വാഷിങ്ടൺ: വരാനിരിക്കുന്ന യു.എസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെ പരാജയപ്പെടുത്താൻ കഴിയില്ലെന്ന പ്രചാരണങ്ങൾ തള്ളിക്കളഞ്ഞ് ജോ ബൈഡൻ. വെള്ളിയാഴ്ച എ.ബി.സി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ബൈഡൻ ഇക്കാര്യം തുറന്നു പറഞ്ഞത്.
ഡൊണാൾഡ് ട്രംപിനോട് തോറ്റാൽ എന്ത് തോന്നുമെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് താൻ ഏറ്റവും നല്ല മത്സരാർത്ഥിയാണെന്നും ട്രംപിനെ തോൽപിക്കാൻ തനിക്കാവും എന്നും അദ്ദേഹം മറുപടി പറഞ്ഞു.
കോൺഗ്രസിലെ നാല് അംഗങ്ങൾ ബൈഡനോട് തെരഞ്ഞെടുപ്പിൽ നിന്നും മാറിനിൽക്കാൻ ആഹ്വാനം ചെയ്തിരുന്നു. വെള്ളിയാഴ്ച, പ്രമുഖ ദാതാക്കളും അക്കാദമിക് വിദഗ്ധരും ഉൾപ്പെടെ 168 ഉയർന്ന ഡെമോക്രാറ്റിക് പാർട്ടി അനുഭാവികളുടെ ഒരു സംഘം പ്രചാരണത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ബൈഡനു ഒരു കത്ത് അയച്ചതായി റിപ്പോർട്ടുണ്ട്,
ഇതിനു പിന്നാലെയാണ് താൻ എന്ത് വന്നാലും പിന്നോട്ടില്ലെന്നും ദൈവത്തിന് മാത്രമേ തന്നെ പിന്തിരിപ്പിക്കാൻ സാധിക്കുകയുള്ളൂ എന്ന പ്രസ്താവനയുമായി ബൈഡൻ രംഗത്ത് വന്നത്. പ്രസിഡന്റാകാനോ ഈ മത്സരത്തിൽ വിജയിക്കാനോ തന്നെ പോലെ യോഗ്യത ഉള്ള വേറെ ആൾ ഇല്ലെന്നും ബൈഡൻ പറഞ്ഞു.
Content Highlight: Biden says he’ll only listen to ‘Lord Almighty’