ലഖ്‌നൗ: യു.പി മുഖ്യമന്ത്രിയായി അധികാരമേറ്റ് ഒരു മാസം പിന്നിടുന്നതിന് മുന്‍പേ യോഗി ആദിത്യനാഥിന് നേരെ ഉയരുന്നത് വലിയ ജനരോഷം.
കഴിഞ്ഞ ദിവസം മൊറാദാബാദിലെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിന് മുന്നില്‍ തടിച്ചുകൂടിയ ദളിത് വിഭാഗങ്ങളില്‍പ്പെട്ടവരാണ് യോഗി ആദിത്യനാഥിനെ കരിങ്കൊടി കാണിക്കുകയും ഗോ ബാങ്ക് യോഗി മുദ്രാവാക്യം വിളിക്കുകയും ചെയ്തത്.
ദളിത് വിഭാഗങ്ങള്‍ക്കെതിരെ യു.പിയില്‍ നടക്കുന്ന അതിക്രമത്തിനെതിരെയായിരുന്നു പ്രതിഷേധം. കരിങ്കൊടിയുമായി എത്തിയ ജനങ്ങള്‍ യോഗി ആദിത്യനാഥ് അധികാരത്തില്‍ നിന്നും വിട്ടൊഴിയണമെന്ന ആവശ്യമാണ് മുന്നോട്ടു വെച്ചത്.
ഭിന്നശേഷിക്കാരായവര്‍ക്ക് വേണ്ടിയുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്യാനും റാലിയില്‍ പങ്കെടുക്കാനുമായി മൊറാബാദില്‍ എത്തിയതായിരുന്നു യോഗി ആദിത്യനാഥ്.
യു.പി മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ചുമതലയേറ്റതിന് പിന്നാലെ സംസ്ഥാനത്തെ നിയമനീതി സംവിധാനങ്ങള്‍ താറുമാറായെന്നാണ് പ്രധാന ആരോപണം.
ഇതിന് പിന്നാലെ ഹിന്ദു യുവ വാഹിനി സംഘടനയുടെ അതിക്രമവും ജനങ്ങളെ പൊറുതിമുട്ടുക്കുന്നുണ്ട്. സദാചാര ഗുണ്ടകള്‍ ചമഞ്ഞ് ആളുകളെ കയ്യേറ്റം ചെയ്യുന്ന ഹിന്ദു യുവവാഹിനിക്കെതിരെ കനത്ത പ്രതിഷേധമാണ് യു.പിയില്‍ ഉയരുന്നത്.
ഷഹരാന്‍പൂര്‍ മേഖലയിലടക്കം ഉയര്‍ന്ന വിഭാഗക്കാരും ദളിതരും തമ്മില്‍ വലിയ പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. ആന്റി റോമിയോ സ്‌ക്വാഡ് എന്ന പേരില്‍ കാട്ടിക്കൂട്ടുന്ന അതിക്രമത്തിനും കണക്കില്ല. ദളിത് വിഭാഗക്കാര്‍ക്കെതിരെ സംസ്ഥാനത്ത് നടക്കുന്ന അത്രിക്രമങ്ങളില്‍ നടപടി സ്വീകരിക്കാന്‍ യോഗി ആദിത്യനാഥ് തയ്യാറാകുന്നില്ലെന്നും ദളിത് വിഭാഗക്കാര്‍ ആരോപിക്കുന്നു.