ടെൽ അവീവ്: ഗസയിലെ വെടിനിർത്തൽ കരാർ അഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേലിൽ പ്രക്ഷോഭം. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ട് വെച്ച വെടിനിർത്തൽ കാരാർ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആയിരക്കണക്കിന് ഇസ്രഈലി പൗരന്മാർ പ്രക്ഷോഭം നടത്തിയത്.
ബൈഡനാണ് ഞങ്ങളുടെ അവസാന പ്രതീക്ഷ എന്ന പ്ലക്ക് കാർഡുകളും ഇസ്രഈലി, യു.എസ് പതാകകളും ഉയത്തിപ്പിടിച്ചാണ് റാലി നടത്തിയത്. ‘ ബന്ദികളെ തിരിച്ച് വീട്ടിലേക്ക് കൊണ്ടുവരിക’ എന്ന മുദ്രാവാക്യങ്ങളും ഉയർന്നിരുന്നു.
ഹമാസ് ബന്ദികളാക്കിയ ഇസ്രഈൽ പൗരന്മാരെ മോചിപ്പിക്കുന്നതും സമ്പൂർണ വെടിനിർത്തൽ അംഗീകരിക്കുന്നതുമുൾപ്പെടുന്നതാണ് പുതിയ കരാർ. മൂന്ന് ഘട്ടങ്ങളായാണ് കരാർ നടപ്പിലാക്കേണ്ടതെന്നും യു.എസ് പ്രസിഡന്റ് ബൈഡൻ പറഞ്ഞിരുന്നു.
എന്നാൽ ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഈ കരാർ അംഗീകരിക്കുമോ എന്ന ആശങ്ക ഇസ്രഈലികൾക്കിടയിൽ വ്യാപകമായുണ്ട് .
‘ബന്ദികളാക്കപ്പെട്ട ഇസ്രഈലികളോട് നെതന്യാഹുവിനേക്കാൾ കരുതൽ ബൈഡനുണ്ട്,’ പ്രതിഷേധത്തിൽ പങ്കെടുത്ത വനിത പറഞ്ഞു.
ബൈഡൻ, നെതന്യാഹുവിൽ നിന്ന് അവരെ രക്ഷിക്കൂ എന്നെഴുതിയ ബാനറുകളും പ്ലക്ക്കാർഡുകളുമായി നിരവധിപേർ പ്രതിഷേധത്തിന് എത്തിയിരുന്നു.
ബൈഡൻ നെതന്യാഹുവിന്റെ മേൽ മതിയായ സമ്മർദം ചെലുത്തുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും അവർ പ്രതികരിച്ചു.
ഇന്നലെ രാത്രി പ്രസിഡന്റ് ബൈഡൻ മുന്നോട്ട് വെച്ച വെടിനിർത്തൽ കരാർ അംഗീകരിക്കാനും ബന്ദികളെ ഉടൻ വിട്ടയക്കാനും തങ്ങൾ ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുമെന്ന് കാണാതായ ബന്ദികളുടെ കുടുംബാംഗങ്ങളുടെ ഗ്രൂപ്പ് മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാ മന്ത്രിമാരോടും സഖ്യ കക്ഷികളോടും കരാറിനെ പിന്തുണക്കാൻ ആവശ്യപ്പെട്ടുകൊണ്ട് നെതന്യാഹുവിന്റെ മേൽ സമ്മർദം ചെലുത്താനാണ് സമരക്കാർ പദ്ധതിയിടുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ പറഞ്ഞു .
ഇസ്രഈൽ ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ട നെതന്യാഹുവിന്റെ മേൽ വലിയ സമർദ്ദം ഉയരുന്നുണ്ട്. കഴിഞ്ഞ മാസം ഗസയിൽ നിന്ന് ഏഴ് ഇസ്രഈൽ ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഇസ്രഈലിനെ കൂടുതൽ സമർദ്ദത്തിലാക്കിയിട്ടുണ്ട് .
അതെസമയം ഗസയിലെ ഭരണം പിടിച്ചെടുക്കുന്നത് വരെയും ഹമാസിനെ പൂർണമായി ഉന്മൂലനം ചെയ്യുന്നത് വരെയും യുദ്ധം തുടരുമെന്ന് നെതന്യാഹു പ്രതികരിച്ചിരുന്നു. ഇത് ജനങ്ങളിൽ ആശങ്ക ഉയർത്തുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ യു.എസ് മുന്നോട്ട് വെച്ച കരാർ സ്വാഗതാർഹമാണെന്ന് ഹമാസ് പറഞ്ഞു. കരാർ അംഗീകരിക്കാൻ ഹമാസ് തയാറാണെന്നും അവർ സൂചിപ്പിച്ചിട്ടുണ്ട്.
Content Highlight: Biden is our last hope by Israel civilians