ബൈഡന്റെ തീരുമാനത്തില്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്കിടയില്‍ ഭിന്നത; പെന്റഗണിന്റെ തലപ്പത്തേക്ക് ആദ്യ കറുത്ത വര്‍ഗക്കാരന്‍ എത്തുന്നത് വിവാദത്തില്‍
World News
ബൈഡന്റെ തീരുമാനത്തില്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്കിടയില്‍ ഭിന്നത; പെന്റഗണിന്റെ തലപ്പത്തേക്ക് ആദ്യ കറുത്ത വര്‍ഗക്കാരന്‍ എത്തുന്നത് വിവാദത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th December 2020, 12:05 pm

വാഷിങ്ടണ്‍: പെന്റഗണിന്റെ തലപ്പത്തേക്ക് ആദ്യ കറുത്ത വര്‍ഗക്കാരനായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡറായി വിരമിച്ച ആര്‍മി ജനറല്‍ ലോയ്ഡ് ഓസ്റ്റിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഡെമോക്രാറ്റിക്ക് പാര്‍ട്ടിയില്‍ ഭിന്നത.

നിയമപരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സെനറ്റിലെ ഒരു വിഭാഗം ഓസ്റ്റിനെ പ്രതിരോധ വകുപ്പ് സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നതില്‍ വിയോജിപ്പ് രേഖപ്പെടുത്തിയത്.

വിരമിച്ച് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമേ സൈനികരെ പെന്റഗണ്‍ ചീഫായി നിയമക്കാവൂ എന്നാണ് നിയമം. എന്നാല്‍ ഓസ്റ്റിന്‍ 2016ല്‍ മാത്രമാണ് വിരമിച്ചത്. ഈ പശ്ചാത്തലത്തിലാണ് ഓസ്റ്റിന്റെ നിയമനം വിവാദത്തിലായിരിക്കുന്നത്.


വിരമിച്ച് ഏഴ് വര്‍ഷം ആകാത്തതുകൊണ്ടു തന്നെ ഓസ്റ്റിന്റെ നിയമനത്തിന് സെനറ്റിന്റെ പ്രത്യേക അനുമതി ആവശ്യമാണ്. ഈ പശ്ചാത്തലത്തലത്തില്‍ പ്രത്യേക പരിഗണനയുമായി ബന്ധപ്പെട്ട് ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളില്‍ തന്നെ വിയോജിപ്പുകള്‍ രൂപപ്പെട്ട് വരുന്നത് ഒരുപക്ഷേ ഓസ്റ്റിന്റെ നിയമനത്തിന് തടസമാകും.

ഇതിനോടകം തന്നെ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയിലെ നിരവധി നേതാക്കള്‍ ബൈഡന്റെ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയിട്ടുണ്ട്. പെന്റഗണിന്റെ തലപ്പത്ത് സിവിലിയന്‍ നിയന്ത്രണം കൂടി വേണമെന്ന ജനാധിപത്യ ആശയങ്ങള്‍ക്ക് വിരുദ്ധമാകും ഇപ്പോള്‍ പ്രത്യേക ഇളവുകള്‍ നല്‍കി ഓസ്റ്റിനെ നിയമിക്കുന്നത് എന്നാണ് ഒരു വിഭാഗം ഉന്നയിക്കുന്ന വാദം.

പെന്റഗണിന്റെ ആദ്യ വനിതാ ചീഫായി മിഷേല്‍ ഫ്‌ലോര്‍നോയിയെ നിയമിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ലോയ്ഡ് ഓസ്റ്റിനെ പ്രതിരോധ വകുപ്പ് സെക്രട്ടറിയായി നിയമിക്കുമെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

2003ല്‍ ബാഗ്ദാദില്‍ അമേരിക്കന്‍ ട്രൂപ്പുകളെ നയിച്ചത് ജനറല്‍ ലോയ്ഡ് ഓസ്റ്റിനായിരുന്നു. ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്ക നടത്തിയ നിരവധി സൈനിക നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും ലോയ്ഡ് ഓസ്റ്റിനായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Biden faces Democratic pushback over waiver to allow retired general to lead Pentagon