മുസ്‌ലിം പേര് കാരണം വായ്പ പോലും ലഭിക്കുന്നില്ല; ഇസ്‌ലാമോഫോബിയ തടയാന്‍ ദേശീയകര്‍മ പദ്ധതി പ്രഖ്യാപിച്ച് ബൈഡന്‍ ഭരണകൂടം
World News
മുസ്‌ലിം പേര് കാരണം വായ്പ പോലും ലഭിക്കുന്നില്ല; ഇസ്‌ലാമോഫോബിയ തടയാന്‍ ദേശീയകര്‍മ പദ്ധതി പ്രഖ്യാപിച്ച് ബൈഡന്‍ ഭരണകൂടം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th December 2024, 7:27 pm

വാഷിങ്ടണ്‍: അമേരിക്കയില്‍ അറബ്, മുസ്‌ലിം സമൂഹത്തിനെതിരെ വര്‍ധിച്ച് വരുന്ന അതിക്രമങ്ങള്‍ക്കെതിരായി ദേശീയ പദ്ധതി പ്രഖ്യാപിച്ച് ബൈഡന്‍ ഭരണകൂടം. രാജ്യത്തെ ഇസ്‌ലാമോഫോബിയ തടയുന്നതിനായി ഇതാദ്യമായാണ് ഇത്തരത്തിലൊരു പദ്ധതി ഭരണകൂടം അവതരിപ്പിക്കുന്നത്.

പുതിയ ദേശീയ പദ്ധതി പ്രകാരം നൂറ് പ്രോഗ്രാമുകള്‍ ഉള്‍പ്പെട്ട പ്ലാനാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മെയില്‍ യു.എസിലെ ജൂതസമൂഹത്തിനെതിരായ വിവേചനവും വിദ്വേഷവും വര്‍ധിച്ച് വരുന്നതിനെത്തുടര്‍ന്നും ജോ ബൈഡന്‍ സമാനമായ രീതിയില്‍ ദേശീയ പദ്ധതി മുന്നോട്ട് വെച്ചിരുന്നു.

ജോ ബൈഡന്‍ അധികാരമെഴിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെയാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ട്രംപ് അധികാരം ഏറ്റെടുക്കുന്ന ജനുവരി 20ന് മുമ്പാകെ പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്.

‘കഴിഞ്ഞ ഒരു വര്‍ഷമായി, അമേരിക്കന്‍ മുസലിം, അറബ് സമുദായങ്ങള്‍ക്കെതിരായ ഭീഷണികള്‍ വര്‍ദ്ധിച്ചതിനാല്‍ ഈ പദ്ധതി കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു,’ വൈറ്റ് ഹൗസിന്റെ പ്രസ്താവനയില്‍ പറയുന്നു.

2023 ഒക്ടോബറില്‍ ഇല്ലിനോയിസില്‍ കുത്തേറ്റ് മരിച്ച ആറ് വയസുകാരന്‍ വാദി അല്‍ഫയൂമിയുടെ കൊലപാതകവും ഇത്തരമൊരു തീരുമാനം എടുക്കാന്‍ കാരണമായിട്ടുണ്ട്. അമേരിക്കന്‍ മുസ്‌ലിമായ ഫലസ്തീന്‍ വംശജനായിരുന്നു ഈ ആറുവയസുകാരന്‍.

പുതിയ പദ്ധതിയില്‍ നാല് അടിസ്ഥാനകാര്യങ്ങള്‍ക്കാണ് മുന്‍ഗണനയുള്ളത്. മുസ്‌ലിങ്ങള്‍ക്കും അറബികള്‍ക്കും എതിരായ വിദ്വേഷത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം വര്‍ധിപ്പിക്കുക, അറബ്, മുസ്‌ലിം സമുദായങ്ങളുടെ പൈതൃകങ്ങള്‍ക്ക് കൂടുതല്‍ അംഗീകാരം നല്‍കുക, അവരുടെ സുരക്ഷ മെച്ചപ്പെടുത്തുക, മുസ്‌ലിം-അറബ് വിഭാഗങ്ങളുടെ മതപരമായ ആചാരങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് അവരോടുള്ള വിവേചനം തടയാന്‍ പ്രവര്‍ത്തിക്കുക, വിദ്വേഷത്തെ പ്രതിരോധിക്കാന്‍ കമ്മ്യൂണിറ്റികളെ പ്രോത്സാഹിപ്പിക്കുക എന്നിവയാണത്.

ഗസയിലെ ഇസ്രഈല്‍ അധിനിവേശത്തില്‍ ഇസ്രഈലിനുള്ള ബൈഡന്‍ ഭരണകൂടത്തിന്റെ സമ്പൂര്‍ണ പിന്തുണ ഇക്കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വലിയ തിരിച്ചടി സമ്മാനിച്ചിരുന്നു.

അറബ്- മുസ്‌ലിം ഭൂരിപക്ഷ സ്റ്റേറ്റായ മിഷിഗണില്‍ കമല ഹാരിസ് ദയനീയമായി പരാജയപ്പെട്ടു. കമലയുടെ പല ക്യാമ്പയിനുകളും പ്രചാരണ പരിപാടികളും ഫലസ്തീന്‍ അനുകൂല ഗ്രൂപ്പുകള്‍ തടസപ്പെടുത്തുകയും ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു.

നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ ആദ്യ ടേമില്‍ നിരവധി മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് യാത്രാ നിരോധനം നടപ്പിലാക്കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മിഷിഗണില്‍ വിജയിക്കുകയും ചെയ്തു. അതേസമയം ട്രംപിന്റെ കാമ്പിനറ്റില്‍ അറബ്-മുസ്‌ലിം വിഭാഗത്തില്‍ നിന്നുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്താത്തതില്‍ ഇസ്‌ലാം സമൂഹം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

Content Highlight: Biden Government to implement  national strategy plan to combat Islamophobia