| Friday, 30th July 2021, 10:24 am

ഒന്ന് വാക്‌സിനെടുക്കാമോ, കാശ് അങ്ങോട്ട് തരാം; അമേരിക്കക്കാരോട് ബൈഡന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വാക്‌സിനേഷന്‍ ദ്രുതഗതിയിലാക്കാനുള്ള നടപടികള്‍ സ്വീകരിച്ച് അമേരിക്ക. വാക്‌സിനേഷന്‍ നടത്തുന്നവര്‍ക്ക് പണം പാരിതോഷികമായി നല്‍കുന്നതടക്കമുള്ള നടപടികള്‍ക്കാണ് പ്രസിഡന്റ് ജോ ബൈഡന്‍ തുടക്കം കുറിച്ചിരിക്കുന്നത്.

നിയമങ്ങള്‍ കര്‍ശനമാക്കുക, വാക്‌സിനേഷന്‍ നടത്താന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ സ്വീകരിക്കുക എന്നീ നയങ്ങളാണ് ബൈഡന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കാനുള്ള നടപടികളും നടക്കുന്നുണ്ട്. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് പതിവായി കൊവിഡ് പരിശോധന, മാസ്‌ക് നിര്‍ബന്ധമാക്കല്‍, യാത്രവിലക്ക് തുടങ്ങിയവ ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.

മറ്റു വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വാക്‌സിനേഷന്റെ കാര്യത്തില്‍ ഏറെ പുറകിലാണ് അമേരിക്കയുടെ സ്ഥാനം. സൗജന്യമായി വാക്‌സിന്‍ വിതരണം ചെയ്തിട്ടും ജനങ്ങള്‍ കുത്തിവെയ്പ്പിന് തയ്യാറാകുന്നില്ല. അമേരിക്കയില്‍ വാക്‌സിന്‍ വിരുദ്ധ മനോഭാവം ശക്തമാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വാക്‌സിനെ കുറിച്ചുള്ള വ്യാജവാര്‍ത്തകളും രാഷ്ട്രീയ ചേരിതിരിവുകളും വാക്‌സിനേഷനെ ബാധിക്കുന്നുണ്ട്. ഇപ്പോള്‍ ഡെല്‍റ്റ വകഭേദം രാജ്യത്ത് തീവ്രമായി വ്യാപിക്കാന്‍ തുടങ്ങിയതിന് പിന്നാലെയാണ് നടപടികള്‍ കര്‍ശനമാക്കിയിരിക്കുന്നത്.

വാക്സിനേഷന്‍ കഴിഞ്ഞവരും മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശവുമായി യു.എസ്. ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കൊവിഡ് വ്യാപനം കൂടുതലുള്ള പ്രദേശങ്ങളിലുള്ളവരോടാണ് മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

ആരോഗ്യ വകുപ്പ് ചൊവ്വാഴ്ചയാണ് ഇതു സംബന്ധിച്ച പ്രസ്താവനയിറക്കിയത്. കെട്ടിടങ്ങള്‍ക്കുള്ളിലാണെങ്കിലും കൊവിഡ് കേസുകള്‍ കൂടുതലുള്ള പ്രദേശങ്ങളിലുള്ളവര്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു.

വാക്സിനേഷന്‍ സ്വീകരിച്ചാലും ഇല്ലെങ്കിലും സ്‌കൂളുകളില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും മറ്റു സ്റ്റാഫുകളും സന്ദര്‍ശകരുമെല്ലാം മാസ്‌ക് ധരിച്ചിരിക്കണമെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.

വാക്സിനേഷന്‍ കഴിഞ്ഞവരിലും ഡെല്‍റ്റ പടര്‍ന്നുപിടിക്കുന്നതായി യു.എസ്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവെന്‍ഷന്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് നിയന്ത്രണ നടപടികള്‍ കര്‍ശനമാക്കിയത്.

കൂടുതല്‍ മികച്ച രീതിയില്‍ വാക്സിനേഷന്‍ നടപ്പിലാക്കേണ്ടതുണ്ടെന്നാണ് നിലവിലെ സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നതെന്നാണ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Biden pushes cash award reward to get vaccinated, new rules for federal workers

We use cookies to give you the best possible experience. Learn more