| Tuesday, 22nd December 2020, 9:41 am

'ഒന്നും പേടിക്കാനില്ല'; ടെലിവിഷനില്‍ ലൈവായി വാക്‌സിന്‍ സ്വീകരിച്ച് ബൈഡന്‍; ട്രംപിനെ നോക്കി ലോകം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ടെലിവിഷനില്‍ ലൈവായി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. വാക്‌സിനെതിരെ പ്രചരണങ്ങള്‍ ശക്തമാകവേയാണ് ഒന്നും പേടിക്കാനില്ലെന്ന് പറഞ്ഞുകൊണ്ട് ബൈഡന്‍ വാക്‌സിന്‍ സ്വീകരിച്ചത്.
ഫൈസര്‍ ആന്‍ഡ് ബയോഎന്‍ടെക്ക് വാക്‌സിനാണ് ജോ ബൈഡന്‍ സ്വീകരിച്ചത്.

ഡെലാവയറിലെ ക്രിസ്റ്റ്യാന കെയേഴ്‌സ് ക്രിസ്റ്റ്യാന് ഹോസ്പിറ്റലില്‍ വെച്ചാണ് ബൈഡന്‍ തന്റെ വലതു കയ്യില്‍ വാക്‌സിന്‍ സ്വീകരിച്ചത്.

ധ്രുതഗതിയില്‍ അമേരിക്കയില്‍ വാക്‌സിന്‍ എത്തിച്ചതില്‍ ട്രംപ് ഭരണവും പ്രശംസ അര്‍ഹിക്കുന്നുവെന്ന് ബൈഡന്‍ പറഞ്ഞു.

” വാക്‌സിന്‍ വലിയ വിശ്വാസം തന്നെയാണ്. ഞാനിപ്പോള്‍ വാക്‌സിനേഷന്‍ എടുത്തുകൊണ്ട് പറയാന്‍ ഉദ്ദേശിക്കുന്നത് ആളുകള്‍ തയ്യാറായി നില്‍ക്കണമെന്നാണ്. ഒന്നും പേടിക്കാനില്ല. ഞാനും ഭാര്യ ജില്ലും രണ്ടാം ഘട്ടം നോക്കി നില്‍ക്കുകയാണ്,” ബൈഡന്‍ പറഞ്ഞു.

പ്രസിഡന്റായി ചുമതലയേറ്റാല്‍ ആദ്യമായി ജനങ്ങളോട് പറയുക 100 ദിവസത്തേക്ക് നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം എന്നാണെന്ന് ബൈഡന്‍ പറഞ്ഞിരുന്നു.

വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസും അടുത്ത ആഴ്ച വാക്‌സിന്‍ സ്വീകരിക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിലവിലെ മൈക്ക് പെന്‍സും ഭാര്യയും കഴിഞ്ഞ ആഴ്ച വാക്‌സിന്‍ സ്വീകരിച്ചിരുന്നു. അതേസമയം ഡൊണാള്‍ഡ് എന്ന് വാക്‌സിന്‍ സ്വീകരിക്കുമെന്നത് സംബന്ധിച്ച് ഇതുവരെയും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല.

അതേസമയം ലോകത്ത് കൊവിഡ് വൈറസിന്റെ പുതിയ സ്‌ട്രെയിന്‍ കണ്ടെത്തിയത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ബ്രിട്ടനു പുറമേ
ഡെന്‍മാര്‍ക്ക്, ഓസ്‌ട്രേലിയ, ഇറ്റലി, നെതര്‍ലാന്റ്‌സ് തുടങ്ങിയ രാജ്യങ്ങളിലും വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയിട്ടുണ്ട്.

നിലവില്‍ നാല്‍പതോളം രാജ്യങ്ങള്‍ ബ്രിട്ടന് യാത്രാ വിലക്കേര്‍പ്പെടുത്തി കഴിഞ്ഞു. വൈറസ് വ്യാപനം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് പൊതു നയം രൂപീകരിക്കുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ പ്രത്യേക യോഗം ചേര്‍ന്നു.

പെട്ടെന്ന് പടരുന്ന കൊറോണ വൈറസിന്റെ പുതിയ സ്‌ട്രെയിന്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ബ്രിട്ടണില്‍ കൊവിഡ് കേസുകള്‍ ഇരട്ടിയായി വര്‍ദ്ധിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Biden receives first dose of covid vaccine

We use cookies to give you the best possible experience. Learn more