| Saturday, 23rd December 2023, 4:38 pm

പരിക്കേറ്റാലും വേണ്ടില്ല, ഇങ്ങനെ ഒട്ടാകാന്‍ വയ്യ; ടൈംഡ് ഔട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ പാഡ് പോലുമണിയാതെ ക്രീസിലേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ബിഗ് ബാഷ് ലീഗില്‍ ടൈംഡ് ഔട്ടില്‍ നിന്നും രക്ഷപ്പെടാന്‍ പാഡ് അണിയാതെ ക്രീസിലെത്തി ഹാരിസ് റൗഫ്. ബി.ബി.എല്ലില്‍ ശനിയാഴ്ച നടന്ന മെല്‍ബണ്‍ സ്റ്റാര്‍സ് – സിഡ്‌നി തണ്ടര്‍ മത്സരത്തിലാണ് റൗഫ് പാഡണിയാതെ കളത്തിലിറങ്ങിയത്.

ഡാനിയര്‍ സാംസിന്റെ അവസാന ഓവറിലാണ് മെല്‍ബണ്‍ താരം പാഡണിയാതെ ഗാര്‍ഡ് സ്വീകരിക്കാനായി ക്രീസിലെത്തിയത്. അവസാന ഓവറിലെ മൂന്ന് പന്തില്‍ തുടര്‍ച്ചയായ മൂന്ന് പന്തില്‍ വിക്കറ്റ് വീണതോടെയാണ് റൗഫിന് ക്രീസിലെത്തേണ്ടി വന്നത്.

ഇങ്ങനെ വിക്കറ്റ് വീഴുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതാതിരുന്ന റൗഫ് ബാറ്റിങ്ങിന് തയ്യാറായിരുന്നില്ല. ഇതോടെയാണ് താരം പാഡ് ഇല്ലാതെ കളത്തിലിറങ്ങാന്‍ നിര്‍ബന്ധിതനായത്.

അവസാന ഓവറിലെ മൂന്നാം പന്തില്‍ ബ്യൂ വെബ്സ്റ്ററും നാലാം പന്തില്‍ ഒസാമ മിറും പുറത്തായി. അഞ്ചാം ഓവറില്‍ മാര്‍ക് സ്റ്റെക്റ്റീ റണ്‍ ഔട്ടുമായതോടെയാണ് അവസാന പന്തില്‍ റൗഫ് ക്രീസിലെത്തിയത്.

നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലാണ് റൗഫ് ഇറങ്ങിയത്. മറുവശത്ത് ലിയാം ഡോവ്‌സണാണ് പന്ത് നേരിടാനുണ്ടായിരുന്നത്. സാംസ് എറിഞ്ഞ അവസാന പന്തില്‍ ഡോവ്‌സണും ബൗള്‍ഡായി. ഇതോടെ മെല്‍ബണ്‍ ഇന്നിങ്‌സിലെ അവസാന നാല് പന്തില്‍ നാല് വിക്കറ്റാണ് നഷ്ടമായത്.

അതേസമയം, മത്സരത്തില്‍ മെല്‍ബണ്‍ പരാജയപ്പെട്ടിരുന്നു. അഞ്ച് വിക്കറ്റിനായിരുന്നു സ്റ്റാര്‍സിന്റെ തോല്‍വി.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ സ്റ്റാര്‍സിനായി ബ്യൂ വെബ്‌സ്റ്റര്‍ അര്‍ധ സെഞ്ച്വറി നേടി. 44 പന്തില്‍ 59 റണ്‍സാണ് താരം നേടിയത്. 26 പന്തില്‍ 30 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലും സ്‌കോറിങ്ങില്‍ നിര്‍ണായകമായി.

ഒടുവില്‍ നിശ്ചിത ഓവറില്‍ 172 റണ്‍സിന് സ്റ്റാര്‍സ് പുറത്തായി.

തണ്ടറിനായി ഡാനിയല്‍ സാംസ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സമാന്‍ ഖാന്‍ മൂന്ന് വിക്കറ്റും നേടി. ക്യാപ്റ്റന്‍ ക്രിസ് ഗ്രീനും ലിയാം ഹാച്ചറും ഓരോ വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ തണ്ടര്‍ 10 പന്തും അഞ്ച് വിക്കറ്റും കയ്യിലിരിക്കെ വിജയം സ്വന്തമാക്കുകയായിരുന്നു. അലക്‌സ് ഹേല്‍സ് (26 പന്തില്‍ 40) വിക്കറ്റ് കീപ്പര്‍ കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് (20 പന്തില്‍ 30) എന്നിവരുടെ ഇന്നിങ്‌സാണ് ടീമിന് അനായാസ വിജയം സമ്മാനിച്ചത്.

സീസണില്‍ തണ്ടറിന്റെ ആദ്യ ജയമാണിത്. ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് സിഡ്‌നി. അതേസമയം, ആദ്യ വിജയത്തിനായുള്ള സ്റ്റാര്‍സിന്റെ കാത്തിരിപ്പ് തുടരുകയാണ്. മൂന്ന് മത്സരത്തില്‍ നിന്നും ഇതുവരെ ഒരു ജയം പോലും മാക്‌സിക്കും സംഘത്തിനും നേടാന്‍ സാധിച്ചിട്ടില്ല.

പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായ ബ്രിസ്‌ബെയ്ന്‍ ഹീറ്റിനെതിരായണ് സിഡ്‌നിയുടെ അടുത്ത മത്സരം. ഡിസംബര്‍ 27ന് ഗാബയിലാണ് മത്സരം അരങ്ങേറുന്നത്.

അതേസമയം, സിഡ്‌നിയില്‍ നിന്നുള്ള മറ്റൊരു ടീമിനെയാണ് സ്റ്റാര്‍സിന് നേരിടാനുള്ളത്. ഡിസംബര്‍ 26ന് സിഡ്‌നിയില്‍ നടക്കുന്ന മത്സരത്തില്‍ സിഡ്‌നി സിക്‌സേഴ്‌സാണ് എതിരാളികള്‍.

Content Highlight: Big Bash League: Harris Rauf went on the field without wearing pads

We use cookies to give you the best possible experience. Learn more