| Wednesday, 17th February 2021, 8:01 am

ബൈഡന്‍ സംസാരിക്കും; മുഹമ്മദ് ബിന്‍ സല്‍മാനോടല്ല സല്‍മാന്‍ രാജാവിനോട്; അധികാരക്കളികളില്‍ ട്വിസ്റ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: സൗദി അറേബ്യയുമായുള്ള നയതന്ത്ര ബന്ധം സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനിലൂടെയല്ല സൗദി രാജാവ് സല്‍മാനിലൂടെയാണ് ബൈഡന്‍ മുന്നോട്ടു കൊണ്ടു പോകുക എന്ന് വൈറ്റ് ഹൗസ് അറിയിച്ചു. സല്‍മാന്‍ രാജാവിന്റെ മകനാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍.

പത്ര സമ്മേളനത്തിനിടെയാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി ഇക്കാര്യം വ്യക്തമാക്കിയത്. ബൈഡന്‍ അധികാരത്തിലെത്തിയതിന് പിന്നാലെ യു.എസില്‍ വരുന്ന ശ്രദ്ധേയമായ നയം മാറ്റമായി ഇത് വിലയിരുത്തപ്പെടും.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അദ്ദേഹത്തിന്റെ മരുമകനും മുതിര്‍ന്ന ഉപദേശകനുമായ ജാരദ് കുഷ്ണറും മുഹമ്മദ് ബിന്‍ സല്‍മാനുമായി മികച്ച ബന്ധം പുലര്‍ത്തിയിരുന്നു.

സൗദിയില്‍ അധികാരം കയ്യാളുന്നതില്‍ പ്രധാനിയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍. അടുത്ത രാജാവാകുമെന്ന് കരുതുന്നതും മുഹമ്മദ് ബിന്‍ സല്‍മാനെയാണ്. അതേസമയം സാങ്കേതികമായി ഇപ്പോഴും സൗദിയുടെ അധികാരം 85 കാരനായ സല്‍മാന്‍ രാജാവിനാണ്.

സല്‍മാന്‍ രാജാവുമായി സംസാരിക്കുമെന്നും അത് എന്നായിരിക്കും എന്നത് കൃത്യമായി അറിയില്ലെന്നും സാക്കി കൂട്ടിച്ചേര്‍ത്തു. സൗദി അറേബ്യയുമായുളള അമേരിക്കയുടെ ബന്ധം പുനര്‍വിചിന്തനം ചെയ്യുമെന്നത് തുടക്കം മുതല്‍ തന്നെ തങ്ങള്‍ വ്യക്തമാക്കിയതാണെന്നും സാക്കി പറഞ്ഞു.

ജോ ബൈഡന്‍ അധികാരമേറ്റതിന് പിന്നാലെ സൗദിയോടുള്ള നിലപാടുകള്‍ കടുപ്പിച്ചിരുന്നു. യെമനിലെ യുദ്ധമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സൗദിക്കെതിരെ കടുത്ത നിലപാടാണ് ബൈഡന്‍ സ്വീകരിച്ചത്. മനുഷ്യാവകാശത്തിന് പ്രധാന്യം നല്‍കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

യെമനില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കായി സൗദിക്ക് ആയുധങ്ങള്‍ നല്‍കുന്ന കരാറുള്‍പ്പെടെയുള്ള പിന്തുണ അവസാനിപ്പിക്കുമെന്ന് ജോ ബൈഡന്‍ അറിയിച്ചിരുന്നു.

സൗദിയോട് യെമന്‍ വിഷയത്തില്‍ നിലപാട് കടുപ്പിച്ച ബൈഡന്റെ നയം വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഇതിനുപുറമെ യെമനിലെ ഹൂതി ഗ്രൂപ്പുകളെ തീവ്രവാദികളായി പ്രഖ്യാപിച്ച ട്രംപിന്റെ നയവും ബൈഡന്‍ തിരുത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Biden to communicate with Saudi Arabia via King Salman, bypassing MBS

We use cookies to give you the best possible experience. Learn more