ദക്ഷിണ അമേരിക്കൻ അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ മികച്ച ഫോമിലാണ് ബ്രസീൽ അണ്ടർ 20 ടീം മത്സരിക്കുന്നത്. ടൂർണമെന്റിലെ നാല് മത്സരങ്ങളിൽ നിന്നും 10 പോയിന്റുമായി ഫൈനൽ റൗണ്ടിലേക്ക് കടക്കാൻ ബ്രസീലിന് സാധിച്ചിട്ടിട്ടുണ്ട്.
ഇതോടെ ബ്രസീൽ യുവനിരക്കായി മിന്നും ഫോമിൽ കളിക്കുന്ന വിക്ടർ റോക്യൂയെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകൾ. നിലവിൽ 17വയസുള്ള താരം മിന്നും ഫോമിലാണ് ചാമ്പ്യൻഷിപ്പിലും ബ്രസീലിയൻ ആഭ്യന്തര ലീഗിലും മത്സരിക്കുന്നത്. ബ്രസീലിയൻ ക്ലബ്ബായ അത് ലറ്റിക്കോ പരനെൻസ് താരമാണ് വിക്ടർ റോക്യൂ.
ബ്രസീലിയൻ ഗോൾഡൻ ബോയ് എന്ന് മാധ്യമങ്ങൾ വിശേഷിപ്പിക്കുന്ന വിക്ടർ റോക്യൂവിന്റെ കരുത്തിലാണ് കഴിഞ്ഞ വർഷം നടന്ന കോപ്പാ ലിബർട്ടോസിൽ അത് ലറ്റിക്കോ പരാനെസ് ഫൈനലിലെത്തിയത്.
എന്നാൽ ക്ലബ്ബ് ഫുട്ബോളിൽ ആവർത്തിച്ച മികച്ച പ്രകടനം ദേശീയ ടീമിലും കാഴ്ച വെക്കാൻ റോക്യൂവിന് സാധിച്ചിട്ടുണ്ട്. ബ്രസീൽ അണ്ടർ 20 ടീമിനായി അടിച്ചു കൂട്ടിയ ഗോളുകളോടെ ദക്ഷിണ അമേരിക്കൻ അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ ഒന്നാമനാണ് താരം.
ദേശീയ ടീമിലും ക്ലബ്ബിലും ഒരു പോലെ ഗോളടിച്ചു കൂട്ടാൻ റോക്യൂവിനുള്ള കഴിവ് മനസിലാക്കിയാണ് താരത്തെ സ്വന്തമാക്കാൻ ബാഴ്സ ചരട് വലികൾ നടത്തുന്നത്.
സാവിയുടെ കളി ശൈലിയിലേക്ക് ബാഴ്സയെ മാറ്റുന്നതിന്റെ ഭാഗമായി അടുത്ത സീസണോടെ നിരവധി യുവ താരങ്ങളെ ടീമിലെത്തിക്കാൻ ബാഴ്സ ശ്രമം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കാറ്റലോണിയൻ ക്ലബ്ബ് റോക്യൂവിനെയും നോട്ടമിടുന്നത്.
ബാഴ്സയെ കൂടാതെ ചെൽസി, പി.എസ്.ജി, ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ക്ലബ്ബുകളും താരത്തിന്റെ പിന്നാലെയുണ്ട്. എന്നാൽ ബാഴ്സയിലേക്ക് ചേക്കേറാനാണ് റോക്യൂവിന് താൽപര്യം എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
അതേസമയം ലാ ലിഗയിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ബാഴ്സയിപ്പോൾ. 18 മത്സരങ്ങളിൽ നിന്നും 47 പോയിന്റുകളാണ് ലീഗിൽ നിന്നും ഇതുവരെ ബാഴ്സ സ്വന്തമാക്കിയത്.