വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ വളര്‍ത്തുനായ വീണ്ടും വൈറ്റ് ഹൗസിലെ ജീവനക്കാരനെ കടിച്ചു. നേരത്തെ വൈറ്റ് ഹൗസിലെ മറ്റൊരു ജീവനക്കാരനെ ആക്രമിച്ചതുകൊണ്ട് ബൈഡന്റെ വളര്‍ത്തു നായ മേജറിനെ പ്രത്യേക പരിശീലനത്തിന് അയച്ചിരുന്നു.
ട്രെയിനിങ്ങ് കഴിഞ്ഞ് തിരിച്ചു വന്നതിന് പിന്നാലെയാണ് വീണ്ടും വളര്‍ത്തു നായ ജീവനക്കാരനെ കടിച്ചത്.
ബൈഡന് ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തിലുള്ള രണ്ട് നായ്ക്കളാണ് ഉള്ളത്. ഇതില്‍ മേജര്‍ എന്ന് പേരുള്ള വളര്‍ത്തു നായയാണ് വീണ്ടും വൈറ്റ് ഹൗസിലെ ജീവനക്കാരനെ ആക്രമിച്ചത്.
പുതിയ സാഹചര്യങ്ങളുമായി മേജര്‍ ഇനിയും പൊരുത്തപ്പെട്ടിട്ടില്ല. അതുകൊണ്ടാണ് വീണ്ടും ആക്രമിച്ചതെന്ന് ബൈഡന്റെ വക്താവ് മൈക്കല്‍ ലാ രോസ പറഞ്ഞു.
2018ലാണ് ചാംപ്, മേജര്‍ എന്നീ പേരുള്ള രണ്ട് നായ്ക്കളെ ബൈഡന്‍ ദത്തെടുക്കുന്നത്. മേജര്‍ നേരത്തെയും പല വേദികളില്‍ ആക്രമണോത്സുകമായ രീതിയില്‍ പെരുമാറിയിട്ടുണ്ട്. ആളുകള്‍ക്ക് നേരെ കുരക്കുകയും ചാടുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തതിന്റെ പേരില്‍ ബൈഡന് പല തവണ പഴി കേട്ടിട്ടുണ്ട്.
മേജറിനെയും ചാംപിനെയും നേരത്തെ തന്നെ വീട്ടിലേക്ക് മാറ്റാന്‍ തീരുമാനിച്ചതായിരുന്നെന്നും വൈകാതെ അവര്‍ വൈറ്റ് ഹൗസിലേക്ക് മടങ്ങിയെത്തുമെന്നും ജെന്‍ സാകി അറിയിച്ചിരുന്നു. തുടരെ തുടരെ വൈറ്റ് ഹൗസിലെ ജീവനക്കാരെ ആക്രമിക്കുന്നതുകൊണ്ട് യു.എസ് മാധ്യമങ്ങളില്‍ സജീവ സാന്നിധ്യമാണ് ബൈഡന്റെ മേജറും ചാംപും.