| Saturday, 4th September 2021, 10:38 am

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണ രേഖകള്‍ പരസ്യമാക്കണം; ഉത്തരവിട്ട് ബൈഡന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: 2001 സെപ്റ്റംബര്‍ 11 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട രേഖകള്‍ പരസ്യമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.

സെപ്റ്റംബര്‍ 11ലെ ആക്രമണവുമായി ബന്ധപ്പെട്ട് എഫ്.ബി.ഐ നടത്തിയ അന്വേഷണത്തില്‍ ലഭിച്ച രഹസ്യ രേഖകള്‍ പരസ്യമാക്കാനാണ് നീതിന്യായ വകുപ്പിനോടും മറ്റ് ഏജന്‍സികളോടും ബൈഡന്‍ നിര്‍ദേശിച്ചത്. ആറുമാസത്തിനുള്ളില്‍ ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കണമെന്നും ബൈഡന്‍ പറഞ്ഞു.

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ 20ാം വാര്‍ഷികം അടുത്തിരിക്കെയാണ് ഇത്തരമൊരു നിര്‍ദേശം ബൈഡന്‍ നല്‍കിയത്. അന്നത്തെ ആക്രമണത്തെ അതിജീവിച്ചവരും ആക്രമണത്തിന് ഇരകളായ മൂവായിരത്തോളം പേരുടെ ബന്ധുക്കളും ഇക്കാര്യം ആവശ്യപ്പെട്ട് ബൈഡന് കത്തയച്ചിരുന്നു.

അല്‍ഖ്വയ്ദ തീവ്രവാദികളെ സൗദി സര്‍ക്കാരിലെ ഉദ്യോഗസ്ഥര്‍ സഹായിച്ചുവെന്ന് തെളിയിക്കുന്ന രേഖകള്‍ അമേരിക്ക മനപ്പൂര്‍വ്വം മറച്ചുവെക്കുകയാണെന്നായിരുന്നു ഇവര്‍ കത്തില്‍ ആരോപിച്ചിരുന്നത്.

സെപ്റ്റംബര്‍ 11 ലെ ആക്രമണത്തില്‍ സൗദിയുടെ പങ്കിനെക്കുറിച്ചുള്ള രഹസ്യ ഫയലുകള്‍ പരസ്യപ്പെടുത്താന്‍ ബൈഡന് മേല്‍ സമ്മര്‍ദ്ദം ഏറിയ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.

”ഞാന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചപ്പോള്‍, 2001 സെപ്റ്റംബര്‍ 11ന് അമേരിക്കയ്ക്കെതിരെ നടത്തിയ ഭീകരാക്രമണവുമായി ബന്ധപ്പെ വിവരങ്ങളുടെ സുതാര്യത ഉറപ്പുവരുത്തുമെന്ന് വാക്കു നല്‍കിയിരുന്നു. ആ വാക്ക് പാലിക്കാന്‍ ഇപ്പോള്‍ ഞാന്‍ പ്രതിജ്ഞാബദ്ധനാണ്,” എന്നാണ് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ബൈഡന്‍ പറഞ്ഞത്.

”ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ രേഖകള്‍ പരസ്യപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ നീതിന്യായ വകുപ്പിനെയും മറ്റ് ബന്ധപ്പെട്ട ഏജന്‍സികളെയും ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവില്‍ ഒപ്പിട്ടു കഴിഞ്ഞു. ഇതുപ്രകാരം അറ്റോര്‍ണി ജനറല്‍ അടുത്ത ആറ് മാസത്തിനുള്ളില്‍ ഈ രഹസ്യരേഖകള്‍ പരസ്യപ്പെടുത്തണം,” എന്നാണ് ബൈഡന്‍ പ്രസ്താവനയില്‍ പറഞ്ഞത്.

രേഖകള്‍ പുറത്തുവിടാത്ത പക്ഷം അടുത്ത ആഴ്ച നടക്കേണ്ട അനുസ്മരണ പരിപാടികള്‍ ഒഴിവാക്കണമെന്ന് സെപ്റ്റംബര്‍ 11 ആക്രമണത്തിന് ഇരയായ 1700 ഓളം പേര്‍ ബൈഡന് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

2004 ല്‍ അന്വേഷണകമ്മീഷന്റെ കൈവശം ലഭിച്ച റിപ്പോര്‍ട്ടില്‍ സെപ്റ്റംബര്‍ 11 ലെ ആക്രമണത്തെ പിന്തുണയ്ക്കുന്നതില്‍ സൗദി സര്‍ക്കാരിന് പങ്കുള്ളതിന്റെ തെളിവുകള്‍ ഉണ്ടെന്ന് സംശയിക്കുന്നതായും ഇവര്‍ കത്തില്‍ പറഞ്ഞു.

എന്നാല്‍ നീതിന്യായ വകുപ്പും എഫ്.ബി.ഐയും ഈ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാനും ആക്രമണത്തെക്കുറിച്ചുള്ള മുഴുവന്‍ സത്യവും അമേരിക്കന്‍ ജനതയില്‍ നിന്നും മറച്ചുവെക്കാന്‍ ശ്രമിച്ചെന്നും ഇവര്‍ കത്തില്‍ ആരോപിച്ചു.

സൗദി അറേബ്യ അല്‍ഖ്വയ്ദയ്ക്ക് നേരിട്ട് ധനസഹായം നല്‍കിയതിന്റെ തെളിവുകളൊന്നും കണ്ടെത്തിയില്ലെന്നും സൗദി ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നുമുള്ള റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പുറത്തുവന്നത്.

സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണം സംഘടിപ്പിച്ച 19 ല്‍ 15 പേരും സൗദി പൗരന്‍മാരായിരുന്നു. മൂവായിരത്തോളംപേരുടെ മരണത്തിനിടയാക്കിയ ആക്രമണം ലോകംകണ്ട ഏറ്റവുംവലിയ ഭീകരാക്രമണങ്ങളില്‍ ഒന്നായിരുന്നു. രണ്ട് പാസഞ്ചര്‍ എയര്‍ലൈനുകളായിരുന്നു വേള്‍ഡ് ട്രേഡ് സെന്ററില്‍ അന്ന് ഇടിച്ചു കയറ്റിയത്. മൂന്നാമത്തേത് പെന്റഗണില്‍ തകര്‍ന്നുവീണു. വാഷിംഗ്ടണ്‍ ഡി.സിയിലേക്ക് പറന്ന നാലാമത്തെ വിമാനം പെന്‍സില്‍വാനിയയിലെ ഒരു വയലില്‍ തകര്‍ന്നു വീഴുകയും ചെയ്തിരുന്നു. തുടക്കത്തില്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ബിന്‍ ലാദന്‍ പിന്നീടത് നിഷേധിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Biden orders declassification of 9/11 investigation documents

We use cookies to give you the best possible experience. Learn more