ഇസ്രഈൽ - ലെബനൻ യുദ്ധം നടന്നേക്കുമെന്ന് ഭയം; നയതന്ത്ര ബന്ധം ശക്തിപ്പെടുത്താൻ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി ബൈഡൻ
World News
ഇസ്രഈൽ - ലെബനൻ യുദ്ധം നടന്നേക്കുമെന്ന് ഭയം; നയതന്ത്ര ബന്ധം ശക്തിപ്പെടുത്താൻ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി ബൈഡൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd December 2023, 3:53 pm

വാഷിങ്ടൺ: ലെബനനും ഇസ്രഈലും തമ്മിൽ യുദ്ധം ഒഴിവാക്കാൻ യു.എസ് പ്രസിഡന്റ്‌ ജോ ബൈഡൻ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയതായി റിപ്പോർട്ട്.

ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മറ്റൊരു യുദ്ധം ആരംഭിക്കാൻ ഉദ്ദേശിക്കുന്നുവെന്ന് യു.എസിന് ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് നയതന്ത്ര ബന്ധം ശക്തിപ്പെടുത്താൻ അമോസ് ഹോക്സ്റ്റീന്റെ നേതൃത്വത്തിൽ നയതന്ത്ര ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയത്.

ഊർജത്തിലും നിക്ഷേപത്തിലും ബൈഡന്റെ ഉപദേഷ്ടാവാണ് ഹോക്സ്റ്റീൻ.

ഒക്ടോബർ ഏഴിന് ഇസ്രഈലിൽ ഹമാസ് നടത്തിയ ആക്രമണങ്ങളെ തുടർന്ന് ആയിരക്കണക്കിന് സൈനികരെ യു.എസ് പശ്ചിമേഷ്യയിൽ വിന്ന്യസിച്ചിരുന്നു. ഇസ്രഈലിനെതിരെ രണ്ടാമതൊരു യുദ്ധം ആരംഭിക്കുന്നതിൽ നിന്ന് ലെബനനിലെ ഹിസ്ബുള്ളയെയും ഇറാനെയും വിലക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്ന് മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥർ പറയുന്നു.

ലെബനനുമായും ഇസ്രഈലുമായും അടുത്ത ബന്ധമാണ് വൈറ്റ് ഹൗസ്, യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ്, പ്രതിരോധ വകുപ്പ് എന്നിവ പുലർത്തുന്നതെന്ന് യു.എസ് ദേശീയ സുരക്ഷാ കൗൺസിൽ അറിയിച്ചു.

ലെബനനെതിരെയുള്ള യുദ്ധത്തിന് അമേരിക്ക പിന്തുണ നൽകില്ലെന്നും ഇസ്രഈൽ ഒറ്റയ്ക്ക് ആയിരിക്കുമെന്നും ബൈഡൻ വ്യക്തമാക്കിയതാണെന്ന് യു.എസ് ഉദ്യോഗസ്ഥർ പറയുന്നു.

ഹമാസിന്റെ ആക്രമണത്തിനെ തുടർന്ന് ഹിസ്ബുള്ളക്കെതിരെ മുൻകരുതൽ ആക്രമണം നടത്തുന്നതിൽ നിന്ന് ഇസ്രഈലിനെ യു.എസ് വിലക്കിയിരുന്നു. അത് വലിയ രീതിയിലുള്ള യുദ്ധത്തിലേക്ക് നയിക്കുമെന്ന് യു.എസ് ഭയപ്പെടുന്നു.

ഒക്ടോബർ ഏഴിന് ശേഷം ഇസ്രഈലിന്റെ സൈനിക കേന്ദ്രങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും ഹിസ്ബുള്ള ആക്രമണം നടത്തിയിരുന്നു. വൈറ്റ് ഫോസ്ഫറസ് ബോംബുകളും മിസൈൽ അക്രമണങ്ങളും നടത്തി ഇസ്രഈൽ തിരിച്ചടിച്ചു.

നിരവധി ലെബനീസ് മാധ്യമപ്രവർത്തകരും സിവിലിയൻമാരും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഡിസംബർ തുടക്കത്തിൽ ലെബനീസ് സൈനിക താവളം ആക്രമിച്ച ഇസ്രഈൽ ഒരു സൈനികനെ കൊലപ്പെടുത്തുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

അപൂർവമായി ഇസ്രഈൽ ഇതിന് പരസ്യ ഖേദപ്രകടനം നടത്തിയെങ്കിലും സിവിലിയന്മാർക്കെതിരെയുള്ള ആക്രമണങ്ങൾ തുടരുകയാണ്.

ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിലെ ഇസ്രഈൽ സർക്കാരിന്റെ പരാജയത്തിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാൻ ഹിസ്ബുള്ളക്കെതിരെ യുദ്ധം ചെയ്യാൻ നെതന്യാഹു താത്പര്യപ്പെടുമെന്ന് യു.എസ് കരുതുന്നു.

CONTENT HIGHLIGHT: Biden orders task force as US fears grow over potential Lebanon-Israel war