|

ജനപ്രീതിയുണ്ടെന്ന് കരുതി എന്തും പറയരുത്, മനസിലുള്ള വൃത്തികേടാണ് പുറത്തുവരുന്നത്; അല്ലാഹ്ബാദിയക്കെതിരെ സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് ഷോയിൽ അശ്ലീലം പറഞ്ഞ യൂട്യൂബറും പോഡ്‌കാസ്റ്ററുമായ രൺവീർ അല്ലാഹ്‌ബാദിയയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സുപ്രീം കോടതി. മുംബൈ, ഗുവാഹത്തി, ജയ്പൂർ എന്നിവിടങ്ങളിൽ ഫയൽ ചെയ്ത എഫ്.ഐ.ആറുകൾ ഒന്നിച്ച് ചേർക്കണമെന്ന രൺവീർ അല്ലാഹ്ബാദിയയുടെ ഹരജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് എൻ കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ച് അദ്ദേഹത്തിന്റെ പെരുമാറ്റത്തെ അപലപിച്ചു.

അശ്ലീലതയുടെ മാനദണ്ഡങ്ങൾ എന്തെന്ന് വ്യക്തമാക്കാൻ സുപ്രീം കോടതി അല്ലാഹ്ബാദിയയുടെ അഭിഭാഷകനോട് ആവശ്യപ്പെട്ടു. ‘ഇത് അശ്ലീലമല്ലെങ്കിൽ, എന്താണ്? ഞങ്ങൾ എന്തിനാണ് നിങ്ങൾക്കെതിരായ എഫ്.ഐ.ആർ റദ്ദാക്കുകയോ കൂട്ടിച്ചേർക്കുകയോ ചെയ്യേണ്ടത്?,’ സുപ്രീം കോടതി ചോദിച്ചു.

താങ്കൾ ജനപ്രിയനാണെന്ന് കരുതി എന്തും പറയാമെന്ന് കരുതരുത്. മനസിലുള്ള വൃത്തികേടാണ് പുറത്തുവരുന്നത്. ഇത്തരം സംസാരം ഇഷ്ടപ്പെടുന്ന ആരെങ്കിലും ഭൂമിയിലുണ്ടോ?നിങ്ങളുടെ മനസിലുള്ള വൃത്തികെട്ട ചിന്തകളാണ് നിങ്ങൾ പുറത്ത് കൊണ്ടുവന്നത്,’ സുപ്രീം കോടതി പറഞ്ഞു.

അല്ലാഹ്ബാദിയയെ രൂക്ഷമായി വിമർശിച്ച ശേഷം കോടതി ഇന്ത്യാസ് ഗോട്ട് ലാറ്റന്റിൽ സംപ്രേഷണം ചെയ്ത എപ്പിസോഡിന്റെ അടിസ്ഥാനത്തിൽ ഹരജിക്കാരനെതിരെ കൂടുതൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പാടില്ല എന്ന് ഉത്തരവിട്ടു.

കൂടാതെ ഭീഷണികൾ നേരിടുന്നുണ്ടെങ്കിൽ, സംരക്ഷണത്തിനായി ഹരജിക്കാരന് മഹാരാഷ്ട്രയിലെയും അസമിലെയും പ്രാദേശിക പൊലീസിനെ സമീപിക്കാവുന്നതാണെന്നും കോടതി പറഞ്ഞു.

ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് എന്ന പരിപാടിയിൽ രൺവീർ അല്ലാഹ്ബാദിയ വിവാദപരമായ ഒരു പരാമർശം നടത്തിയതോടെയാണ് വിവാദം ആരംഭിച്ചത്. ഇത് പൊതുജനങ്ങളിൽ നിന്ന് വലിയ പ്രതിഷേധത്തിനും തുടർന്ന് നിയമനടപടികൾക്കും കാരണമായി. മാതാപിതാക്കൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കാണണോ അതോ അവരോടൊപ്പം ചേർന്ന് അത് എന്നെന്നേക്കുമായി നിർത്തണോ എന്ന് അല്ലാഹ്ബാദിയ ഒരു മത്സരാർത്ഥിയോട് ചോദിക്കുകയായിരുന്നു.

Content Highlight: Big relief for Ranveer Allahbadia! SC grants protection from arrest, reprimands him for obscene comments

Video Stories