| Friday, 24th February 2023, 5:24 pm

ബിഗ് ബിയാണ് മലയാള സിനിമയെ മാറ്റിമറിച്ചത്;അതോടെ പ്രേക്ഷകർ സിനിമ കാണുന്ന രീതി തന്നെ മാറി; ഷൈൻ ടോം ചാക്കോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2007 ൽ മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി അമൽ നീരദ് സംവിധാനം ചെയ്ത നിയോ-നോയർ ആക്ഷൻ ഴോണറിൽ പുറത്തിറങ്ങിയ ചലച്ചിത്രമായിരുന്നു ബിഗ് ബി.

ബിഗ് ബി എന്ന സിനിമയും അതിന്റെ അണിയറപ്രവർത്തകരുമാണ് മലയാള സിനിമയെ മൊത്തത്തിൽ മാറ്റിമറിച്ചത് എന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഷൈൻ ടോം ചാക്കോ.

ബിഗ് ബി മലയാള സിനിമയുടെ വർക്ക് കൾച്ചറിലും ലുക്കിലും സാങ്കേതിക മേഖലയിലും വലിയ വ്യത്യാസങ്ങൾ വരുത്തിയെന്നും, സിനിമയുടെ കളർ ടോൺ, കളർ സ്കീം മുതലായവയൊക്കെ പ്രേക്ഷകർ നിരീക്ഷിക്കാൻ തുടങ്ങിയത് ബിഗ് ബിയുടെ വരവോടെയുമാണെന്നും ഷൈൻ പറഞ്ഞു.

ക്ലബ്ബ്‌ എഫ്.എഫ്.എമിന് നൽകിയ അഭിമുഖത്തിലാണ് മലയാള സിനിമയെ ബിഗ് ബി എത്തരത്തിൽ മാറ്റി മറിച്ചു എന്നതിനെക്കുറിച്ച് ഷൈൻ ടോം ചാക്കോ വാചാലനായത്.

“നമ്മുടെ ഇൻഡസ്ട്രിയെ പതിവ് രീതികളിൽ നിന്നും കാഴ്ചാ ശീലങ്ങളിൽ നിന്നും മാറ്റി മറിച്ചത് ബിഗ് ബിയും അതിനെ ചുറ്റിപറ്റി രംഗത്ത് വന്ന ഒരു കൂട്ടം ആളുകളുമാണ്. അമൽ നീരദും സമീർ താഹിറുമടങ്ങിയ സംഘം ഷൂട്ടിങ്ങിനായി എത്തുന്നു. ക്യാമറാമാനും സംഘവും ഷൂട്ടിങ്ങിന്റെ തലേന്ന് തന്നെ ലൊക്കേഷനിൽ എത്തുന്ന കാഴ്ച ഞങ്ങൾക്ക് അത്ഭുതമുണ്ടാക്കി. ഇവർക്കൊക്കെ ഷൂട്ടിങ്ങിന്റെ അന്ന് ലൊക്കേഷനിൽ എത്തിയാൽ പോരെ എന്നാണ് ഞാൻ ചിന്തിച്ചത്.

അവർ വന്നതോടെ മലയാള സിനിമയുടെ വർക്ക്‌ കൾച്ചറും ലുക്ക്‌സും മാറി. എനിക്ക് തോന്നുന്നു മലയാള സിനിമയുടെ കളർ പാറ്റേൺ, കളർ സ്കീം എന്നിവയൊക്കെ മാറ്റിയത് ബിഗ് ബിയാണെന്ന്. ബിഗ്ബി വന്നതോടെ ഞങ്ങളുടെയൊക്കെ കാഴ്ചശീലം തന്നെ മാറി. എങ്ങനെ സൗണ്ട് ഉപയോഗിക്കണം, മ്യൂസിക് ഉപയോഗിക്കണം, ഓരോ സീനിനേയും എങ്ങനെ ബിൽഡ് അപ്പ് ചെയ്യണം എന്നൊക്കെ എനിക്ക് മനസിലായത് ബിഗ് ബിക്ക് ശേഷമാണ്. സിനിമയിൽ സീനുകളുടെ ദൈർഖ്യം എത്രത്തോളം ഇമ്പാക്ട് ഉണ്ടാക്കുമെന്നും ബിഗ് ബി നമുക്ക് കാണിച്ചു തന്നു,’ ഷൈൻ ടോം ചാക്കോ പറഞ്ഞു.

മേക്കിങ്ങിലും സ്റ്റോറി നറേഷനിലും സിനിമറ്റൊഗ്രാഫി, എഡിറ്റിങ്ങ് തുടങ്ങിയ ടെക്നിക്കൽ വശങ്ങളിലും പുതുമയോടെ പുറത്തിറങ്ങിയ ചലച്ചിത്രം തിയേറ്ററിൽ പരാജയമായി മാറിയെങ്കിലും മലയാളം ആക്ഷൻ-ഗ്യാങ്സ്റ്റർ സിനിമകളിൽ ഒരു കൾട്ട് ക്ലാസിക്കായി മാറാൻ ബിഗ് ബിക്കായി.

ഹാൻഡ് ഹെൽഡ് ഷോട്ടുകളും, സ്ലോ മോഷനും റഫ് എഡിറ്റിങ്ങുമൊക്കെ ഉപയോഗിച്ചിരിക്കുന്ന ചിത്രം അന്നുവരെ ഉണ്ടായിരുന്നതിൽ നിന്നും വ്യതസ്ഥമായ ഒരു കാഴ്ചാനുഭവമായിരുന്നു പ്രേക്ഷകർക്ക് നൽകിയത്.

2005ൽ അമേരിക്കൻ സംവിധായകനായ ജോൺ സിൻഗ്ലെട്ടൻ സംവിധാനം ചെയ്ത ഫോർ ബ്രദേഴ്സ് എന്ന ഹോളിവുഡ് ചിത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടായിരുന്നു അമൽ നീരദ് തന്റെ ആദ്യ സംവിധാന സംരഭമായ ബിഗ് ബി പുറത്തിറക്കിയത്.

പിൽക്കാലത്ത് മലയാള സിനിമയിലെ മികച്ച സിനിമറ്റോഗ്രാഫറും സംവിധായകനുമായിത്തീർന്ന സമീർ താഹിർ, പ്രമുഖ എഴുത്തുകാരനും തിരക്കഥാകൃത്തുമായ ഉണ്ണി.ആർ എന്നിവരൊക്കെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത് ബിഗ് ബിയിലൂടെയായിരുന്നു.

Content Highlights:big b is changing malayalam film industry said Shine Tom Chacko

We use cookies to give you the best possible experience. Learn more