|

ബിഗ് ബിക്ക് കിട്ടേണ്ടിയിരുന്നത് പലിശ സഹിതം ഇത്തവണ ബോക്‌സോഫീസില്‍ നിന്ന് വന്നോളും: ബിലഹരി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

14 വര്‍ഷങ്ങള്‍ക്ക് ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിച്ച ചിത്രമാണ് ഭീഷ്മ പര്‍വ്വം. ചിത്രം തിയേറ്ററിലെത്തിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഭീഷ്മ പര്‍വ്വവും മമ്മൂട്ടിയും ആറാടുകയാണ്.

മമ്മൂട്ടിയുടെ നായക കഥാപാത്രമായ മൈക്കിളിനെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. അമല്‍ നീരദിന്റെ സംവിധാന മികവും മൈക്കിളിനൊപ്പം ചര്‍ച്ചയാവുന്നുണ്ട്.

ഭീഷ്മ പര്‍വ്വം വന്‍ വിജയം നേടുമെന്ന് പറയുകയാണ് സംവിധായകന്‍ ബിലഹരി.

‘ഭീഷ്മ പര്‍വ്വം ഈ വര്‍ഷത്തെ ബമ്പര്‍ ഹിറ്റാണ്. ബിഗ് ബിക്ക് കിട്ടേണ്ടിയിരുന്നത് പലിശ സഹിതം ഇത്തവണ ബോക്‌സോഫീസില്‍ നിന്ന് വന്നോളും,’ ബിലഹരി ഫേസ്ബുക്കില്‍ കുറിച്ചു.

ബിഗ് ബിയില്‍ താനവതരിപ്പിച്ച കേന്ദ്ര കഥാപാത്രമായ ബിലാലില്‍ നിന്നും ഭീഷ്മ പര്‍വ്വത്തിലെ മൈക്കിളിനെ വ്യത്യസ്തനാക്കാന്‍ താന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്ന് മമ്മൂട്ടി നേരത്തെ പ്രൊമോഷണല്‍ പ്രസ് മീറ്റില്‍ പറഞ്ഞിരുന്നു.

‘സ്ലാംഗിന് ബോധപൂര്‍വം ശ്രമിച്ചിട്ടില്ല. ഇത് 86 കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ്. അതിന്റേതായ നേരിയ വ്യത്യാസം ഉണ്ടാവും ഭാഷ സംസാരിക്കുന്ന കാര്യത്തില്‍. മേക്കിങിലോ കഥയിലോ കഥാപാത്രങ്ങളിലോ ബിലാലുമായി സാമ്യമില്ല. വേണമെങ്കില്‍ മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി കഥാപരിസരത്തില്‍ ഒരു സാമ്യതയെന്ന് പറയാമെന്നേയുള്ളൂ,’ എന്ന് മമ്മൂട്ടി നേരത്തെ പറഞ്ഞിരുന്നു.

ബിഗ് ബിയുടെ തുടര്‍ച്ചയായ ‘ബിലാലാ’ണ് മമ്മൂട്ടിയും അമല്‍ നീരദും നേരത്തെ ചെയ്യാനിരുന്നതെങ്കിലും കൊവിഡ് പശ്ചാത്തലത്തില്‍ പ്രോജക്റ്റ് നീളുകയായിരുന്നു. പകരം ഭീഷ്മ പര്‍വ്വം അപ്രതീക്ഷിതമായി പ്രഖ്യാപിക്കുകയായിരുന്നു.

അമല്‍ നീരദിനൊപ്പം ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെ.പി.എ.സി ലളിത, നദിയ മൊയ്തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.


Content Highlights: Big B should have got interest even if it came out of the box office this time: Bilahari