കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയില്‍ നിന്നും പ്രമുഖ നേതാക്കള്‍ ആം ആദ്മിയിലേക്ക്? ദക്ഷിണേന്ത്യയില്‍ കളമൊരുക്കി ആം ആദ്മി
national news
കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയില്‍ നിന്നും പ്രമുഖ നേതാക്കള്‍ ആം ആദ്മിയിലേക്ക്? ദക്ഷിണേന്ത്യയില്‍ കളമൊരുക്കി ആം ആദ്മി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th March 2022, 8:22 am

ന്യൂദല്‍ഹി: കര്‍ണാടകയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ ആം ആദ്മിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്.

നാലോ ആറോ ആഴ്ചയ്ക്കുള്ളില്‍ കര്‍ണാടകയിലെ നിരവധി പ്രമുഖര്‍ പാര്‍ട്ടിയില്‍ ചേരുമെന്നും അതിനുള്ള പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നുമാണ് ആം ആദ്മി പാര്‍ട്ടി നേതാവ് പൃഥ്വി റെഡ്ഡി പറഞ്ഞത്.

”എ.എ.പിയുടെ ന്യൂദല്‍ഹി മോഡല്‍ തലസ്ഥാന നഗരത്തിന് പുറത്ത് പ്രവര്‍ത്തിക്കുമോ എന്ന കാര്യത്തില്‍ സംശയങ്ങളുണ്ടായിരുന്നു. പഞ്ചാബ് ഫലം വന്നതോടെ ഈ സംശയങ്ങള്‍ ദൂരീകരിക്കപ്പെട്ടിരിക്കുകയാണ്. സമാനമായ മാറ്റം തീര്‍ച്ചയായും കര്‍ണാടകയിലും വരും,” റെഡ്ഡി പറഞ്ഞു.

കേരളം, തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ പാര്‍ട്ടി അംഗത്വ യജ്ഞം ആരംഭിക്കുമെന്ന് നേരത്തെ മുതിര്‍ന്ന എ.എ.പി നേതാവ് സോമനാഥ് ഭാരതി പറഞ്ഞിരുന്നു.

കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, കേരളം, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ എ.എ.പിക്ക് യൂണിറ്റുകളുണ്ട്.

ദക്ഷിണേന്ത്യയിലേക്ക് ചുവടുവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 2018ല്‍ കര്‍ണാടക, തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി മത്സരിച്ചെങ്കിലും അക്കൗണ്ട് തുറക്കാനായില്ല.

പഞ്ചാബില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അധികാരത്തിലിരുന്ന കോണ്‍ഗ്രസിനെ അപ്രസക്തമാക്കിക്കൊണ്ടാണ് 2022 ലെ തെരഞ്ഞെടുപ്പില്‍ ആം ആദ്മി ജയിച്ചത്.

 

Content Highlights: Big names in Karnataka to join soon: AAP