| Sunday, 2nd June 2024, 8:14 pm

പിഴവുകൾ നിറഞ്ഞ പദ്ധതികളാണ് ​ഗസയിൽ സമാധാനം കൊണ്ടുവരാൻ ബൈഡൻ അവതരിപ്പിച്ചത്: നെതന്യാഹുവിന്റെ ഉപദേഷ്ടാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍അവീവ്: യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ഗസയില്‍ സമാധാനം കൊണ്ടുവരാനുള്ള പദ്ധതികളില്‍ പിഴവുണ്ടെന്നറിഞ്ഞിട്ടും ഇസ്രഈല്‍ അത് അംഗീകരിച്ചെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വിദേശ നയ ഉപദേഷ്ടാവ് ഓഫിര്‍ ഫാല്‍ക്ക്.

‘ബൈഡന്‍ അവതരിപ്പിച്ച പദ്ധതികളില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പുണ്ട്. നിരവധി പിഴവുകളുള്ള പദ്ധതികളായിരുന്നു അത്. എങ്കിലും അവ ഞങ്ങള്‍ അംഗീകരിച്ചു,’ ഫാല്‍ക്ക് പറഞ്ഞു.

ബ്രിട്ടനിലെ സണ്‍ഡേ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഫാല്‍ക്കിന്റെ പ്രസ്താവന. ഇതൊരു നല്ല ഇടപാടല്ലെന്ന് അറിഞ്ഞിട്ടും അതിന് സമ്മതിച്ചത് ബന്ദി മോചനത്തിന് വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹമാസിന്റെ കീഴിലുള്ള ബന്ദികളെ മോചിപ്പിക്കല്‍, ഇസ്രഈല്‍ സൈന്യത്തെ ഗസയില്‍ നിന്ന് പിന്‍വലിക്കല്‍, സ്ഥിരമായ വെടിനിര്‍ത്തല്‍, തടവുകാരെ കൈമാറല്‍ എന്നിവയാണ് ഗസയില്‍ സമാധാനം കൊണ്ടുവരാന്‍ ബൈഡന്‍ മുന്നോട്ട് വെച്ച പദ്ധതികള്‍.

പദ്ധതി അംഗീകരിച്ചെങ്കിലും സ്ഥിരമായി വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിന് മുമ്പ് ഹമാസിനെ മുഴുവനായി തീര്‍ക്കണമെന്ന് ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ലക്ഷ്യങ്ങൾ പൂർണമായും പൂർത്തിയാക്കുന്നത് വരെ വെടിനിർത്തൽ സാധ്യമല്ലെന്നാണ് നെതന്യാഹു പറഞ്ഞത്.

വെടിനിര്‍ത്തല്‍ അംഗീകരിച്ചാല്‍ സര്‍ക്കാരിനെ താഴെ ഇറക്കുമെന്ന തരത്തില്‍ മന്ത്രിമാരില്‍ നിന്ന് വലിയ സമ്മര്‍ദം നെതന്യാഹുവിന് ഉണ്ട്. ബന്ദിമോചനം ആവശ്യപ്പെട്ട് ശനിയാഴ്ച ടെല്‍അവീവില്‍ വലിയ പ്രതിഷേധ പ്രകടനവും നടന്നിരുന്നു.

Content Highlight: Biden’s Gaza plan ‘not a good deal’ but Israel accepts it, Netanyahu aide says

We use cookies to give you the best possible experience. Learn more