‘കുട്ടിക്കാലം മുതൽക്കേ എനിക്ക് മോൾഡിങ് വളരെ ഇഷ്ടമായിരുന്നു. വീടിനടുത്തൊരു പുഴയുണ്ടായിരുന്നു പിന്നെ വയലും അവിടെ പോയി ഞാൻ മണ്ണ് എടുക്കും ഒരുപാട് രൂപങ്ങൾ ഉണ്ടാക്കും. എന്റെ പാഷൻ ആയിരുന്നു മോൾഡിങ്. ആദ്യം ഒന്നും വീട്ടുകാർക്ക് വലിയ ഇഷ്ടം അല്ലായിരുന്നു പക്ഷെ ഞാൻ വിടുമോ,’ ബിദുല പറഞ്ഞു. കണ്ണാടിക്കലിലെ നെൽവയലിൽ നിന്നും കളിമണ്ണ് ശേഖരിച്ച് വരുന്ന പഴയ കൗമാരക്കാരിയുടെ അതെ ഉത്സാഹം ബിദുലയുടെ കണ്ണുകളിൽ പ്രകാശിച്ചു.
കോഴിക്കോട് നഗരത്തിൽ നിന്നും ഏകദേശം 12 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കണ്ണാടിക്കലാണ് ബിദുല ജനിച്ചത്. നാട്ടിൽ മൺപാത്രങ്ങൾ നിർമിക്കുന്ന കുഞ്ഞികൃഷ്ണനാണ് ബിദുലയുടെയുള്ളിൽ മൺപാത്ര നിർമാണ വിത്തുകൾ പാകിയത്. തുടർന്ന് തൻ്റെ മേഖല ഇതാണെന്ന് തിരിച്ചറിഞ്ഞ ബിദുല കളിമൺ പാത്ര നിർമാണത്തിനും കരകൗശല വസ്തുക്കളുടെ നിർമാണത്തിനും മറ്റെന്തിനേക്കാളും പ്രാധാന്യം നൽകാൻ തീരുമാനിച്ചു. തന്റെ പാഷനെ മുറുകെ പിടിക്കാനുള്ള ബിദുലയുടെ കരുത്താണ് അവരെ ഇന്ന് കാണുന്ന നിലയിലേക്കുയർത്തിയത്.
കേവലം മൺപാത്ര നിർമാണങ്ങൾക്കപ്പുറം അലങ്കാര വസ്തുക്കൾ കൂടി കളിമണ്ണിൽ നിർമ്മിച്ചാണ് ബിദുല ഈ മേഖലയിൽ തന്റെ പേര് കൂടി കൊത്തി വെച്ചത്. വിവാഹശേഷം മൺപാത്ര നിർമാണ മേഖലയായ എലത്തൂർ എത്തിയ ബിദുലക്ക് മുന്നിൽ മൺപാത്ര നിർമാണത്തിന്റെ മറ്റൊരു ലോകം തുറന്ന് ലഭിക്കുകയായിരുന്നു. എല്ലാത്തിനും പിന്തുണയായി ഭർത്താവും കൂടെ നിന്നു.
ബി.കോം പൂർത്തിയാക്കിയ ശേഷം കർണാടകയിലെ ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് മൺപാത്ര നിർമാണ കോഴ്സ് പഠിച്ചതോടെയാണ് ബിദുല വാണിജ്യാടിസ്ഥാനത്തിൽ മൺപാത്ര നിർമാണം ആരംഭിക്കുന്നത്. താമസിയാതെ ബിദുല വീട്ടിൽ തന്നെ ഒരു പ്രൊഡക്ഷൻ യൂണിറ്റ് തുറന്നു. ഇപ്പോൾ ബിദുലക്ക് കേരളത്തിനകത്തും പുറത്തും നിന്ന് ഓർഡറുകൾ ലഭിക്കുന്നുണ്ട്.
ഉയർന്ന ഗുണമേന്മയുള്ള കളിമണ്ണ് ശേഖരിക്കുന്നതിനും ഗവേഷണം നടത്തുന്നതിലും ബിദുലക്ക് താത്പര്യം ഉണ്ട്. അവളുടെ ഉത്സാഹം കഴിഞ്ഞ 13 വർഷമായി ടെറാക്കോട്ട ഹോം ഡെക്കോർ മേഖലയിൽ വിജയിക്കാൻ ബിദുലയെ സഹായിച്ചു.
എന്റെ ആദ്യത്തെ മോഡൽ വീട്ടിൽ ജോലിക്ക് വരുന്ന കല്യാണി അമ്മയായിരുന്നു. അവർ എനിക്ക് ഇരുന്ന് തന്നു എന്നതാണ്. എന്നിലെ ആർട്ടിസ്റ്റിന് ലഭിച്ച വലിയൊരു സപ്പോർട്ട് ആയിരുന്നു അത്. ഇപ്പോഴും അന്ന് ചെയ്ത രൂപം എന്റെ വീട്ടിൽ ഉണ്ട്,’ ബിദുല പറഞ്ഞു. ടെറാക്കോട്ട മേഖലയിൽ തന്റേതായ സ്ഥാനം ഉണ്ടാക്കാൻ പരിശ്രമിക്കവെയാണ് ബിദുല ആർ.ടി മിഷനെക്കുറിച്ച് അറിയുന്നത്. ഉത്തരവാദിത്വ ടൂറിസം ഉദ്യോഗസ്ഥർ തന്നെ ബന്ധപ്പെട്ടെന്നും അത് തന്റെ മുന്നിൽ വലിയൊരു പാത തുറന്നിട്ടെന്നും ബിദുല പറയുന്നു.
ഉത്തരവാദിത്ത ടൂറിസം ധാരാളം അവസരങ്ങൾ പ്രദാനം ചെയ്തുകൊണ്ട് ബിദുലയുടെ ഉത്പന്നങ്ങൾക്ക് ദേശീയ ശ്രദ്ധ നൽകി. സൂരജ്കുണ്ഡ് ഇൻ്റർനാഷണൽ മേള 2023, ഇൻ്റർനാഷണൽ ടൂറിസം സമ്മിറ്റ് 2023, ഹൈ ഇന്ത്യ 2022, മലബാർ ക്രാഫ്റ്റ് മേള, എൻ്റെ കേരളം, സർഗല്യ ഇൻ്റർനാഷണൽ ആർട്ട് ആൻഡ് ക്രാഫ്റ്റ് ഫെസ്റ്റിവൽ തുടങ്ങി 300 ഓളം പ്രദർശനങ്ങൾ നടത്താനുള്ള അവസരം ബിദുലക്ക് ആർ.ടി മിഷൻ ഒരുക്കി നൽകി. കൂടുതൽ ആളുകളെ കളിമൺപാത്രങ്ങളുടെ ലോകത്തേക്ക് കൊണ്ടുവരാൻ ഉദ്ദേശിച്ച് കേരളത്തിലുടനീളം നിരവധി ശിൽപശാലകളും ബിദുല നടത്തിയിട്ടുണ്ട്.
കളിമൺ കലയോടുള്ള ബിദുലയുടെ അചഞ്ചലമായ പ്രതിബദ്ധതയെ അംഗീകരിച്ചുകൊണ്ട്, അടുത്തിടെ ഒ.ഐ.എസ്.സി.എ വനിതാ ചാപ്റ്ററിൻ്റെ ജ്വാല മുഖി അവാർഡ് നൽകി ബിദുലയെ ആദരിച്ചിരുന്നു. കേരള സാംസ്‌കാരിക വകുപ്പ് സംഘടിപ്പിച്ച സാംസ്‌കാരികോത്സവമായ ‘സമം’ വേദിയിൽ വെച്ച് അവരെ ആദരിക്കുകയും ജമ്മു-കശ്മീർ ഗവൺമെൻ്റിൻ്റെ ഗ്രാമവികസന വകുപ്പിൻ്റെയും പഞ്ചായത്തി രാജ് വകുപ്പിൻ്റെയും ‘അഭിനന്ദന സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തിരുന്നു.
ബിദുലയുടെ കരകൗശല ഉത്പന്നങ്ങളിൽ, ലാമ്പ്ഷെയ്ഡുകൾക്ക് ആണ് ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ളതിപ്പോൾ. കൂടുതൽ വൈവിധ്യമാർന്ന ഗൃഹാലങ്കാരങ്ങൾ നിർമിക്കുന്നതിനെക്കുറിച്ചാണ് ബിദുല ഇപ്പോൾ ചിന്തിക്കാൻ തുടങ്ങി. ഓൺലൈൻ വിൽപ്പന ചെയ്യുമ്പോൾ , പാക്കേജിങ്ങിലും കൊറിയർ സേവനങ്ങൾ കൈകാര്യം ചെയ്യുന്നതിലും ബുദ്ധിമുട്ടുണ്ട്. എന്നിരുന്നാലും ഈ വെല്ലുവിളികൾ എല്ലാം നേരിട്ട് മുന്നോട്ട് പോകാൻ തന്നെയാണ് ബിദുല തീരുമാനിച്ചിരിക്കുന്നത്.
Content Highlight: Bidula: The Artist Who Shaped Clay