| Monday, 4th March 2024, 9:17 pm

ചൈനീസ് സ്മാർട്ട് കാറുകൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ബൈഡൻ; രാജ്യസുരക്ഷക്ക് ഭീഷണിയെന്ന് ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടൺ: ചൈനീസ് സ്മാർട്ട് കാറുകൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച ബൈഡൻ ഭരണകൂടം. അമേരിക്കൻ ഓട്ടോമൊബൈൽ വ്യവസായത്തെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് നീക്കമെന്നാണ് വാദം.

ചൈനീസ് കാറുകൾ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അവ ഡാറ്റകൾ ചൈനക്ക് കൈമാറുന്നുണ്ടെന്നും യു.എസ് ആരോപിക്കുന്നു.

ഇലക്ട്രിക് വാഹനങ്ങളിൽ നൂതനമായ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിൽ നിന്ന് അന്വേഷണം ചൈനയെ വിലക്കുമെന്നാണ് റിപ്പോർട്ടുകൾ. ചൈനീസ് ഇലക്ട്രിക് കാറുകളിലെ ഡ്രൈവർ അസിസ്റ്റൻസ് ടെക്നോളജി അമേരിക്കക്കാർക്കെതിരെ ചാരപ്രവർത്തനം നടത്താൻ ഉപയോഗിക്കും എന്നാണ് യു.എസ് ഉദ്യോഗസ്ഥരുടെ ആരോപണം.

‘അന്യായമായ മാർഗങ്ങൾ ഉപയോഗിച്ചും ഭാവിയിൽ ഓട്ടോമൊബൈൽ വിപണി ഭരിക്കുവാനാണ് ചൈന ലക്ഷ്യമിടുന്നത്. ചൈനയുടെ നയങ്ങൾ നമ്മുടെ വിപണിയിൽ അവരുടെ വാഹനങ്ങൾ പെരുകുന്നതിന് കാരണമാകും. ഇത് നമ്മുടെ ദേശ സുരക്ഷക്ക് ഭീഷണിയാണ്. എന്റെ കണ്മുന്നിൽ അത് സംഭവിക്കാൻ ഞാൻ അനുവദിക്കില്ല,’ ബൈഡൻ പറഞ്ഞു.

കാറുകൾ ചക്രങ്ങൾ ഘടിപ്പിച്ച സ്മാർട്ട്ഫോണുകൾക്ക് തുല്യമാണെന്ന് യു.എസ് കോമേഴ്‌സ് സെക്രട്ടറി ജിന റയ്മോൻഡോ ആരോപിച്ചു.

അതേസമയം ബൈഡന്റേത് ചില രാജ്യങ്ങൾക്ക് നേരെയുള്ള വിവേചനപരമായ നടപടികളാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് അറിയിച്ചു.

മുമ്പ് വാവെയ് ഉൾപ്പെടെയുള്ള ചൈനീസ് കമ്പനികളെ സുരക്ഷാ കാരണം ചൂണ്ടിക്കാട്ടി യു.എസും യൂറോപ്യൻ രാജ്യങ്ങളും നിരോധിച്ചിരുന്നു.

Content Highlight: Biden orders US investigation of national security risks posed by Chinese-made ‘smart cars’

Latest Stories

We use cookies to give you the best possible experience. Learn more