ന്യൂദല്‍ഹി: “ഇന്‍ക്രഡിബിള്‍ ഇന്ത്യ” അംബാസഡര്‍ സ്ഥാനത്ത് നിന്നും ആമിര്‍ഖാനെ പുറത്താക്കിയ ഒഴിവിലേക്ക് ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, പ്രിയങ്ക ചോപ്ര എന്നിവരെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ജനുവരി 26ന് റിപ്പബ്ലിക്ക് ദിനത്തില്‍ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും. 3 വര്‍ഷത്തേക്കാണ് ഇവരുടെ കാലാവധി.
ആദ്യം അമിതാഭ് ബച്ചനെ അംബാസഡറാക്കാനാണ് കരുതിയിരുന്നതെങ്കിലും സ്്ത്രീ പ്രാതിനിധ്യം ഉറപ്പു വരുത്തുന്നതിനായി പ്രിയങ്കയെയും ഉള്‍പ്പെടുത്തുകയായിരുന്നു. നേരത്തെ ഗുജറാത്ത് സര്‍ക്കാരിന്റെ ടൂറിസം അംബാസഡറായിരുന്നു അമിതാഭ് ബച്ചന്‍. മുന്‍പ് ഏജന്‍സികള്‍ മുഖേനയാണ് അംബാസഡര്‍മാരെ നിയമിച്ചിരുന്നതെങ്കില്‍ ഇത്തവണ ടൂറിസം മന്ത്രാലയവുമായാണ് താരങ്ങള്‍ കരാര്‍ ഒപ്പിടുക.
രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ചു വരുന്നുണ്ടെന്ന പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ ടൂറിസം പ്രചരണ പദ്ധതിയായ “ഇന്‍ക്രഡിബിള്‍ ഇന്ത്യ”യുടെ ബ്രാന്‍ഡ്അംബാസഡര്‍ പദവിയില്‍ നിന്നും ആമിര്‍ഖാനെ നീക്കിയത്.
സര്‍ക്കാരിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും അംബാസഡര്‍ സ്ഥാനത്ത് താന്‍ ഉണ്ടായാലും ഇല്ലെങ്കിലും ഇന്ത്യ ഇന്‍ക്രഡിബിള്‍ ആണെന്നും ആമിര്‍ പറഞ്ഞിരുന്നു.