അടിതെറ്റുന്ന വമ്പന്മാരും, കളം വാഴുന്ന ചെറിയ സിനിമകളും... ട്രാക്ക് മാറ്റുന്ന തമിഴ് സിനിമ
Entertainment
അടിതെറ്റുന്ന വമ്പന്മാരും, കളം വാഴുന്ന ചെറിയ സിനിമകളും... ട്രാക്ക് മാറ്റുന്ന തമിഴ് സിനിമ
അമര്‍നാഥ് എം.
Sunday, 17th November 2024, 5:19 pm

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച ഇന്‍ഡസ്ട്രികളിലൊന്നാണ് കോളിവുഡ്. കൊമേഷ്‌സ്യല്‍ സിനിമകളും കണ്ടന്റ് ഓറിയന്റഡ് സിനിമകളും ഒരുപോലെ ബാലന്‍സ് ചെയ്തുകൊണ്ടുപോകുന്ന ചുരുക്കം ഇന്‍ഡസ്ട്രികളിലൊന്നാണ് തമിഴ് സിനിമ. സ്റ്റാര്‍ വാല്യു ഉള്ള നടന്മാരുടെ ചിത്രങ്ങള്‍ കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ക്കുമ്പോള്‍ പരീക്ഷണസിനിമകള്‍ ഭാഷാതിര്‍ത്തികള്‍ കടന്ന് ചര്‍ച്ചചെയ്യപ്പെടാറുണ്ട്. എന്നാല്‍ 2024 തമിഴ് സിനിമയെ സംബന്ധിച്ച് ഒരുപാട് പ്രത്യേകതകളുള്ളതാണ്.

വലിയ രീതിയില്‍ കൊട്ടിഘോഷിച്ചെത്തിയ പല വമ്പന്‍ ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ പരാജയപ്പെടുകയും ചെറിയ സിനിമകള്‍ വലിയ രീതിയില്‍ ഈ വര്‍ഷം ശ്രദ്ധിക്കപ്പെട്ടു. സൂപ്പര്‍സ്റ്റാര്‍ രജിനികാന്ത് ഭാഗമായ രണ്ട് ചിത്രങ്ങളും നിര്‍മാതാവിന് കനത്ത നഷ്ടമുണ്ടാക്കി, വിക്രമിലൂടെ വന്‍ തിരിച്ചുവരവ് നടത്തിയ കമല്‍ ഹാസന്റ ചിത്രം ഇന്ത്യന്‍ 2  ഈ വര്‍ഷത്തെ ട്രോള്‍ മെറ്റീരിയലായി മാറി തുടങ്ങി ഒരുപാട് കാര്യങ്ങള്‍ക്ക് കോളിവുഡ് സാക്ഷ്യം വഹിച്ചു.

അതേസമയം വലിയ പ്രൊമോഷനുകളൊന്നുമില്ലാതെ വന്ന് വലിയ ചലനമുണ്ടാക്കിയ സിനിമകളും തമിഴില്‍ പിറവികൊണ്ടു. വിജയ് സേതുപതിയുടെ 50ാമത് ചിത്രം മഹാരാജ, കാര്‍ത്തി- അരവിന്ദ് സ്വാമി കോമ്പോയുടെ മെയ്യഴകന്‍, ഹരീഷ് കല്യാണും അട്ടക്കത്തി ദിനേശും ഒന്നിച്ച ലബ്ബര്‍ പന്ത്, മാരി സെല്‍വരാജിന്റെ വാഴൈ എന്നീ സിനിമകള്‍ വലിയ രീതിയില്‍ പ്രേക്ഷകശ്രദ്ധ നേടി.

വീണുപോയ വമ്പന്മാര്‍

ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍സ്റ്റാറാണ് രജിനികാന്ത്. എത്ര മോശം സിനിമയാണെങ്കിലും ബോക്‌സ് ഓഫീസില്‍ രജിനി ചിത്രം നല്ല കളക്ഷന്‍ നേടാറുണ്ട്. എന്നാല്‍ ഈ വര്‍ഷം രജിനികാന്ത് അഭിനയിച്ച രണ്ട് ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ നിലംതൊട്ടില്ല. രജിനികാന്തിന്റെ മകള്‍ ഐശ്വര്യ സംവിധാനം ചെയ്ത് ഈ വര്‍ഷമാദ്യം റിലീസായ ലാല്‍ സലാം മുടക്കുമുതല്‍ പോലും തിരിച്ചുകിട്ടാതെ പരാജയമായി മാറി.

അതേ പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറിലെത്തിയ വേട്ടൈയനും ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. മികച്ച റിപ്പോര്‍ട്ട് കിട്ടിയിട്ടും അത് ബോക്‌സ് ഓഫീസില്‍ പ്രതിഫലിക്കാത്തത് വിതരണക്കാര്‍ക്ക് വലിയ നഷ്ടം വരുത്തിവെച്ചു. ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ്, ഡിജിറ്റല്‍ റൈറ്റ്‌സുകള്‍ കാരണം നിര്‍മാതാവ് കൈ പൊള്ളാതെ രക്ഷപ്പെട്ടെന്ന് പറയാം.

നാല് വര്‍ഷത്തോളം സിനിമയില്‍ നിന്ന് വിട്ടുനിന്ന് തിരിച്ചുവരവില്‍ ഇന്‍ഡസ്ട്രി ഹിറ്റ് നേടിയ നടനാണ് കമല്‍ ഹാസന്‍. ഈ വര്‍ഷം കമല്‍ രണ്ട് ചിത്രങ്ങളുടെ ഭാഗമായി. കല്‍ക്കി എന്ന തെലുങ്ക് ചിത്രത്തില്‍ വെറും പത്ത് മിനിറ്റ് മാത്രമുള്ള വേഷത്തിലെത്തി ഞെട്ടിച്ച കമല്‍ നായകനായെത്തിയ ചിത്രമായിരുന്നു ഇന്ത്യന്‍ 2.

1996ല്‍ റിലീസായ ആദ്യഭാഗത്തിന്റെ വില കളഞ്ഞ ചിത്രമായി ഇന്ത്യന്‍ 2 മാറി. ബ്രഹ്‌മാണ്ഡ ചിത്രങ്ങള്‍ കൊണ്ട് വിസ്മയിപ്പിക്കാറുള്ള ഷങ്കര്‍ എന്ന സംവിധായകനും അഭിനയം കൊണ്ട് വിസ്മയിപ്പക്കുന്ന കമല്‍ ഹാസനും ഇന്ത്യന്‍ 2 എന്ന ഒറ്റച്ചിത്രം കൊണ്ട് ട്രോള്‍ മെറ്റീരിയലായി മാറി. ഇരുവരുടെയും കരിയറിലെ ഏറ്റവും മോശം ചിത്രമെന്ന ഖ്യാതി ഇന്ത്യന്‍ 2 സ്വന്തമാക്കി.

രാഷ്ട്രീയപ്രഖ്യാപനത്തിന് ശേഷം തിയേറ്ററുകളിലെത്തിയ വിജയ് ചിത്രമായിരുന്നു ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം. വെങ്കട് പ്രഭു സംവിധാനം ചെയ്ത് വിജയ് ഇരട്ടവേഷത്തിലെത്തിയ ഗോട്ട് മാത്രമാണ് വമ്പന്‍ റിലീസുകളില്‍ നിര്‍മാതാവിനെ സേഫാക്കിയ ഒരേയൊരു ചിത്രം. തമിഴ്‌നാട്ടിലെ എല്ലാ തിയേറ്ററുകളിലും റിലീസ് ചെയ്ത ചിത്രം കളക്ഷന്‍ റെക്കോഡുകള്‍ പലതും തകര്‍ത്തെറിഞ്ഞു. 400 കോടി മുതല്‍മുടക്കിലെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് 400 കോടി സ്വന്തമാക്കി.

രണ്ടരവര്‍ഷത്തിന് ശേഷം തിയേറ്ററുകളിലെത്തിയ സൂര്യയുടെ സിനിമയായിരുന്നു കങ്കുവ. അണ്ണാത്ത എന്ന വന്‍ പരാജയത്തിന് ശേഷം ശിവ സംവിധാനം ചെയ്ത ചിത്രത്തിന് അനൗണ്‍സ്‌മെന്റ് മുതല്‍ ആരാധകര്‍ക്കിടയില്‍ തണുപ്പന്‍ പ്രതികരണമായിരുന്നു. എന്നാല്‍ ഇന്ത്യ മുഴുവന്‍ ഓടിനടന്നുള്ള പ്രൊമോഷനും അണിയറപ്രവര്‍ത്തകരുടെ വീരവാദവും ആരാധകര്‍ക്കിടയില്‍ പ്രതീക്ഷയുണ്ടാക്കി.

എന്നാല്‍ ചിത്രത്തിന്റെ ആദ്യ ഷോ കഴിഞ്ഞതുമുതല്‍ മോശം പ്രതികരണമായിരുന്നു കങ്കുവ നേരിട്ടത്. കാതടപ്പിക്കുന്ന ബി.ജി.എമ്മും ഇമോഷണലി ഒട്ടും കണക്ടാകാത്ത തിരക്കഥയും ചിത്രത്തെ പിന്നോട്ടുവലിച്ചു. മികച്ച പ്രൊഡക്ഷന്‍ ക്വാളിറ്റി ഉണ്ടായിരുന്നിട്ടുകൂടി കെട്ടുറപ്പില്ലാത്ത തിരക്കഥ കങ്കുവക്ക് വിനയായി. ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയചിത്രങ്ങളുടെ ലിസ്റ്റില്‍ കങ്കുവയും ഇടംപിടിച്ചു.

കളം വാണ കുഞ്ഞന്മാര്‍

അതേസമയം ചെറിയ സിനിമകള്‍ പലതും വലിയ രീതിയില്‍ തമിഴ് പ്രേക്ഷകര്‍ കൊണ്ടാടി. വിജയ് സേതുപതിയുടെ 50ാമത് ചിത്രമായി വന്ന മഹാരാജയാണ് ഇതില്‍ പ്രധാനി. ഒരു സിനിമയെ മികച്ചാതാക്കുന്നത് അതിന്റെ തിരക്കഥയാണെന്ന് അടിവരയിടുന്ന ചിത്രമാണ് മഹാരാജ. നായകനെ അതിമാനുഷികനായി കാണിക്കാതെ കഥയില്‍ വന്നുപോകുന്ന ഓരോ കഥാപാത്രത്തിനും വ്യക്തമായ പ്രാധാന്യം നല്‍കിയ മഹാരാജ ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമയെന്ന് നിസ്സംശയം പറയാം.

തമിഴ് സംസ്‌കാരത്തിന്റെ വേരുകളിലേക്കും തമിഴ് ഗ്രാമങ്ങളുടെ നന്മകളിലേക്കും രണ്ടേമുക്കാല്‍ മണിക്കൂര്‍ നേരം പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോയ ചിത്രമാണ് മെയ്യഴകന്‍. കാര്‍ത്തി, അരവിന്ദ് സ്വാമി എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ തരക്കേടില്ലാത്ത വിജയം സ്വന്തമാക്കി. ഒ.ടി.ടി റിലീസിന് ശേഷം ചിത്രത്തെ പ്രശംസിച്ച് നിരവധിപ്പേര്‍ രംഗത്തെത്തി.

തന്റെ രാഷ്ട്രീയം ഉറക്കെപ്പറയാന്‍ വേണ്ടി സിനിമയെന്ന മാധ്യമത്തെ ഉപയോഗിക്കുന്ന സംവിധായകനാണ് മാരി സെല്‍വരാജ്. മാരിയുടെ പുതിയ ചിത്രം വാഴൈയും ശക്തമായ രാഷ്ട്രീയം സംസാരിച്ച ഒന്നാണ്. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരുടെ നെഞ്ചില്‍ ഭാരമുള്ള കല്ലുവെച്ച അവസ്ഥയാണ് വാഴൈ സമ്മാനിച്ചത്. ഒപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കുട്ടികളുടെ അതിഗംഭീര പ്രകടനവും വാഴൈയെ കൂടുതല്‍ മികച്ചതാക്കി.

മെയില്‍ ഈഗോ എന്നും ബോക്‌സ് ഓഫീസില്‍ വര്‍ക്കാകുന്ന തീമുകളില്‍ ഒന്നാണ്. അതിലേക്ക് ക്രിക്കറ്റും കൂടി ചേര്‍ത്ത് തമിഴരസന്‍ പച്ചമുത്തു അണിയിച്ചൊരുക്കിയ ചിത്രമാണ് ലബ്ബര്‍ പന്ത്. റബ്ബര്‍ പന്തിന്റെ തമിഴ്‌നാട്ടിലെ ഗ്രാമങ്ങളില്‍ വിളിക്കുന്ന പേരാണ് ലബ്ബര്‍ പന്ത്. രണ്ട് തലമുറയിലെ ക്രിക്കറ്റ് കളിക്കാര്‍ തമ്മിലുള്ള ഈഗോ ക്ലാഷിലേക്ക് ജാതി രാഷ്ട്രീയവും കൃത്യമായ അളവില്‍ വരച്ചുതേര്‍ത്ത ലബ്ബര്‍ പന്ത് ബോക്‌സ് ഓഫീസില്‍ 45 കോടിയിലധികം സ്വന്തമാക്കി.

ഹരീഷ് കല്യാണ്‍, അട്ടക്കത്തി ദിനേശ്, സ്വാസിക, കാളി വെങ്കട് എന്നിവരുടെ പ്രകടനവും തമിഴ് പ്രേക്ഷകരുടെ ക്യാപ്റ്റന്‍ വിജയകാന്തിന് നല്‍കിയ ട്രിബ്യൂട്ടും ചിത്രത്തെ കൂടുതല്‍ മനോഹരമാക്കി.

മേജര്‍ മുകുന്ദ് വരദരാജന്റെ ജീവികഥയെ ആസ്പദമാക്കി രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത് ശിവകാര്‍ത്തികേയന്‍ നായകനായ അമരനും ഈ വര്‍ഷത്തെ മികച്ച സിനിമകളിലൊന്നായി മാറി. ശിവകാര്‍ത്തികേയനും സായ് പല്ലവിയും തകര്‍ത്തഭിനയിച്ച ചിത്രം ബോക്‌സ് ഓഫീസിലും അതിഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. ടൈര്‍ 2 നടന്മാരില്‍ ഏറ്റവും വലിയ വിജയം നേടിയ നടനായി ശിവ മാറി.

ധനുഷിന്റെ 50ാമത് ചിത്രം രായന്‍, വിക്രം നായകനായ തങ്കലാന്‍, അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത ഡിമോണ്ടി കോളനി 2, അശോക് സെല്‍വന്‍ നായകനായ ബ്ലൂ സ്റ്റാര്‍, ജീവ നായകനായ ബ്ലാക്ക്, സൂരി നായകനായ ഗരുഡന്‍ എന്നീ ചിത്രങ്ങളും എടുത്തപറയേണ്ട വിജയങ്ങളാണ്.

കണ്ണഞ്ചിപ്പിക്കുന്ന സെറ്റുകളും കളറുകള്‍ വാരിവിതറുന്ന ഫ്രെയിമുകളും കൊണ്ട് ഒരു സിനിമയും മികച്ചതാകില്ല എന്ന് പ്രേക്ഷകര്‍ സിനിമാക്കാരെ പഠിപ്പിച്ച വര്‍ഷം കൂടിയാണ് 2024. സിനിമയുടെ വിജയം നിര്‍ണയിക്കുന്നത് അതിന്റെ മേക്കിങ്ങും തിരക്കഥയുമാണെന്നും നായകന്റെ പേര് കൊണ്ട് മാത്രം ഒരുസിനിമയും വിജയിക്കില്ലെന്നും തമിഴ് സിനിമ ഈ വര്‍ഷം മനസിലാക്കി. നല്ല സിനിമകള്‍ മാത്രം വിജയിപ്പിക്കുന്ന ട്രാക്കിലേക്ക് തമിഴ് പ്രേക്ഷകര്‍ മാറിയത് നല്ലൊരു സൂചനയാണ്.

Content Highlight: Big Budget Tamil films got bad response in Tamilnadu in 2024

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം