ഇന്ത്യയില്‍ നിന്നും ക്രിക്കറ്റ് ലോകത്തിന് മാതൃകയാക്കാന്‍ പുതിയ ഫ്രാഞ്ചൈസി ലീഗ് കൂടി പിറവിയെടുത്തിരിക്കുകയാണ്. ഇന്ത്യയിലെ അമേച്വര്‍, ലോക്കല്‍ ക്രിക്കറ്റര്‍മാര്‍ക്കും തങ്ങളുടെ കഴിവ് ലോകത്തിന് മുമ്പില്‍ കാണിച്ചുകൊടുക്കാനുള്ള അവസരമാണ് പുതിയ ലീഗ് വാഗ്ദാനം ചെയ്യുന്നത്.
എന്നാല്‍ കേവലം അമേച്വര്‍ താരങ്ങള്‍ മാത്രമല്ല പത്താന്‍ സഹോദരന്‍മാരും സുരേഷ് റെയ്‌നയും ഇമ്രാന്‍ താഹിറും ദില്‍ഷനും അടങ്ങുന്ന ഇതിഹാസ താരനിരയും ഈ ടൂര്‍ണമെന്റിന്റെ ഭാഗമാകുന്നുണ്ട്.
മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും 1983 ലോകകപ്പ് വിന്നിങ് ടീമിലെ അംഗവുമായ ദിലീപ് വെങ്‌സര്‍ക്കാറാണ് ടൂര്‍ണമെന്റിന്റെ കമ്മീഷണര്‍. മുന്‍ സ്റ്റാര്‍ പേസറും 2007 ടി-20 ലോകകപ്പ് ജേതാവുമായ ആര്‍.പി. സിങ്ങാണ് ടൂര്‍ണമെന്റിന്റെ പ്രസിഡന്റ്.
മുംബൈയും രാജസ്ഥാനും അടക്കം ആറ് നഗരങ്ങളെ കേന്ദ്രമാക്കി ആറ് വിവിധ ടീമുകള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടന സീസണന്റെ ഭാഗമാകും.
നോര്‍തേണ്‍ സൂപ്പര്‍ ചാര്‍ജേഴ്‌സ്, യു.പി ബിര്‍ജ് സ്റ്റാര്‍സ്, രാജസ്ഥാന്‍ റീഗല്‍സ്, എം.പി. ടൈഗേഴ്‌സ്, മുംബൈ മറീന്‍സ്, സതേണ്‍ സ്പര്‍ട്ടാന്‍സ് എന്നിവരാണ് ടീമുകള്‍.
ഓരോ ടീമുകള്‍ക്കും പരമാവധി 18 അംഗങ്ങളുടെ സ്‌ക്വാഡിനെ പടുത്തുയര്‍ത്താം. മുന്‍ അന്താരാഷ്ട്ര താരങ്ങള്‍, മുന്‍ ഇന്ത്യന്‍ ഫസ്റ്റ് ക്ലാസ് താരങ്ങള്‍, ലോക്കല്‍ താരങ്ങള്‍ എന്നിവരാണ് ഓരോ സ്‌ക്വാഡിലും ഉണ്ടാവുക. ടീമുകള്‍ എല്ലാം തന്നെ ഇതിനോടകം തങ്ങളുടെ സ്‌ക്വാഡ് പടുത്തുയര്‍ത്തി കഴിഞ്ഞിരിക്കുകയാണ്.
ഈ വര്‍ഷം ഡിസംബര്‍ 12 മുതല്‍ ടൂര്‍ണമെന്റിന്റെ ആദ്യ സീസണ്‍ ആരംഭിക്കും.