ബ്രസല്‍സ്: കാലാവസ്ഥ വ്യത്യാനങ്ങളിലേക്കും പ്രകൃതി സംരക്ഷണത്തിലേക്കും സര്‍ക്കാരിന്റെ ശ്രദ്ധ തിരിക്കാന്‍ ബെല്‍ജിയത്തില്‍ വന്‍ റാലി. 70000 പേരാണ് കാലാവസ്ഥാ വ്യതിയാനത്തിനെതിരെ റാലി നടത്തിയത്.
കാലാവസ്ഥാ വ്യതിയാനം തടയാന്‍ രാഷ്ട്രീയക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു റാലി. ബെല്‍ജിയന്‍ തലസ്ഥാനമായ ബ്രസല്‍സിലാണ് റാലി നടന്നത്. യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നിലെത്തിയ റാലിയില്‍ പാര്‍ലമെന്റ് അംഗങ്ങളോട് പരിസ്ഥിതി സംരക്ഷിക്കാന്‍ ഉള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
Also Read: നവ കേരള നിര്‍മ്മാണത്തിന്റെ ബാലന്‍സ് ഷീറ്റ്:
കഴിഞ്ഞ ഡിസംബറിലും സമാന ആവശ്യം ഉന്നയിച്ച് ബ്രസല്‍സില്‍ റാലി നടന്നിരുന്നു. എന്നാല്‍ ഇത്തവണത്തേത് ബെല്‍ജിയത്തിലെ ഏറ്റവും വലിയ റാലിയാണെന്നാണ് വിലയിരുത്തല്‍.2015ല്‍ പാരിസ് ഉടമ്പടിയിലെ ലക്ഷ്യങ്ങള്‍ നടപ്പാക്കണമെന്ന ആവശ്യമുന്നയിച്ചായിരുന്നു റാലി.
രാജ്യത്തെ ട്രെയിനുകള്‍ നിറഞ്ഞ് സഞ്ചരിച്ചതിനാല്‍ പലര്‍ക്കും റാലിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല എന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 35000 വിദ്യാര്‍ത്ഥികള്‍ പഠിപ്പ് മുടക്കി റാലിയില്‍ പങ്കെടുത്തു.
വിദ്യാര്‍ത്ഥികള്‍ ഇതിലൂടെ മികച്ച മാതൃകയാണ് കാണിച്ചത് എന്ന് പ്രതിഷേധത്തല്‍ പങ്കെടുത്തവര്‍ പറഞ്ഞു. എന്നാല്‍ നിലവിലെ സര്‍ക്കാര്‍ ഇവരുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കാന്‍ സാധ്യത കുറവാണെന്നാണ് കരുതുന്നത് എന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.