| Thursday, 4th January 2024, 12:42 pm

ബൈഡന്റെ ഇസ്രഈല്‍ പിന്തുണയില്‍ പ്രതിഷേധിച്ച് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥന്‍ താരിഖ് ഹബാഷ് രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: യു.എസില്‍ ബൈഡന്റെ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥന്‍ താരിഖ് ഹബാഷ് രാജിവെച്ചു. ഇസ്രഈലിന് തുടര്‍ച്ചയായി പിന്തുണ നല്‍കുന്ന അമേരിക്കയുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് രാജി പ്രഖ്യാപിച്ചത്.

യു.എസ് ഭരണകൂടത്തിലെ ഒരേയൊരു ഫലസ്തീന്‍ അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ഇപ്പോള്‍ നടപ്പിലാക്കുന്ന തുലത്യയുടെയും നീതിയുടെയും കാര്യത്തില്‍ എനിക്ക് എതിര്‍പ്പുണ്ട്. അതുകൊണ്ടാണ് ഈ തീരുമാനം എടുക്കുന്നതെന്ന് ഹബാഷ് രാജിക്കത്തില്‍ വ്യക്തമാക്കി.

ബൈഡന്‍-ഹാരിസ് നടപടികള്‍ ലക്ഷകണക്കിന് പാവങ്ങളുടെ ജീവിതം അപകടത്തിലാക്കി. അതുപോലെ 2.3 മില്യണ്‍ ഫലസ്തീനികള്‍ ഇസ്രഈലിന്റെ വംശ്യഹത്യക്കും ഇരയായി.

ഗസയില്‍ യുദ്ധം ആരംഭച്ചതിന് ശേഷം നിരവധി ഉദ്യോഗസ്ഥര്‍ രാജിവെച്ചിരുന്നു. താരിഖ് ഹബാഷ് രാജിവയ്ക്കുന്നതിന് മുമ്പ് ആയുധങ്ങള്‍ കൈമാറ്റം ചെയ്യുന്ന ഉദ്യോഗസ്ഥന്‍ ജോഷ് പോള്‍ രാജി സമര്‍പ്പിച്ചിരുന്നു.

ഒരു പലസ്തീന്‍ അമേരിക്കന്‍ ക്രിസ്ത്യനാണ് ഹബാഷ്. അദ്ദേഹത്തിന്റെ കുടുംബവും ഇസ്രഈലില്‍ നിന്ന് ഇത്തരം യാതനകള്‍ അനുഭിച്ചിട്ടുണ്ട്.

‘എന്റെ ബന്ധുക്കള്‍ അവരുടെ കുടുംബ വീടുകളിലേക്ക് പോയിട്ട് 75 വര്‍ഷമായി. ഇതുവരെ ഇസ്രഈല്‍ ഭരണകൂടം അതിന് അനുവദിച്ചിട്ടില്ല. പതിറ്റാണ്ടുകളായി ദശലക്ഷക്കണക്കിന് ഫലസ്തീനികളാണ് അധിനിവേശം, വംശീയ ഉന്മൂലനം, വര്‍ണ്ണവിവേചനം എന്നിവ അനുഭവിക്കുന്നുത്. ഇപ്പോള്‍ ബൈഡന്‍ ഭരണകൂടവും ഈ അവസ്ഥയെ അംഗീകരിക്കുകയാണ്. ഇത് ജനാധിപത്യവിരുദ്ധമാണ് ‘ കത്തില്‍ പറയുന്നു.

‘നിരപരാധികളെ ആക്രമിക്കുന്ന ഒരു സര്‍ക്കാരിന് ഞങ്ങളുടെ സര്‍ക്കാര്‍ നിരുപാധികമായ സൈനിക ധനസഹായം നല്‍കുന്നു. അത് ഇപ്പോഴും തുടരുകയും ചെയ്യുന്നു’ഹബാഷ് പറയുന്നു.

ഇസ്രഈല്‍ യുദ്ധത്തില്‍ ബൈഡന്‍ സ്വീകരിക്കുന്ന നടപടിയില്‍ അതൃപ്തിയുള്ളവരാണ് രാജി വെയ്ക്കുന്നത്. ബൈഡന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഭരണത്തിലും യു.എസ് കോണ്‍ഗ്രസിലും കഴിഞ്ഞ കുറച്ച് മാസങ്ങളായി പിരിമുറുക്കമുണ്ട്. ബൈഡന്റെ ഇസ്രഈല്‍ നയത്തിന് സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നുമുള്ള അതൃപ്തി കൂടുന്നുണ്ട്.

ഇസ്രഈല്‍ ഗസ, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളില്‍ നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് ഒക്ടോബറില്‍ മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഒക്ടോബര്‍ 7-നാണ് തെക്കന്‍ ഇസ്രഈലില്‍ ഹമാസ് പ്രത്യാക്രമണം നടത്തിയത്. തുടര്‍ന്ന് ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് ഇസ്രഈല്‍ ആക്രമണം തുടങ്ങി. ഗസയില്‍ കരയാക്രമണം നടത്തുകയും ചെയ്തു. അതില്‍ ഇതുവരെ 21,000 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. അതില്‍ ബഹുഭൂരിപക്ഷവും സ്ത്രീകളും കുട്ടികളുമാണെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതിനുപുറമേ, ഇസ്രഈലിന്റെ സൈനികര്‍ 1.8 ദശലക്ഷം ഫലസ്തീനികളെ കുടിയൊഴിപ്പിക്കുകയും, പള്ളികളും ആശുപത്രികളും ഉള്‍പ്പെടെയുള്ളവ ലക്ഷ്യം വയ്ക്കുകയും ചെയ്യുന്നു.

ഇസ്രഈലും യു.എസും ഫലസ്തീനികള്‍ക്കെതിരായ വംശഹത്യയില്‍ കോടതിനടപടികള്‍ നേരിടുന്നുണ്ട്. ഇസ്രഈലിന് എല്ലാവിധ നയതന്ത്ര സഹായവും യു.എസ് നല്‍ക്കുന്നുണ്ട്. അതുപോലെ സൈനിക സഹായവും.

കോണ്‍ഗ്രസിന്റെ തീരുമാനത്തെ മറികടന്ന് ഇസ്രഈലിലേക്ക് പീരങ്കികളും യുദ്ധോപകരണങ്ങളും അയയ്ക്കാന്‍ ബൈഡന്‍ ഭരണകൂടം രണ്ട് തവണ അടിയന്തര അധികാരം ഉപയോഗിച്ചിരുന്നു.

ഗസയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ പ്രമേയം വീറ്റോ ചെയ്ത ഏക രാജ്യവും യു.എസായിരുന്നു. ഈ ആവശ്യത്തെ കൗണ്‍സിലിലെ ഭൂരിപക്ഷവും മറ്റ് രാജ്യങ്ങളും പിന്തുണച്ചിരുന്നു.

യുഎസിലെ പൊതുജനാഭിപ്രായ വോട്ടെടുപ്പുകളിലും ബൈഡന്റെ സമീപനത്തോട് പ്രതികൂലമായ നിലപാടാണുള്ളത്.
ന്യൂയോര്‍ക്ക് ടൈംസ് നടത്തിയ ഒരു വോട്ടെടുപ്പില്‍ പകുതിയോളം അമേരിക്കകാരും ഇസ്രഈല്‍ മനഃപൂര്‍വം ഗസയില്‍ ആക്രമണം നടത്തുകയാണെന്നും അതസമയം 70 ശതമാനം പേരും ബൈഡന്‍ ഇസ്രഈല്‍ ആക്രമണത്തെ കൈകാര്യം ചെയ്യുന്നതിനെ അംഗീകരിക്കുന്നില്ല എന്നും വ്യക്തമാക്കി.

Content Highlights: Biden’s education official resigns over Israel-Gaza policy

We use cookies to give you the best possible experience. Learn more