| Sunday, 3rd October 2021, 11:13 pm

ബിഗ് ബോസ് അഞ്ചാം സീസണുമായി ഉലകനായകന്‍; മത്സരിക്കാന്‍ 18 പേര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബിഗ് ബോസ് തമിഴ് പതിപ്പിന്റെ 5ാം സീസണ്‍ ആരംഭിച്ചു. ഉലകനായകന്‍ കമല്‍ഹാസനാണ് പരിപാടിയുടെ അവതാരകനായി എത്തുന്നത്.

‘ഞാനിവിടെ നടനായല്ല, മറിച്ച് പ്രേക്ഷകരുടെ പ്രതിനിധിയായാണ് എത്തിയിരിക്കുന്നത്,’ എന്നാണ് കമല്‍ഹാസന്‍ പരിപാടിയ്ക്ക് മുന്‍പായി പറഞ്ഞത്.

താരസമ്പന്നമാണ് ഇത്തവണത്തെ ബിഗ് ബോസ് ഹൗസ്. ഗായകരും, അഭിനേതാക്കളും, ഡാന്‍സേഴ്‌സുമായി എല്ലാ വിധത്തിലുമുള്ള ആളുകള്‍ അടുത്ത 100 ദിവസം ബിഗ് ബോസ് ഹൗസിനെ ഇളക്കി മറിക്കുമെന്നുറപ്പ്.

ഗായിക ഇസൈവാണി, മിമിക്രി താരം രാജു ജയ്‌മോഹന്‍, മോഡല്‍ മധുമിത, സോഷ്യല്‍ മീഡിയ താരം അഭിഷേക് രാജ, ട്രാന്‍സ് പേഴ്‌സണ്‍ നമിത മാരിമുത്തു, ടി.വി അവതാരക പ്രിയങ്ക, ജെമിനി ഗണേശന്റെ ചെറുമകന്‍ അഭിനവ്, ടെലിവിഷന്‍ പവാനി, നാടന്‍ പാട്ട് കലാകാരി ചിന്നപ്പൊണ്ണ്, നാദിയ ചാംഗ്, സിനിമാ താരം വരുണ്‍, അവതാരകന്‍ ഇമ്മന്‍ അണ്ണാച്ചി, മോഡല്‍ ശ്രുതി ജയദേവന്‍, മിസ് ഗ്ലോബ് 2019 വിജയി അക്ഷര റെഡ്ഡി, ഗായിക ഇക്കി ബെറി, സിനിമാ താരം സിബി, സംരഭകനായ നിരൂപ് എന്നിവരാണ് ബിഗ് ബോസ് അഞ്ചാം പതിപ്പിലെ മത്സാര്‍ത്ഥികള്‍.

പരിപാടിയുടെ ആദ്യ ദിവസം തന്നെ മത്സരാര്‍ത്ഥികളുടെ വിശേഷങ്ങളും ഫാന്‍ ഫൈറ്റുകളുമായി സമൂഹമാധ്യമങ്ങളില്‍ ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്.

നിലവില്‍ ഹിന്ദി, തെലുങ്ക് , കന്നട, തമിഴ് എന്നീ ഭാഷകളിലും ബിഗ് ബോസ് അവതരിപ്പിക്കുന്നുണ്ട്. യൂ.എസ്സില്‍ ഗംഭീര വിജയമായിരുന്ന ബിഗ് ബ്രദര്‍ എന്ന റിയാലിറ്റി ഷോയുടെ ഇന്ത്യന്‍ പതിപ്പാണ് ബിഗ് ബോസ്.

ആദ്യം ഹിന്ദിയില്‍ ആരംഭിച്ച ഈ റിയാലിറ്റി ഷോ അവസാനം അവതരിപ്പിച്ചത് സല്‍മാന്‍ ഖാന്‍ ആണ്. തെലുങ്കില്‍ ജൂനിയര്‍ എന്‍.ടി.ആറും, മലയാളത്തില്‍ മോഹന്‍ലാലുമാണ് പരിപാടി അവതരിപ്പിക്കുന്നത്

വിവിധ മേഖലകളിലുള്ള പ്രശസ്തരായ  വ്യക്തികളെ ഒരു വീട്ടില്‍ 3 മാസത്തോളം താമസിപ്പിക്കുന്നു. ഈ വീടിനെയാണ് ബിഗ് ബോസിന്റെ വീട് എന്ന് പറയുന്നത്. ഈ വീട്ടില്‍ എല്ലായിടത്തും ക്യാമറകള്‍ ഘടിപ്പിച്ചിട്ടുണ്ടാകും. മത്സരാര്‍ത്ഥികളുടെ ഓരോരോ ചലനങ്ങളും ഇതില്‍ പകര്‍ത്തിയതിനു ശേഷം ഇത് ടി വിയില്‍ പ്രദര്‍ശിപ്പിക്കുന്നു.

ബിഗ് ബോസ് എന്നത് ശബ്ദം മാത്രമുള്ള ഒരു സാങ്കല്പിക കഥാപാത്രമാണ്. ബിഗ് ബോസ് ആവശ്യപ്പെടുന്ന രീതിയിലും, ബിഗ് ബോസിന്റെ നിയമപരിധിക്കുള്ളിലുമാണ് മത്സരാര്‍ത്ഥികള്‍ താമസിക്കേണത്. മത്സരാര്‍ത്ഥിക്ക് വേണ്ടുന്ന ഭക്ഷണം നിര്‍മ്മിക്കുന്നതിനുള്ള സാധനങ്ങളും മറ്റും ബിഗ് ബോസ് നല്‍കുന്നു.

മത്സരാര്‍ത്ഥികള്‍ ഓരോരുത്തരും അവരവര്‍ക്ക് വേണ്ടുന്ന ഭക്ഷണം സ്വയം പാകം ചെയ്ത് കഴിക്കുകയും, വസ്ത്രങ്ങള്‍ സ്വയം കഴുകുകയും വേണം. ബിഗ് ബോസ് ആഴ്ചതോറും വ്യത്യസ്തങ്ങളായ നിരവധി ജോലികള്‍ മത്സരാര്‍ത്ഥികള്‍ക്ക് നല്‍കുകയും ഈ ജോലികള്‍ വൃത്തിയായും, നിശ്ചിത സമയപരിധിക്കുള്ളിലും മത്സരാര്‍ത്ഥികള്‍ ചെയ്ത് തീര്‍ക്കണം.

ബിഗ് ബോസിന്റെ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള തക്കതായ ശിക്ഷയും ബിഗ് ബോസ് വിധിക്കുന്നതായിരുക്കും. ഓരോ ആഴ്ചയുടെയും അവസാനം ഒരു മത്സരാര്‍ത്ഥിയെ വോട്ടെടുപ്പിലൂടെ പുറത്താക്കുന്നു.

ഇതിനു വേണ്ടി മത്സരാര്‍ത്ഥികള്‍ തന്നെ പുറത്താക്കേണ്ട വ്യക്തിയെ നാമനിര്‍ദ്ദേശം ചെയ്യുകയും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവര്‍ക്ക് വേണ്ടി പ്രേക്ഷകര്‍ മൊബൈല്‍ സന്ദേശം വഴി വോട്ട് ചെയ്യുകയും വേണം. കൂടുതല്‍ വോട്ട് ലഭിച്ച മത്സരാര്‍ത്ഥിയെ വീട്ടില്‍ (മത്സരത്തില്‍) നിലനിര്‍ത്തുകയും, കുറഞ്ഞ വോട്ട് ലഭിച്ച മത്സരാര്‍ത്ഥിയെ പുറത്താക്കുകയും ചെയ്യുന്നു. ഇങ്ങനെ അവസാനം വരെ പുറത്താവാതെ നില്‍ക്കുന്ന മത്സരാര്‍ത്ഥിയാണ് വിജയിയാവുന്നത്. വിജയിച്ച വ്യക്തിക്ക് വലിയ തുക സമ്മാനമയി നല്‍കുകയും ചെയ്യുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Big Boss Season  5 Started

We use cookies to give you the best possible experience. Learn more