| Friday, 6th December 2024, 8:22 am

എല്ലാവര്‍ക്കും ഒരേയൊരു അച്ഛന്‍ അത് മുന്നകുമാര്‍ തന്നെ; ബീഹാറിലെ വോട്ടര്‍ പട്ടികയില്‍ 'വലിയ തെറ്റ്'

ഡൂള്‍ന്യൂസ് ഡെസ്‌ക്

പറ്റ്‌ന: ബീഹാറിലെ നിയമസഭ കൗണ്‍സില്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയവര്‍ പലരും സ്വന്തം അച്ഛന്റെ പേരിന്റെ സ്ഥാനത്ത് മുന്നകുമാറിനെ കണ്ട് ഞെട്ടിയിരിക്കുകയാണ്. അതും ഒന്നും രണ്ടും പേരല്ല. ഔറൈ ബ്ലോക്കിലെ 138 പേരുടെ അച്ഛന്റെ പേരും മുന്നകുമാര്‍ തന്നെ.

ബീഹാറിലെ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയിലെ ഈ വിചിത്രമായ പിശക് കണ്ട് ചിരിക്കണോ ആശങ്കപ്പെടണോ എന്ന അവസ്ഥയിലായിരുന്നു ഈ 138 പേര്‍. ഔറൈ ബ്ലോക്കില്‍ ആകെ 724 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 138 പേരുടെ അച്ഛന്റെ പേരിന്റെ സ്ഥാനത്താണ് പിശക് സംഭവിച്ചത്.

വ്യാഴാഴ്ച്ചയാണ് നിയമസഭ കൗണ്‍സിലിന്റെ തിര്‍ഹുട്ട് ഗ്രാജ്വേറ്റ് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് നടന്നത്. മുസഫര്‍പൂര്‍, വൈശാലി, സിതാമഡി, ശിവഹര്‍ ജില്ലകളിലായി ഒന്നരലക്ഷം വോട്ടര്‍മാരാണുള്ളത്.

‘അനേകം വോട്ടര്‍മാര്‍ക്ക് ഒരേ പിതാവ് എന്നത് വളരെ വിചിത്രമായ കാര്യമാണ്. ഇത് എങ്ങനെ സംഭവിക്കും? ഈ സംഭവം എന്റെ വോട്ടര്‍മാരെ വോട്ട് ചെയ്യുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുമെന്ന് ഞാന്‍ ഭയക്കുന്നു. അക്ഷരപ്പിശകുകളും വോട്ടര്‍മാരുടെ ബ്ലോക്കുകള്‍ പരസ്പരം മാറിയതും ആളുകളുടെ ബാഗുകള്‍ പരസ്പരം മാറിയത് പോലുള്ള നാടകീയ രംഗങ്ങളാണ് സൃഷ്ടിച്ചത്.

ബന്ധപ്പെട്ട അധികാരികള്‍ ഇത് ശ്രദ്ധിക്കേണ്ടതായിരുന്നു, എന്നാല്‍ ഇപ്പോള്‍ വളരെ വൈകിപ്പോയിരിക്കുന്നു. ഞങ്ങള്‍ എല്ലാവരും ഈ കുഴപ്പത്തില്‍ കുടുങ്ങിക്കിടക്കുകയാണ്,’ ജെ.ഡി.യു സ്ഥാനാര്‍ത്ഥി അഭിഷേക് ഝാ പറഞ്ഞു.

അതേസമയം സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായ വംശിധര്‍ ബ്രിജ്വാസി ഈ വിഷയത്തില്‍ ഡിവിഷണല്‍ കമ്മീഷണറെ സമീപിച്ചെങ്കിലും ഫലം ഒന്നും ഉണ്ടായില്ലെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

പട്ടിക യഥാസമയം അപ്ഡേറ്റ് ചെയ്യാന്‍ കഴിയുന്നില്ലെങ്കിലും, കൃത്യമായ തിരിച്ചറിയല്‍ രേഖകളുള്ളവരെ വോട്ട് ചെയ്യുന്നതില്‍ നിന്ന് പിന്തിരിപ്പിക്കില്ലെന്ന് തിര്‍ഹുട്ട് ഡിവിഷണല്‍ കമ്മീഷണര്‍ ശരവണന്‍ അറിയിച്ചിരുന്നു.

ജെ.ഡി.യു എം.എല്‍.സി ദേവേഷ് ചന്ദ്ര താക്കൂര്‍ സീതാമര്‍ഹിയില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതാണ് ഉപതെരഞ്ഞെടുപ്പിന് കാരണമായത്. ഡിസംബര്‍ ഒമ്പതിനാണ് ഫലപ്രഖ്യാപനം.

Content Highlight: Big fault in voters list of Bihar, father’s name printed as Munna Kumar’s for many people

We use cookies to give you the best possible experience. Learn more