| Sunday, 5th June 2022, 1:41 pm

ബിഗ് ബോസില്‍ നിന്ന് റോബിന്‍ പുറത്തായതിന് പിന്നാലെ മോഹന്‍ലാലിനെതിരെ അധിക്ഷേപവുമായി ആരാധകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സോഷ്യല്‍ മീഡിയയിലെ ഏറ്റവും വലിയ ചര്‍ച്ചകളില്‍ ഒന്നാണ് ബിഗ് ബോസ്. നാടകീയ സംഭവങ്ങള്‍ പലതും എല്ലാ തവണത്തേയും പോലെ ഇത്തവണയും ബിഗ് ബോസ് നാലാം സീസണിലും അരങ്ങേറുന്ന കാഴ്ചയാണ് ഉടനീളം കണ്ടത്.

മത്സരാര്‍ത്ഥികള്‍ ഒരാളായ റോബിന്‍ ടാസ്‌കിനിടയില്‍ മറ്റൊരു മത്സരാര്‍ത്ഥിയായ റിയാസിനെ ശാരീരിക ഉപദ്രവം ചെയ്തതിനെ തുടര്‍ന്ന് ബിഗ് ബോസില്‍ നിന്നും പുറത്താക്കിയിരുന്നു. റോബിന്റെ പുറത്താവല്‍ കാരണം ഷോ അവതരിപ്പിക്കുന്ന മോഹന്‍ലാലിനെതിരെ  തിരിഞ്ഞിരിക്കുകയാണ് റോബിന്‍ ആരാധകരിപ്പോള്‍.

മോഹന്‍ലാലിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ അധിക്ഷേപവും വിദ്വേഷ കമന്‍റുകളുമായാണ്  റോബിന്‍ ആരാധകർ എത്തിയിരിക്കുന്നത്.

റോബിന്‍ ആരാധകര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നും, മോഹന്‍ലാലിനെ ഒരുതരത്തിലും ഇതൊന്നും ബാധിക്കാന്‍ പോകുന്നില്ല എന്നുമാണ് റോബിന്‍ ഫാന്‍സിന് മറുപടിയായി മോഹന്‍ലാല്‍ ആരാധകരുടെ വാദം.

നേരത്തെ തന്നെ മോശമായ പദപ്രയോഗങ്ങളുടെ പേരിലും അധിക്ഷേപിക്കലിന്റെ പേരിലും റോബിനെതിരെ വിമര്‍ശനങ്ങളുയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ സീസണിലെ മത്സര്‍ത്ഥിയായ രജിത് കുമാറിനെ പുറത്താക്കിയപ്പോഴും ഇത്തരത്തില്‍ രജിത്തിന്റെ ആരാധകര്‍ മോഹന്‍ലാലിന് എതിരെ തിരഞ്ഞിരുന്നു. സഹമത്സരാർത്ഥിയെ ശാരീരികമായി അക്രമിച്ചതിനെ തുടർന്നാണ് രജിത്തിനെ ബിഗ് ബോസില്‍ നിന്നും പുറത്താക്കിയത്.

യൂ.എസില്‍ ഗംഭീര വിജയമായിരുന്ന ബിഗ് ബ്രദര്‍ എന്ന റിയാലിറ്റി ഷോയുടെ ഇന്ത്യന്‍ പതിപ്പാണ് ബിഗ് ബോസ്.

ആദ്യം ഹിന്ദിയില്‍ ആരംഭിച്ച ഈ റിയാലിറ്റി ഷോ അവസാനം അവതരിപ്പിച്ചത് സല്‍മാന്‍ ഖാന്‍ ആയിരുന്നു. തെലുങ്കില്‍ ജൂനിയര്‍ എന്‍.ടി.ആറും, തമിഴില്‍ കമല്‍ഹാസനും പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.

വിവിധ മേഖലകളിലുള്ള പ്രശസ്തരായ വ്യക്തികളെ ഒരു വീട്ടില്‍ 3 മാസത്തോളം താമസിപ്പിക്കുന്നു. ഈ വീടിനെയാണ് ബിഗ് ബോസ് വീട് എന്ന് പറയുന്നത്. ഈ വീട്ടില്‍ എല്ലായിടത്തും ക്യാമറകള്‍ ഘടിപ്പിച്ചിട്ടുണ്ടാകും. മത്സരാര്‍ത്ഥികളുടെ ഓരോരോ ചലനങ്ങളും ഇതില്‍ പകര്‍ത്തിയതിനു ശേഷം ഇത് ടി വിയില്‍ പ്രദര്‍ശിപ്പിക്കുന്നു.

ബിഗ് ബോസ് എന്നത് ശബ്ദം മാത്രമുള്ള ഒരു സാങ്കല്പിക കഥാപാത്രമാണ്. ബിഗ് ബോസ് ആവശ്യപ്പെടുന്ന രീതിയിലും, ബിഗ് ബോസിന്റെ നിയമപരിധിക്കുള്ളിലുമാണ് മത്സരാര്‍ത്ഥികള്‍ താമസിക്കേണ്ടത്. മത്സരാര്‍ത്ഥിക്ക് വേണ്ടുന്ന ഭക്ഷണം നിര്‍മ്മിക്കുന്നതിനുള്ള സാധനങ്ങളും മറ്റും ബിഗ് ബോസ് നല്‍കുന്നു. മത്സരാര്‍ത്ഥികള്‍ ഓരോരുത്തരും അവരവര്‍ക്ക് വേണ്ടുന്ന ഭക്ഷണം സ്വയം പാകം ചെയ്ത് കഴിക്കുകയും, വസ്ത്രങ്ങള്‍ സ്വയം കഴുകുകയും വേണം. ബിഗ് ബോസ് ആഴ്ചതോറും വ്യതസ്തങ്ങളായ നിരവധി ജോലികള്‍ മത്സരാര്‍ത്ഥികള്‍ക്ക് നല്‍കുകയും ഈ ജോലികള്‍ വൃത്തിയായും, നിശ്ചിത സമയപരിധിക്കുള്ളിലും മത്സരാര്‍ത്ഥികള്‍ ചെയ്ത് തീര്‍ക്കണം.

ഓരോ ആഴ്ചയും പുറത്താക്കേണ്ട വ്യക്തിയെ മത്സര്‍ത്ഥികള്‍ തന്നെ നാമനിര്‍ദ്ദേശം ചെയ്യുകയും. കൂടുതല്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവര്‍ക്ക് വേണ്ടി പ്രേക്ഷകര്‍ മൊബൈല്‍ സന്ദേശം വഴി വോട്ട് ചെയ്യുകയും വേണം. കൂടുതല്‍ വോട്ട് ലഭിച്ച മത്സരാര്‍ത്ഥിയെ വീട്ടില്‍ (മത്സരത്തില്‍) നിലനിര്‍ത്തുകയും, കുറഞ്ഞ വോട്ട് ലഭിച്ച മത്സരാര്‍ത്ഥിയെ പുറത്താക്കുകയും ചെയ്യുന്നു. ഇങ്ങനെ അവസാനം വരെ പുറത്താവാതെ നില്‍ക്കുന്ന മത്സരാര്‍ത്ഥിയാണ് വിജയിയാവുന്നത്. വിജയിച്ച വ്യക്തിക്ക് വലിയ തുക സമ്മാനമയി നല്‍കുകയും ചെയ്യുന്നതാണ് ഷോയുടെ രീതി.

Content Highlight : Big boss contestant Robin fans protest against Mohanlal for the elimination of Robin

We use cookies to give you the best possible experience. Learn more