ബൈഡന്‍ ഒരു മോശം ഫലസ്തീനി, ദുര്‍ബലന്‍; ലക്ഷ്യം കൈവരിക്കാന്‍ ഇസ്രഈലിനെ അനുവദിക്കൂ; ബൈഡനുമായുള്ള സംവാദത്തില്‍ ട്രംപ്
World
ബൈഡന്‍ ഒരു മോശം ഫലസ്തീനി, ദുര്‍ബലന്‍; ലക്ഷ്യം കൈവരിക്കാന്‍ ഇസ്രഈലിനെ അനുവദിക്കൂ; ബൈഡനുമായുള്ള സംവാദത്തില്‍ ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th June 2024, 1:17 pm

ന്യൂയോര്‍ക്ക്: 2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആദ്യ സംവാദത്തില്‍ ഏറ്റുമുട്ടി യു.എസ് പ്രസിഡന്റ് ജോ ബൈഡനും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ഡൊണാള്‍ഡ് ട്രംപും. 90 മിനിറ്റ് ദൈര്‍ഘ്യമുള്ള സംവാദത്തിലാണ് ഇരുവരും പങ്കെടുത്തത്.

ട്രംപ് അധികാരമേറ്റതിന് പിന്നാലെ തകര്‍ന്ന സമ്പദ്‌വ്യവസ്ഥയെ കുറിച്ചും നിരവധി ആളുകള്‍ മരിച്ച കൊവിഡ് 19 മഹാമാരിയെ ട്രംപ് കൈകാര്യം ചെയ്ത രീതിയെ വിമര്‍ശിച്ചുകൊണ്ടുമായിരുന്നു ബൈഡന്‍ ചര്‍ച്ച ആരംഭിച്ചത്.

ഇതോടെ ബൈഡന്‍ ഭരണകൂടത്തിന്റെ വീഴ്ചകള്‍ എണ്ണി പറഞ്ഞ് ട്രംപും തിരിച്ചടിച്ചു. ‘പ്രസിഡന്റ് അദ്ദേഹത്തിന്റെ ജോലി കൃത്യമായി ചെയ്തില്ല. മോശമായാണ് ആ പദവിയില്‍ നിന്ന് പ്രവര്‍ത്തിച്ചത്. ഇന്ന് വിലക്കയറ്റം നമ്മുടെ രാജ്യത്തെ കൊല്ലുന്നു. ഇത് ജനങ്ങളെ തീര്‍ത്തും കൊല്ലുകയാണ്, ട്രംപ് പറഞ്ഞു.

റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിലേക്കും ഇരുവരുടേയും സംവാദം നീണ്ടു. വിദേശനയവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പ്രധാനമായും ഉയര്‍ന്നുവന്നത് ഗസയിലെയും ഉക്രെയ്‌നിലെയും യുദ്ധങ്ങളായിരുന്നു. ഉക്രെയ്നിന് അമേരിക്ക നല്‍കുന്ന പിന്തുണ സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നായിരുന്നു ട്രംപ് അവകാശപ്പെട്ടത്.

‘ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഒരു യുദ്ധമാണ്. ഈ യുദ്ധത്തില്‍ ഞങ്ങള്‍ക്ക് ഒരു നേതാവുണ്ടെങ്കില്‍, അയാള്‍ ഇപ്പോള്‍ 200 ബില്യണ്‍ ഡോളറോ അതിലധികമോ ഉക്രെയ്നിന് നല്‍കിയിട്ടുണ്ട്, അത് വലിയൊരു തുകയാണ്. ഓരോ തവണയും സെലന്‍സ്‌കി ഈ രാജ്യത്തേക്ക് വരുമ്പോള്‍ 60 ബില്യണ്‍ ഡോളറുമായിട്ടാണ് അദ്ദേഹം സ്ഥലംവിടുന്നത്,’ ട്രംപ് പറഞ്ഞു.

ഉക്രെയ്‌നിലെയും മിഡില്‍ ഈസ്റ്റിലെയും യുദ്ധം തടയാന്‍ കഴിയാത്ത ബൈഡന്റെ വിദേശനയത്തെയും ട്രംപ് രൂക്ഷമായി വിമര്‍ശിച്ചു.

എന്നാല്‍ ഉക്രെയ്‌നിനുള്ള സൈനിക സഹായം യു.എസ് നിര്‍മിത ആയുധങ്ങളുടെ രൂപത്തിലാണ് വിതരണം ചെയ്തതെന്നും യു.എസ് മാത്രമല്ല മറ്റ് പാശ്ചാത്യ രാജ്യങ്ങളും കൂട്ടായി സമാനമായ അളവില്‍ ഉക്രെയ്‌ന് സഹായം നല്‍കിയിട്ടുണ്ടെന്നും ബൈഡന്‍ തിരിച്ചടിച്ചു.

റഷ്യയുടെ അധിനിവേശത്തില്‍ ഉക്രെയ്നെ സഹായിക്കാന്‍ തനിക്ക് മറ്റ് 50 രാജ്യങ്ങളുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്നായിരുന്നു ബൈഡന്‍ പറഞ്ഞത്.

വൈറ്റ് ഹൗസിലേക്കുള്ള തന്റെ ആദ്യ ടേമില്‍ ഒരു പോണ്‍ താരവുമായുള്ള വിവാഹേതര ബന്ധവും ഇത് പുറത്തറിയിക്കാതിരിക്കാന്‍ അവര്‍ക്ക് പണം നല്‍കിയ കാര്യവും ട്രംപിനെതിരെ ബൈഡന്‍ പ്രയോഗിച്ചു.

‘ഈ വേദിയിലുള്ള ഒരേയൊരു കുറ്റവാളി ഞാന്‍ ഇപ്പോള്‍ നോക്കുന്ന മനുഷ്യനാണ്, ട്രംപിന് ഒരു പൂച്ചയുടെ ധാര്‍മ്മികത മാത്രമേയുള്ളൂ,’ ബൈഡന്‍ പറഞ്ഞു.

ഇതിനെ പിന്നാലെ യഥാര്‍ത്ഥ കുറ്റവാളി ബൈഡനാണെന്ന് പറഞ്ഞ് ട്രംപ് രംഗത്തെത്തി. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്തുപോകുമ്പോള്‍ ബൈഡന്‍ നേരിടേണ്ടി വരുന്നത് വലിയ ആരോപണങ്ങളേയും വിചാരണകളേയും ആയിരിക്കുമെന്നും ട്രംപ് പറഞ്ഞു.

അനധികൃത കുടിയേറ്റം, ഇസ്രഈല്‍-ഗസ യുദ്ധം തുടങ്ങിയ വിഷയങ്ങളെല്ലാം സംവാദത്തിന്റെ ഭാഗമായി. ഗസയ്ക്കെതിരായ ഇസ്രഈലിന്റെ യുദ്ധത്തെ ബൈഡന്‍ വേണ്ടത്ര പിന്തുണച്ചില്ലെന്നായിരുന്നു ട്രംപ് പറഞ്ഞത്. ഗസക്കെതിരായ ഇസ്രഈലിന്റെ നടപടിയെ താന്‍ പിന്തുണയ്ക്കുന്നെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഇസ്രഈല്‍ നിര്‍ദ്ദേശിച്ച വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കാത്തതിന് ഹമാസിനെ കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു ബൈഡന്‍ സംസാരിച്ചത്. യുദ്ധം തുടരാന്‍ ആഗ്രഹിക്കുന്നത് ഹമാസ് മാത്രമാണ്. സ്ഥിരമായ വെടിനിര്‍ത്തല്‍ കരാറിനെ എതിര്‍ക്കുന്നുവെന്ന് നെതന്യാഹു പരസ്യമായി പറഞ്ഞുകഴിഞ്ഞെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇതിന് പിന്നാലെ യഥാര്‍ത്ഥത്തില്‍ ഇസ്രഈല്‍ ആണ് യുദ്ധം തുടരാന്‍ ആഗ്രഹിക്കുന്നതെന്നും നിങ്ങള്‍ അവരെ വിട്ടയക്കുകയും ജോലി പൂര്‍ത്തിയാക്കാന്‍ അവരെ അനുവദിക്കുകയും വേണമെന്നും ട്രംപ് പറഞ്ഞു.

‘ബൈഡന്‍ അത് ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. അദ്ദേഹം ഒരു ഫലസ്തീനിയെപ്പോലെ ആയിത്തീര്‍ന്നു, പക്ഷേ അവര്‍ ബൈഡനെ ഇഷ്ടപ്പെടുന്നില്ല, കാരണം ബൈഡന്‍ ഒരു മോശം ഫലസ്തീനിയാണ്. അദ്ദേഹം ദുര്‍ബലനാണ്,’ ട്രംപ് പറഞ്ഞു.

ഗസയ്ക്കെതിരായ യുദ്ധത്തില്‍ ഈ നിലപാടായിരുന്നില്ല ഒരു മാസം മുന്‍പ് മറ്റൊരു പരിപാടിയില്‍ പങ്കെടുത്ത് ട്രംപ് പറഞ്ഞത്.

റേഡിയോ അവതാരകനായ ഹ്യൂ ഹെവിറ്റുമായി നടത്തിയ അഭിമുഖത്തില്‍ യുദ്ധം അവസാനിപ്പിക്കണമെന്നും ആളുകളെ കൊല്ലുന്നത് നിര്‍ത്തണമെന്നും സമാധാനത്തിലേക്ക് മടങ്ങണമെന്നുമായിരുന്നു ട്രംപ് പറഞ്ഞത്.

എന്നാല്‍ ഇന്നലത്തെ സംവാദത്തില്‍ സമയമെടുത്തിട്ടാണെങ്കിലും ഗസയില്‍ ഇസ്രഈല്‍ അവരുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത് എന്നായിരുന്നു ട്രംപ് പറഞ്ഞത്.

അതേസമയം ഗസക്കെതിരെ ഇസ്രഈല്‍ യുദ്ധം തുടങ്ങിയ ഘട്ടം മുതല്‍ ഇസ്രഈലിന് പിന്നില്‍ ഉറച്ചുനിന്ന വ്യക്തിയാണ് ബൈഡന്‍, യുദ്ധ സമയത്ത് ഇസ്രഈല്‍ സന്ദര്‍ശിച്ച ആദ്യ യു.എസ് പ്രസിഡന്റായി ബൈഡന്‍ മാറുകയും ചെയ്തു.

ദശലക്ഷക്കണക്കിന് ഡോളര്‍ ആയുധങ്ങളും യുദ്ധോപകരണങ്ങളുമാണ് ഇസ്രായേലിലേക്ക് ബൈഡന്‍ ഭരണകൂടം കയറ്റി അയച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തിന് അധിക സൈനിക പിന്തുണയും യു.എസ് നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്.

യുദ്ധത്തിന് ബൈഡന്‍ നല്‍കുന്ന പിന്തുണ അദ്ദേഹത്തെ പൊതുജനങ്ങള്‍ക്കിടയില്‍ അപ്രിയനാക്കിയിട്ടുണ്ടെന്നും ഗസയ്‌ക്കെതിരായ ബൈഡന്റെ നിലപാട് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ബൈഡന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുമെന്നുമുള്ള റിപ്പോര്‍ട്ട് മാര്‍ച്ച് മാസത്തില്‍ ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ചിരുന്നു. ബൈഡന്‍ അനുകൂലികള്‍ക്കിടയില്‍ ഇത്തരമൊരു ആശങ്കയുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്.

Content Highlight: Biden’s ‘a bad Palestinian’: Trump says he wants Israel to continue Gaza war