ഓഗസ്റ്റ് 21ന് പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര തുടങ്ങാനിരിക്കുകയാണ്. ആഗസ്റ്റ് 21 മുതല്‍ 25 വരെ റാവല്‍പിണ്ടിയിലാണ് ആദ്യ മത്സരം. രണ്ടാം മത്സരം ആഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ മൂന്നു വരെ കറാച്ചി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ്.
എന്നാല്‍ ആദ്യ ടെസ്റ്റില്‍ സ്പിന്നര്‍മാരില്ലാതെയാണ് പാകിസ്ഥാന്‍ ഇറങ്ങുന്നത് എന്നാണ് ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാന്‍ സ്‌ക്വാഡിലുള്ള ഏക സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ അബ്രാര്‍ മൊഹമ്മദാണ്. താരത്തെ ആദ്യ ടെസ്റ്റില്‍ കളിപ്പിക്കില്ലെന്നാണ് ഇപ്പോള്‍ സെലക്ടര്‍മാര്‍ പറയുന്നത്.
17 അംഗ ടെസ്റ്റ് സ്‌ക്വാഡില്‍ ഇടം നേടിയ ലെഗ് സ്പിന്നര്‍ അബ്രാറും അണ്‍ക്യാപ്പഡ് ബാറ്റര്‍ കമ്രാന്‍ ഗുലാമും ചൊവ്വാഴ്ച ഇസ്ലാമാബാദില്‍ ആരംഭിക്കുന്ന ബംഗ്ലാദേശ് എയ്ക്കെതിരായ ചതുര്‍ ദിന മത്സരത്തില്‍ പാകിസ്ഥാന്‍ ഷഹീന്‍സിന് വേണ്ടി കളിക്കും.
ഓഗസ്റ്റ് 30ന് കറാച്ചിയില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിന് മുമ്പ് സ്പിന്നര്‍ക്ക് കുറച്ച് മാച്ച് പ്രാക്ടീസ് വേണമെന്ന് സെലക്ടര്‍മാര്‍ അഭിപ്രായപ്പെട്ടതായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പറഞ്ഞു. രണ്ടാം ടെസ്റ്റിന് മുമ്പ് അബ്രാറും ഗുലാമും പാകിസ്ഥാന്‍ ടെസ്റ്റ് ടീമില്‍ വീണ്ടും ചേരും.
എന്നിരുന്നാലും സ്പിന്നര്‍മാരുടെ അഭാവം ടീമിന് ദോഷം ചെയ്യാന്‍ സാധ്യതയുണ്ട്. റാവല്‍പിണ്ടിയിലെ പിച്ച് സ്പിന്നര്‍മാരെ പിന്തുണയ്ക്കുകയാണെങ്കില്‍ ബെഗ്ലാദേശിനെതിരെ പാകിസ്ഥാന്‍ വിയര്‍ക്കുമെന്നത് ഉറപ്പാണ്.
ഓള്‍റൗണ്ടര്‍ സല്‍മാന്‍ അലി ആഘയാണ് ആദ്യ ടെസ്റ്റില്‍ പാകിസ്ഥാന്റെ ഏക സ്പിന്‍ ഓപ്ഷന്‍. ഓഫ് സ്പിന്നര്‍ 2023 മുതല്‍ ടെസ്റ്റ് മത്സരങ്ങളില്‍ മികച്ച ബൗളിങ് പ്രകടനമാണ് കാഴ്ചവെക്കുന്നത്. പാകിസ്ഥാന് വേണ്ടി നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്താനും താരത്തിന് സാധിച്ചിട്ടുണ്ട്.
റാവല്‍പിണ്ടിയില്‍ ബുധനാഴ്ച ആരംഭിക്കുന്ന ടെസ്റ്റില്‍ ഫാസ്റ്റ് ബൗളിങ് ഓപ്ഷനുകളായ നസീം ഷാ, മുഹമ്മദ് അലി, ഖുറം ഷെഹ്സാദ്, മിര്‍ ഹംസ എന്നിവരോടൊപ്പം ഷഹീന്‍ ഷാ അഫ്രീദിയുമാണ് ഉള്ളത്.
Content Highlight: Big change in Pakistan bowling unit in first test against Bangladesh