| Tuesday, 26th January 2021, 10:48 am

പറഞ്ഞ വാക്ക് പാലിച്ച് ബൈഡന്‍; ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ട്രംപ് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: അമേരിക്കന്‍ ആര്‍മിയില്‍ നിന്നും ട്രാന്‍സ്‌ജെന്‍ഡറുകളെ വിലക്കിയ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി പിന്‍വലിച്ച് പ്രസിഡന്റ് ജോ ബൈഡന്‍. തെരഞ്ഞെടുപ്പ് പ്രചരണറാലികളില്‍ ബൈഡന്‍ പ്രഖ്യാപിച്ച പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്. രാജ്യത്തെ ലൈംഗിക ന്യൂനപക്ഷ സമൂഹങ്ങള്‍ ബൈഡന്റ് നടപടിയെ അഭിനന്ദിച്ച് രംഗത്തെത്തി.

തിങ്കളാഴ്ചയാണ് വിലക്ക് പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവില്‍ ബൈഡന്‍ ഒപ്പ് വെച്ചത്. വൈസ് പ്രസിഡന്റ് കമല ഹാരിസ്, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍, ചെയര്‍മാന്‍ ഓഫ് ദ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ജനറല്‍ മാര്‍ക്ക് മില്ലേയ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ബൈഡന്‍ ഉത്തരവില്‍ ഒപ്പ് വെച്ചത്.

‘ഇത്രയേ ഉള്ളൂ കാര്യം: സേവനമനുഷ്ടിക്കാന്‍ സാധിക്കുന്നവര്‍ക്കെല്ലാം അഭിമാനത്തോടെ മറച്ചുവെക്കലുകളില്ലാതെ അത് ചെയ്യാന്‍ സാധിക്കുമ്പോഴാണ് അമേരിക്ക കൂടുതല്‍ സുരക്ഷിതസ്ഥാനമാവുന്നത്,’ ബൈഡന്‍ ട്വീറ്റ് ചെയ്തു.

2016ല്‍ മുന്‍ പ്രസിഡന്റ് ബറാക് ഒബാമ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സേനയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയക്ക് ആവശ്യമായ വൈദ്യസഹായം ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ കൂടി ഉള്‍പ്പെടുന്നതായിരുന്നു ഈ നടപടി. എന്നാല്‍ ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ ഈ ഉത്തരവ് പിന്‍വലിക്കുകയും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ റിക്രൂട്ട്‌മെന്റ് തടയുകയും ചെയ്തു. നിലവില്‍ സൈന്യത്തിലുള്ളവരെ മാത്രമേ തുടരാന്‍ അനുവദിച്ചുള്ളു.

മിലിട്ടറിയുടെ ശ്രദ്ധ അതിശയിപ്പിക്കുന്ന വിജയങ്ങള്‍ നേടുന്നതിലായിരിക്കണം, അല്ലാതെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ സേനയിലെടുക്കുന്നത് വഴിയുണ്ടാകുന്ന ഭാരിച്ച മെഡിക്കല്‍ ചെലവുകളും മറ്റു ബുദ്ധിമുട്ടുകളും പരിഹരിക്കുന്നതിലാവരുതെന്നുമായിരുന്നു ട്രംപ് അന്ന് പറഞ്ഞിരുന്നത്. ട്രംപിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.

ഈ വിലക്ക് നീക്കിയെങ്കിലും ട്രാന്‍സ് വിരുദ്ധമെന്ന നിലയില്‍ കുപ്രസിദ്ധമായ ട്രംപിന്റെ 2019ലെ ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി ഇപ്പോഴും നിലവിലുണ്ട്. ഈ പോളിസിക്കെതിരെ വന്ന നിരവധി ഹരജികളില്‍ യു.എസിലെ വിവിധ കോടതികളിലായി വാദം നടന്നുവരികയാണ്. ബൈഡന്‍ വൈകാതെ തന്നെ ഈ പോളിസി പിന്‍വലിക്കുകയോ തിരുത്തുകയോ പുതിയ പോളിസി അവതരിപ്പിക്കുകയോ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബൈഡന്റെ നടപടിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേര്‍ രംഗത്തെത്തിയെങ്കിലും ഈ വിഷയത്തില്‍ കൂടുതല്‍ ശക്തമായ നടപടികള്‍ ആവശ്യമാണെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നത്.

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ സേനയില്‍ അനുവദിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് പ്രസിഡന്റിന്റെ അധികാരത്തിന് മാത്രമായി വിടുന്നത് ശരിയായ നടപടിയല്ലെന്ന് ഇവര്‍ പറയുന്നു. ട്രംപ് ഏര്‍പ്പെടുത്തിയ തരത്തിലുള്ള വിലക്കുകള്‍ വരുംകാലങ്ങളില്‍ ആവര്‍ത്തിക്കാനുള്ള സാധ്യതയുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

ഈ വര്‍ഷത്തെ പ്രതിരോധ പോളിസി ബില്ലില്‍ ലിംഗപരമായ വിവേചനം ഒഴിവാക്കിക്കൊണ്ടുള്ള നിര്‍ദേശം ഉള്‍പ്പെടുത്തണം. സേവനം അനുഷ്ടിക്കാന്‍ യോഗ്യതയുള്ളവര്‍ക്കെല്ലാം അമേരിക്കന്‍ ആര്‍മിയില്‍ ചേരാന്‍ സാധിക്കണമെന്നും കോണ്‍ഗ്രസ് പ്രതിനിധി ജാക്കി സ്‌പെയര്‍ പറഞ്ഞു.

യു.എസ് മിലിട്ടറിയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ എണ്ണത്തെ കുറിച്ചുള്ള ഔദ്യോഗിക കണക്കുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. 2016ല്‍ നടത്തിയ റാന്‍ഡ് കോര്‍പറേഷന്‍ എന്ന യു.എസ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2,450 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ സൈന്യത്തിലുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Biden overturns Trump ban on transgender people serving in US military

We use cookies to give you the best possible experience. Learn more