വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന ആദ്യ ദിവസം ജനങ്ങളോട് നൂറ് ദിവസത്തേക്ക് മാസ്‌ക് ധരിക്കണം എന്നാണ് പറയുക എന്ന് പ്രഖ്യാപിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.
താനൊരിക്കലും മാസ്‌ക് ധരിക്കില്ലെന്ന ട്രംപിനുള്ള മറുപടിയായി കൂടിയാണ് ജോ ബൈഡന്റെ നിര്‍ദേശം വിലയിരുത്തപ്പെടുന്നത്. അതല്ല കൊവിഡ് 19 പ്രതിരോധിക്കുന്നതില്‍ ഡെമോക്രാറ്റിക് സര്‍ക്കാര്‍ കൊടുക്കുന്ന പ്രാധാന്യം വ്യക്തമാക്കാനാണ് ബൈഡന്‍ അമേരിക്കക്കാരോട് 100 ദിവസത്തേക്ക് മാസ്‌ക് ധരിക്കണമെന്ന് പറയുന്നതെന്നും വിലയിരുത്തലുകളുണ്ട്.
ഇതിനോടകം 275,000 പേരാണ് അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ മാസ്‌ക് ധരിക്കുന്നത് ശീലമാക്കണമെന്ന് ജോ ബൈഡന്‍ പറഞ്ഞിരുന്നു.
എന്നാല്‍ മാസ്‌ക് നിര്‍ബന്ധമാക്കണമെന്ന് പറയുന്നത് പ്രസിഡന്റിന്റെ അധികാരപരിധിയില്‍ വരുന്നതല്ലെന്ന് പറഞ്ഞ് ബൈഡന്റെ ആവശ്യത്തിനെതിരെ വിമര്‍ശനവും ഉയര്‍ന്നിരുന്നു.
സി.എന്‍.എന്‍ അവതാരകന്‍ ജെയ്ക്ക് ടാപ്പറുമായുള്ള സംഭാഷണത്തിലാണ് ജനുവരി 20ന് വൈറ്റ് ഹൗസില്‍ വെച്ച് അമേരിക്കന്‍ ജനതയോട് 100 ദിവസത്തേക്ക് എങ്കിലും നിങ്ങള്‍ നിര്‍ബന്ധമായി മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെടുമെന്ന് ബൈഡന്‍ പറഞ്ഞത്.
മാസ്‌ക് ധരിക്കുകയാണെങ്കില്‍ കൊറോണ വൈറസ് പടരുന്നത് വലിയ അളവില്‍ കുറക്കാന്‍ സാധിക്കുമെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.
വൈറ്റ് ഹൗസിലെ അവസാന ക്രിസ്തുമസ് ആഘോഷത്തിന്റെ തിരക്കിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും. അതിനിടെ തെരഞ്ഞെടുപ്പിലേറ്റ പരാജയം ട്രംപ് ഇതുവരെയും പൂര്‍ണമായി അംഗീകരിച്ചിട്ടില്ല.