| Sunday, 17th January 2021, 6:13 pm

ബുധനാഴ്ചയ്ക്ക് ശേഷം അമേരിക്കയിൽ വരുന്ന മാറ്റങ്ങൾ ഇതായിരിക്കും; ബൈഡന്റെ നീക്കങ്ങൾ പ്രവചിച്ച് യു.എസ് മാധ്യമങ്ങൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിം​ഗ്ടൺ: അമേരിക്കൻ പ്രസിഡന്റായി ജോ ബൈ‍ഡൻ ബുധനാഴ്ച അധികാരമേറ്റെടുക്കാനിരിക്കെ ലോകമിപ്പോൾ ഉറ്റുനോക്കുന്നത് ബൈഡന്റെ നയങ്ങളിലേക്കാണ്. ട്രംപ് കൊണ്ടുവന്ന ഭൂരിഭാ​ഗം നയങ്ങളെയും പരിഷ്കാരങ്ങളെയും ബൈഡൻ ആദ്യ ദിനങ്ങളിൽ തന്നെ തള്ളുമെന്നാണ് സൂചനകൾ. ട്രംപിനെ പൂർണമായും തള്ളുന്ന സമീപനമായിരിക്കും ബൈ‍ഡൻ സ്വീകരിക്കുക എന്നാണ് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

നേരത്തെ തന്നെ താൻ അധികാരത്തിൽ എത്തിയാൽ ആദ്യം അമേരിക്കയിലെ എല്ലാവരോടും നൂറ് ദിവസത്തേക്ക് മാസ്ക് നിർബന്ധമായും ധരിക്കണമെന്ന് ആവശ്യപ്പെടുമെന്ന് ജോ ബൈ‍‍ഡൻ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ബൈ‍ഡൻ പ്രധാനമായും സ്വീകരിക്കാൻ പോകുന്ന പോളിസികളെക്കുറിച്ചും നയങ്ങളെക്കുറിച്ചും റിപ്പോർട്ടുകൾ പുറത്തുവിടുകയാണ് അമേരിക്കൻ മാധ്യമങ്ങൾ. ഇതിൽ പ്രധാനപ്പെട്ടത് പാരീസ് ക്ലൈമറ്റ് പോളിസി, കുടിയേറ്റ തൊഴിലാളികൾ തുടങ്ങിയതുമായി ബന്ധപ്പെട്ടതാണ്. റിപ്പോർട്ടുകൾ പ്രകാരം ബൈ‍ഡൻ വരുത്താൻ പോകുന്ന പ്രധാന നയ വ്യത്യാസങ്ങൾ ഇവയാണ്.

1. അമേരിക്ക പാരീസ് ക്ലൈമറ്റ് എ​ഗ്രിമെന്റിലേക്ക് തിരികെയത്തുകയും കാർബൺ എമിഷൻ കുറയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്യും.
2. മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ യാത്രാ നിരോധനം പിൻവലിക്കും.
3. രാജ്യത്തിനകത്ത് മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കും

അതിർത്തിയിൽ മാതാപിതാക്കളിൽ നിന്നും വേർപെടുത്തിയ കുട്ടികളെ തിരികെ അവരുടെ രക്ഷിതാക്കളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും ബൈ‍ഡൻ നടത്തുമെന്നാണ് റിപ്പോർട്ട്. അമേരിക്കയിലേക്കുള്ള കുടിയേറ്റ നിബന്ധനകളിലും ബൈഡൻ മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.

ഇറാനും ബൈഡനും

ഇറാനുമായുള്ള ആണവകരാറിൽ അമേരിക്ക ഉടൻ മടങ്ങിയെത്തുമെന്നാണ് മറ്റൊരു സൂചന. ഒരു ഒപ്പിട്ടാൽ മതി അമേരിക്കയ്ക്ക് എപ്പോൾ വേണമെങ്കിലും ആണവകരാറിൽ മടങ്ങിയെത്താമെന്ന് ഇറാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരു അഭിമുഖത്തിൽ കരാറിലേക്ക് മടങ്ങേണ്ടി വരുമെന്ന് ബൈഡൻ സൂചനയും നൽകിയിരുന്നു.

അതേസമയം അമേരിക്കയിലെ കൊവിഡ് കേസുകൾ അനുദിനം വർദ്ധിക്കുന്നത് ബൈ‍ഡന് വലിയ വെല്ലുവിളിയായി മാറുമെന്നാണ് റിപ്പോർട്ടുകൾ. കനത്ത സുരക്ഷയിലാണ് ബൈ‍ഡന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. അമ്പത് സംസ്ഥാനങ്ങളിലും അക്രമത്തിനും കലാപത്തിനും സാധ്യതയുണ്ടെന്ന് എഫ്.ബി.ഐ
മുന്നറിയിപ്പുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Biden inauguration: Executive orders to reverse Trump policies

We use cookies to give you the best possible experience. Learn more