ഷിംല: ഹിമാചല്‍ പ്രദേശില്‍ സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രിപദം ഏറ്റെടുത്തിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് സുഖ്‌വിന്ദര്‍ സിങ് സിഖു. ഉപമുഖ്യമന്ത്രിയായി മുകേഷ് അഗ്നിഹോത്രിയും സത്യപ്രതിജ്ഞ ചെയ്തു.
ഇതിന് പിന്നാലെ ബി.ജെ.പിക്കെതിരെ ശക്തമായ പ്രസ്താവനകളുമായാണ് സുഖ്‌വിന്ദര്‍ സിങ് സുഖു രംഗത്തെത്തിയിരിക്കുന്നത്. ഹിമാചലിലെ പരാജയം ബി.ജെ.പിക്കേറ്റ കനത്ത പ്രഹരമാണെന്നാണ് സുഖുവിന്റെ വാക്കുകള്‍.
ഒരു ഹിന്ദു സംസ്ഥാനത്ത് പോലും ബി.ജെ.പിയുടെ ഹിന്ദുത്വ അജണ്ടക്ക് വിജയിക്കാനായില്ലെന്ന് സുഖു പറഞ്ഞു. ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയിലും ഹിമാചലിലെ വിജയം കോണ്‍ഗ്രസിന് വലിയ ആശ്വാസമായിരുന്നു. 68 അംഗ ഹിമാചല്‍ നിയമസഭയില്‍ 40 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് ഭരണംപിടിച്ചിരുന്നത്.
‘ആരുടെയെങ്കിലും മകനോ മകളോ അല്ലാത്തതിനാല്‍ പദവികള്‍ ഒന്നും അയാള്‍ക്ക് ലഭിക്കില്ല’ എന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരിഹാസത്തിനുള്ള കോണ്‍ഗ്രസിന്റെ മറുപടിയാണ് സുഖ്‌വിന്ദര്‍ സിങ് സുഖുവിനെ മുഖ്യമന്ത്രിയാക്കുന്നതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
അതേസമയം മോദിയുടെ വ്യക്തിപ്രഭാവവും അമിത് ഷായുടെ ചാണക്യതന്ത്രവും കോണ്‍ഗ്രസില്‍ നിന്ന് നേതാക്കളെ ചാക്കിട്ടുപിടിച്ചതുമെല്ലാം ഉപയോഗിച്ച് ഭരണത്തുടര്‍ച്ച നേടാമെന്ന് ആഗ്രഹിച്ചായിരുന്നു ബി.ജെ.പി ഇപ്രാവശ്യം ഹിമാചലില്‍ കളത്തിലിറങ്ങിയിരുന്നത്. എക്സിറ്റ് പോള്‍ ഫലങ്ങളും ബി.ജെ.പിക്ക് വിജയം പ്രവചിച്ചിരുന്നു.
എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും മാറി മാറി പരീക്ഷിക്കുന്ന ഹിമാചല്‍ പ്രദേശ് ഇത്തവണയും പതിവ് തെറ്റിച്ചില്ല. ഹിമാചലിലെ നിയമസഭാ പരാജയം കഴിഞ്ഞ വര്‍ഷം ഏറ്റുവാങ്ങിയ മറ്റൊരു പരാജയത്തിന്റെ കയ്പ്പുള്ള ഓര്‍മ കൂടി ബി.ജെ.പിയില്‍ ഉണര്‍ത്തുന്നുണ്ട്.
2021 നവംബറില്‍ സംസ്ഥാനത്തെ മൂന്ന് നിയമസഭാ സീറ്റുകളിലേക്കും മണ്ഡി ലോക്സഭ സീറ്റിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി ദയനീയമായി പരാജയപ്പെടുകയായിരുന്നു. ഈ നാലിടത്തും കോണ്‍ഗ്രസായിരുന്ന വിജയിച്ചത്. അതിന് പിന്നാലെയാണ് ഇപ്പോള്‍ നിയമസഭയില്‍ 2017ലെ 44 സീറ്റുകളില്‍ നിന്നും25 സീറ്റുകളിലേക്ക് ചുരുങ്ങിയ പ്രകടനവും വന്നിരിക്കുന്നത് എന്നതാണ് ബി.ജെ.പിയുടെ പരാജയത്തിന്റെ ആഘാതം കൂട്ടുന്നത്.
അതേസമയം ബി.ജെ.പിക്കെതിരെ വ്യക്തമായ വിജയം നേടിയിട്ടും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ സംബന്ധിച്ച് ഹിമാചല്‍ കോണ്‍ഗ്രസില്‍ അനിശ്ചിതത്വമുണ്ടായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് ഉടന്‍ തീരുമാനിക്കണമെന്നാവശ്യപ്പെട്ട് 40 എം.എല്‍.എമാര്‍ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു.
സുഖ് വിന്ദര്‍ സിങ് സുഖുവിനൊപ്പം പ്രതിപക്ഷ നേതാവായിരുന്ന മുകേഷ് അഗ്നിഹോത്രി, അന്തരിച്ച മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്രസിങ്ങിന്റെ ഭാര്യ പ്രതിഭാ സിങ് എന്നിവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്നു.
ഒടുവില്‍, ശനിയാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി അംഗങ്ങളുടെ യോഗത്തിലാണ് 58കാരനായസുഖ്‌വിന്ദറിന്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
Content Highlight: Big jolt to BJP as Hindutva agenda didn’t work in Hindu state: Himachal CM