മുംബൈ: ടി-20 ലോകകപ്പോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകസ്ഥാനത്ത് നിന്ന് രവി ശാസ്ത്രി പടിയിറങ്ങും. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനത്തേക്ക് ഇതോടെ മുന്‍ താരവും ദേശീയ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുല്‍ ദ്രാവിഡിന് സാധ്യതയേറി. കരാര്‍ പ്രകാരം ടി-20 ലോകകപ്പോടെ ശാസ്ത്രിയുടെ കാലാവധി അവസാനിക്കും.
വേണമെങ്കില്‍ ശാസ്ത്രിയ്ക്ക് വീണ്ടും കരാര്‍ പുതുക്കാം. എന്നാല്‍ ബി.സി.സി.ഐയുടെ പുതിയ നിയമപ്രകാരം മുഖ്യപരിശീലകന് 60 വയസില്‍ കൂടാന്‍ പാടില്ല. ഇപ്പോള്‍ തന്നെ 59 വയസായ ശാസ്ത്രിയ്ക്ക് കരാര്‍ പുതുക്കിയാലും ഒരു വര്‍ഷം കൂടിയെ സ്ഥാനത്തിരിക്കാന്‍ സാധിക്കൂ.
കഴിഞ്ഞ ദിവസം ദേശീയ ക്രിക്കറ്റ് അക്കാദമി സ്ഥാനത്തേക്ക് ബി.സി.സി.ഐ പുതിയ ആളെ ക്ഷണിച്ച് പരസ്യം പ്രസിദ്ധീകരിച്ചിരുന്നു. ദ്രാവിഡിന് വീണ്ടും അവസരമുണ്ടെങ്കിലും ശാസ്ത്രി മാറുന്നതോടെ പരിശീലകസ്ഥാനത്തേക്ക് ഇന്ത്യന്‍ വന്‍മതില്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ഇന്ത്യന്‍ എ ടീമിന്റേയും അണ്ടര്‍ 19 ടീമിന്റേയും പരിശീലകനായ ദ്രാവിഡ് ദേശീയ ടീമിന്റെ പരിശീലകനാകണമെന്ന് നേരത്തെ തന്നെ നിരവധി പേര്‍ അഭിപ്രായപ്പെട്ടിരുന്നു. 2015 മുതല്‍ ജൂനിയര്‍ താരങ്ങളെ പരിശീലിപ്പിക്കുന്നുണ്ട് ദ്രാവിഡ്. ദ്രാവിഡിന് കീഴില്‍ 2018 ല്‍ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് നേടിയിരുന്നു.
2014 ല്‍ താല്‍ക്കാലിക പരിശീലകനായാണ് ശാസ്ത്രി ടീം ഇന്ത്യയ്‌ക്കൊപ്പം ചേരുന്നത്. 2016 ടി-20 ലോകകപ്പ് വരെ ശാസ്ത്രി സ്ഥാനത്ത് തുടര്‍ന്നു. ഇതിനിടെ അനില്‍ കുംബ്ലെ പരിശീലകനായെങ്കിലും കോഹ്‌ലിയുമായുള്ള അഭിപ്രായഭിന്നതയെത്തുടര്‍ന്ന് രാജിവെച്ചു.
ഇതിന് ശേഷമാണ് ശാസ്ത്രി മുഖ്യപരിശീലകസ്ഥാനം ഏറ്റെടുക്കുന്നത്. ശാസ്ത്രിയ്ക്ക് കീഴില്‍ ഇന്ത്യ 2019 ലോകകപ്പ് സെമി ഫൈനലിലും പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും എത്തി.
റിസര്‍വ് ബെഞ്ചിലും പ്രതിഭാധനരായ ടീം രൂപപ്പെടുത്തുന്നതില്‍ ശാസ്ത്രി മുഖ്യപങ്ക് വഹിച്ചു. റിഷഭ് പന്തിന്റെ താരോദയത്തിലും ശാസ്ത്രി നിര്‍ണായകസ്ഥാനം വഹിച്ചു.