തമ്മിലുള്ള ബന്ധം മികച്ചതാണ്.
2021ല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത സഞ്ജു 2022ല്‍ ടീമിനെ ഫൈനലിലെത്തിച്ചിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിനോട് പരാജയപ്പെട്ടതോതെ കയ്യകലത്ത് നിന്നായിരുന്നു രാജസ്ഥാന് കിരീടം നഷ്ടമായത്.
കഴിഞ്ഞ സീസണില്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനക്കാരായി രാജസ്ഥാന്‍ പ്ലേ ഓഫില്‍ പ്രവേശിച്ചിരുന്നു. 14 മത്സരത്തില്‍ നിന്നും എട്ട് ജയവും ഒരു തോല്‍വിയുമായി 17 പോയിന്റോടെയാണ് രാജസ്ഥാന്‍ പ്ലേ ഓഫില്‍ കടന്നത്. ഐ.പി.എല്ലില്‍ 168 മത്സരത്തില്‍ നിന്നും 4419 റണ്‍സാണ് സഞ്ജു നേടിയത്.
Content Highlight: Big Update For Rajasthan Royals Fans