| Sunday, 8th November 2020, 9:14 am

'ട്രംപിന്റെ തെറ്റുകള്‍' തിരുത്തി ബൈഡന്‍ തുടക്കം കുറിക്കും; മുസ്‌ലിം രാജ്യങ്ങള്‍ക്കുള്ള വിലക്ക് നീക്കം ചെയ്യുമെന്നും റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡെമോക്രാറ്റ് നേതാവ് ജോ ബൈഡന്‍ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ അമേരിക്കയില്‍ സമ്പൂര്‍ണ മാറ്റത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഡൊണാള്‍ഡ് ട്രംപ് മുന്‍ഗണന നല്‍കിയ വിഷയങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരിക്കും ബൈഡന്റേത്.

പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍ അമേരിക്ക വീണ്ടും ചേരുമെന്നും ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിന്മാറാലുള്ള ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം റദ്ദ് ചെയ്യുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

പല മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലുള്ളവരെയും അമേരിക്കയിലേക്ക് കുടിയേറ്റം ചെയ്യുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയ ട്രംപിന്റെ നടപടിയും ബൈഡന്‍ ഉടന്‍ റദ്ദ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ഐക്യം കാത്തു സൂക്ഷിക്കുന്ന പ്രസിഡന്റായിരിക്കും എക്കാലത്തും താനെന്ന് ബൈഡന്‍ വില്‍മിങ്ടണില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പറഞ്ഞിരുന്നു.

‘ഒരിക്കലും വിഭജക്കുന്ന പ്രസിഡന്റായല്ല, എല്ലാവരുടെയും ഐക്യം കാത്ത് സൂക്ഷിക്കുന്ന നേതാവായിട്ടായിരിക്കും ഞാന്‍ സത്യപ്രതിജ്ഞ ചെയ്യുക,’ എന്നാണ് ബൈഡന്‍ പറഞ്ഞത്.

തനിക്ക് ചുവപ്പെന്നോ നീലയെന്നോ വ്യത്യാസമില്ലെന്നും അമേരിക്കന്‍ ജനതയുടെ വിശ്വാസം നേടിയെടുക്കുന്ന പ്രവര്‍ത്തനം നടത്തുമെന്നും അമേരിക്കയുടെ ലോക നേതൃപദവി തിരിച്ച് പടിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും, ആഫ്രിക്കന്‍ അമേരിക്കന്‍ സമൂഹത്തിന്റെയും പിന്തുണ ലഭിച്ചുവെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഇനി പരസ്പരം സ്നേഹത്തോടെയും സമാധാനത്തോടെയും മുന്നോട്ട് പോകണം. ആക്രോശങ്ങള്‍ മാറ്റിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ 290 ഇലക്ട്രല്‍ വോട്ടുകളാണ് നിലവില്‍ ജോ ബൈഡന് ലഭിച്ചിരിക്കുന്നത്. 270 വോട്ടുകളാണ് കേവല ഭൂരിപക്ഷത്തിനാവശ്യം.

പെന്‍സില്‍വാനിയയില്‍ 49.7 ശതമാനം വോട്ട് നേടിയാണ് ബൈഡന്‍ ജയിച്ചത്. ട്രംപിന് ഇവിടെ 49.2 ശതമാനം വോട്ടുകളാണ് ലഭിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Biden Plans Immediate Executive Orders To Reverse Trump Policies

We use cookies to give you the best possible experience. Learn more