|

'ജനാധിപത്യത്തിന്റെ ഒരു എല്ലില്ല ഷി ജിന്‍ പിങിന്'; മുഖ്യ എതിരാളി ചൈന തന്നെയെന്ന് ബൈഡന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: ചൈനയുമായി കടുത്ത മത്സരത്തിന് തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. പക്ഷേ മത്സരത്തിന് ട്രംപിന്റെ രീതിയായിരിക്കില്ല താന്‍ പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

” ഞാന്‍ ട്രംപിനെപ്പോലെയായിരിക്കില്ല കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പോകുന്നത്. അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചുമാത്രമേ ഞങ്ങള്‍ മുന്നോട്ടു പോകുകയുള്ളൂ,” ബൈഡന്‍ പറഞ്ഞു.

ഞങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തിന്റെ ആവശ്യമില്ല, പക്ഷേ മത്സരത്തിന്റെ ആവശ്യമുണ്ടെന്നും ബൈഡന്‍ അഭിപ്രായപ്പെട്ടു. ചൈനയുടെ പ്രസിഡന്റ് ഷി ജിന്‍ പിങുമായി ഇതുവരെ സംസാരിച്ചിട്ടില്ലെന്നും ബൈഡന്‍ പറഞ്ഞു.

”എനിക്ക് അദ്ദേഹത്തെ നന്നായി അറിയാം. അദ്ദേഹം വലിയ ബുദ്ധിശാലിയും കര്‍ക്കശക്കാരനുമാണ്. പക്ഷേ അദ്ദേഹത്തിന് ജനാധിപത്യത്തിന്റെ ഒരെല്ലില്ല. ഇതൊരു വിമര്‍ശനമായി പറയുന്നതല്ല, ഇതാണ് യാഥാര്‍ത്ഥ്യം,” ബൈഡന്‍ പറഞ്ഞു.

ചൈനയുടെ സാമ്പത്തിക ചൂഷണങ്ങളെ എതിര്‍ക്കുമെന്നും ബൈഡന്‍ വ്യക്തമാക്കി. അമേരിക്ക തങ്ങളുടെ മുഖ്യ എതിരാളിയായി കാണുന്നത് ചൈനയെ ആയിരിക്കുമെന്നും ബൈഡന്‍ സി.എന്‍.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളായ ബെയ്ജിങ്ങും വാഷിംഗ്ടണും തമ്മിലുള്ള സംഘര്‍ഷം ട്രംപ് ഭരണത്തിന്‍ കീഴില്‍ രൂക്ഷമായിരുന്നു. ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഇരുരാജ്യങ്ങളും തമ്മില്‍ നേരത്തെയുണ്ടായിരുന്നു.

വ്യാപാര കരാറുകള്‍, കൊവിഡ് മഹാമാരി തുടങ്ങിയ വിഷയങ്ങളില്‍ ട്രംപ് ചൈനക്കെതിരെ കടുത്ത നിലപാടുകള്‍ സ്വീകരിച്ചിരുന്നു.

യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ചൈനീസ് വക്താവുമായി നേരത്തെ സംസാരിച്ചിരുന്നു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച ക്വാഡ് സഖ്യവുമായി മുന്നോട്ട് പോകുമെന്ന് യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവന്‍ നേരത്തെ പറഞ്ഞിരുന്നു.

അമേരിക്ക, ജപ്പാന്‍, ഓസ്ട്രേലിയ, ഇന്ത്യ എന്നീ നാലു രാജ്യമാണ് ഇന്തോ പെസഫിക് സഖ്യത്തിലുള്ളത്. ഏഷ്യന്‍ നാറ്റോ എന്നുകൂടി ഈ സഖ്യത്തെ വിളിക്കാറുണ്ട്.

വിദേശനയത്തിലെ മുന്‍ഗണനാ വിഷയമായി ചതുര്‍രാഷ്ട്ര സഖ്യമായ ക്വാഡിനെ മാറ്റിയത് ട്രംപിന്റെ കാലത്താണ്. ചൈനയെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപ് ചതുര്‍രാഷ്ട്ര സഖ്യത്തിന് വലിയ പ്രാധാന്യം നല്‍കിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Biden says there will be ‘extreme competition’ with China