ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മിന്നും ഫോമിൽ കളി തുടരുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. നീണ്ട കാലത്തെ കിരീട വരൾച്ചക്കും തിരിച്ചടികൾക്കും ശേഷം വീണ്ടും ട്രാക്കിലേക്ക് തിരിച്ചു വരാൻ യുണൈറ്റഡിന് സാധിച്ചിട്ടുണ്ട്. പുതിയ പരിശീലകനായ എറിക് ടെൻ ഹാഗിന് കീഴിലായിരുന്നു ക്ലബ്ബ് തങ്ങളുടെ പഴയ പ്രതാപത്തിലേക്ക് വീണ്ടും തിരിച്ചെത്തിയത്.
എന്നാലിപ്പോൾ ബാഴ്സലോണയിൽ നിന്നും യുണൈറ്റഡ് ഡിയോങിനെ സൈൻ ചെയ്യുകയാണെങ്കിൽ ക്ലബ്ബിന്റെ തലവര തന്നെ മാറും എന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ പ്രീമിയർ ലീഗ് താരമായ ഡാനി മർഫി.
ഡിയോങ് വന്നാൽ താരത്തിന് യുണൈറ്റഡ് ക്യാപ്റ്റനായ ബ്രൂണോ ഫെർണാണ്ടസുമായി ഒത്തൊരുമയോടെ കളിക്കാൻ സാധിക്കുമെന്നും ഇത് ക്ലബ്ബിന് വലിയ ഗുണം ചെയ്യുമെന്നുമാണ് ഡാനി മർഫി അഭിപ്രായപ്പെടുന്നത്.
നിലവിൽ ബ്രൂണോയും എറിക്സണും അടക്കി വാഴുന്ന യുണൈറ്റഡ് മധ്യ നിരയെ കൂടുതൽ ശക്തിപ്പെടുത്താൻ ഡിയോങിന്റെ സൈനിങ് കൊണ്ട് സാധിക്കും എന്നാണ് മർഫി അഭിപ്രായപ്പെടുന്നത്.
ടാൽക്സ്പോർട്സിന് നൽകിയ അഭിമുഖത്തിലായിരുന്നു യുണൈറ്റഡിനെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ മർഫി തുറന്ന് പറഞ്ഞത്.
“ലിവർപൂളിനെ ഏറ്റവും കൂടുതൽ ഭയപ്പെടുത്തുന്നത് എന്താണെന്ന് നിങ്ങൾക്കറിയാമോ? അത് ടെൻ ഹാഗും ഡിയോങും തമ്മിലുള്ള ബന്ധമാണ്.
കാരണം അവനൊരു അസാധ്യ പ്ലെയറാണ്. ബാഴ്സ ചില താരങ്ങളെ വിളിക്കുന്നുണ്ടെന്ന് കേൾക്കുന്നു. ചിലപ്പോൾ 100 മില്യൺ പൗണ്ടിന് ഡിയോങിനെ അവർ വിറ്റേക്കാം,’ മർഫി പറഞ്ഞു.
“ഡിയോങിന് എറിക്സണും കസെമീറോക്കുമെല്ലാമൊപ്പം മികവോടെ കളിക്കാൻ സാധിക്കും. ബ്രൂണോയുമായി അവൻ എളുപ്പത്തിൽ ഇണങ്ങിച്ചേരും, അങ്ങനെയെങ്കിൽ യുണൈറ്റഡിന് ഇനിയും മികവോടെ കളിക്കാൻ സാധിക്കും,’ ഡാനി മർഫി കൂട്ടിച്ചേർത്തു.
അതേസമയം പ്രീമിയർ ലീഗിൽ നിലവിൽ 24 മത്സരങ്ങളിൽ നിന്നും 15 വിജയങ്ങളോടെ 49 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് യുണൈറ്റഡ്.